ജന്മം നൽകിയ കുഞ്ഞിനെ തന്നിൽ നിന്നും അകറ്റാൻ മാതാപിതാക്കൾ നടത്തിയ ചതിക്കെതിരെ മാസങ്ങൾ നീണ്ട നിയമ നടപടികളിലൂടെയും സമരത്തിലൂടെയും കുഞ്ഞിനെ വീണ്ടെടുത്ത അനുപമയെ മലയാളികൾ മറക്കാൻ വഴിയില്ല. അന്യജാതികാരനായ അജിത്തുമായുള്ള പ്രണയബന്ധത്തിൽ നിന്നും ജനിച്ച കുഞ്ഞിനെ പിതാവ് വ്യാജ രേഖകൾ നിർമ്മിച്ച് ദത്ത് നൽകുകയായിരുന്നു. ഒടുവിൽ നിയമ പോരാട്ടങ്ങളിലൂടെ വീണ്ടെടുത്ത കുഞ്ഞിന് എയ്ഡൻ എന്ന് പേര് നൽകി.

മൂന്ന് വർഷങ്ങൾക്ക് മുൻപാണ് എയ്ഡനെ അനുപമക്ക് തിരിച്ച് കിട്ടിയത്. ഇതിനിടയിൽ മറ്റൊരു സന്തോഷ വാർത്തയുമായി ദമ്പതികൾ വീണ്ടും ചർച്ചയാവുകയാണ്. അനുപമയ്ക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ടാമത്തെ കുഞ്ഞു പിറന്നത്. പെൺകുഞ്ഞിന് എയ്റ എന്നാണ് പേര് നൽകിയിരിക്കുന്നത്. കുഞ്ഞനുജത്തിയോടൊപ്പം ആശുപത്രിയിൽ കൂട്ടിരിപ്പാണ് നാലുവയസുകാരൻ എയ്ഡൻ.

2O20 ഒക്ടോബർ 19നാണ് പേരൂർക്കടയിലെ സിപിഎം നേതാവിന്റെ മകളും എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന അനുപമയ്ക്ക് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്തിനും കുഞ്ഞു ജനിച്ചത്. എന്നാൽ ഇവർ അന്ന് വിവാഹിതരായിരുന്നില്ല. പ്രസവ ശേഷം വീട്ടിലേക്ക് വരുന്ന വഴിയിൽ അനുപമയുടെ മാതാപിതാക്കൾ കുഞ്ഞിനെ ബലമായി എടുത്തു കൊണ്ട് പോയി ശിശുക്ഷേമ സമിതിക്ക് കൈമാറുകയായിരുന്നു.

അജിത്തുമായി പ്രണയത്തിലായത് മുതൽ വീട്ടുകാർക്ക് ബന്ധത്തിൽ എതിർപ്പായിരുന്നു ഗർഭിണിയായപ്പോൾ മുതൽ കുട്ടിയെ നശിപ്പിക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നു. കുഞ്ഞിനെ താൻ അറിയാതെ മാതാപിതാക്കൾ ദത്ത് നൽകിയെന്ന അനുപമയുടെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. ശിശുക്ഷേമ സമിതിക്ക് കൈമാറിയ കുഞ്ഞിനെ വ്യാജ രേഖകൾ ഉണ്ടാക്കി മാതാപിതാക്കൾ ദത്ത് നൽകി.

ചേച്ചിയുടെ വിവാഹത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് അനുപമയുടെ ഒപ്പ് വാങ്ങിയെന്നും അനുപമ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ഇരുവരും വിവാഹം കഴിഞ്ഞ ശേഷം കുഞ്ഞിനെ അന്വേഷിച്ച് ശിശുക്ഷേമ സമിതിയിലെത്തിയപ്പോഴായിരുന്നു കുഞ്ഞിനെ ദത്ത് നൽകിയ വിവരം മനസ്സിലാക്കുന്നത്.ആന്ധ്രയിലെ ദമ്പതികൾക്കൊപ്പം ആയിരുന്നു കുഞ്ഞ്. പിന്നീട് കുഞ്ഞിനെ തിരികെ കിട്ടാൻ ആഴ്ചകൾ നീണ്ട സമരം വേണ്ടിവന്നു.