- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാവിക ആയുധ സംഭരണ കേന്ദ്രത്തിന് തൊട്ടടുത്തുള്ള ഏഴു നിലയ്ക്ക് പ്രതിരോധ വകുപ്പിന്റെ അനുമതിയുമില്ല; എടത്തല പഞ്ചായത്തിനും ഒന്നും അറിയില്ല; ആ കെട്ടിടം പൊളിക്കുമെന്ന് ഏതാണ്ട് ഉറപ്പായി; ലേലത്തിന് എടുത്ത പാട്ടഭൂമി പോക്കുവരവ് ചെയ്ത 'നിലമ്പൂരാന്' കൂടുതല്‍ വെട്ടിലേക്ക്; ആലുവയിലെ 'സ്റ്റോപ്പ് മെമ്മോ' അന്‍വറിന് പ്രതിസന്ധി
കൊച്ചി: തൃണമൂല്‍ കോണ്‍ഗ്രസ് കോ ഓര്‍ഡിനേറ്റര്‍ പി വി അന്‍വറിന് കുരുക്കു മുറുകി മറ്റൊരു വെളിപ്പെടുത്തല്‍ കൂടി. പി.വി. അന്‍വറിന്റെ ആലുവയിലെ 11 ഏക്കര്‍ പാട്ടഭൂമിയിലെ പ്രധാന കെട്ടിടത്തിന് നിര്‍മാണ അനുമതിയില്ലെന്ന് എറണാകുളം എടത്തല പഞ്ചായത്ത് അറിയിച്ചു. നിയമവിരുദ്ധമായി പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയെന്ന ആരോപണത്തില്‍ അന്‍വറിനെതിരേ വിജിലന്‍സ് അന്വേഷണം തുടങ്ങിയിരുന്നു. പഞ്ചായത്തിന്റെ വെളിപ്പെടുത്തലോടെ അന്‍വറിന് കുരുക്ക് മുറുകും. കെട്ടിടം പൊളിക്കുന്ന കാര്യത്തില്‍ ഉടന്‍ ഹൈക്കോടതി തീരുമാനവും വരും. ഹൈക്കോടതിയിലെ വിധി ആ കേസില്‍ നിര്‍ണ്ണായകമാകും.
കഴിഞ്ഞ ദിവസമാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചത്. അന്വേഷണത്തിന്റെ ആദ്യ നടപടിയായി പാട്ടഭൂമിയിലെ കെട്ടിടത്തിന്റെ വിശദാംശങ്ങള്‍ തേടി എടത്തല പഞ്ചായത്തിന് കത്തയയ്ക്കുകയുണ്ടായി. കത്തിന് അന്ന് തന്നെ പഞ്ചായത്ത് മറുപടി നല്‍കിയിരുന്നു. പാട്ടഭൂമിയിലെ പ്രധാന കെട്ടിടത്തിന് നിര്‍മാണ അനുമതിയില്ലെന്നാണ് മറുപടിയിലുള്ളത്. പിവീസ് റിയല്‍റ്റേഴ്സ് ഇന്ത്യാ ലിമിറ്റഡിന്റെ കൈവശമാണ് ഭൂമിയെന്നും പ്രധാന കെട്ടിടത്തിന് നിര്‍മാണ അനുമതിയില്ലെന്നുമാണ് കത്തില്‍ പറയുന്നത്. കെട്ടിടം പണിയാന്‍ തൊട്ടടുത്തുളള നാവിക ആയുധ സംഭരണ കേന്ദ്രത്തിന്റെ സമ്മതപത്രം ഉണ്ടായിരുന്നില്ല. ഉയരത്തിലുള്ള കെട്ടിട നിര്‍മാണത്തിന് സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതായത് വലിയ സുരക്ഷാ വീഴ്ചയും ഈ കെട്ടിടത്തിനുണ്ട്. സ്്റ്റോപ് മെമ്മോ നല്‍കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. 2016 മാര്‍ച്ച് 19ന് സ്റ്റോപ് മെമ്മോ നല്‍കിയെന്നും വിജിലന്‍സിന് പഞ്ചായത്ത് നല്‍കിയ മറുപടിയിലുണ്ട്.
നിര്‍മാണത്തിനുള്ള ബില്‍ഡിംഗ് പെര്‍മിറ്റ് അപേക്ഷയും അനുബന്ധ രേഖകളും പഞ്ചായത്തില്‍ ലഭ്യമല്ല. ഭൂമിയിലെ ഏഴ് അനുബന്ധ നിര്‍മാണങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. റിസോര്‍ട്ട്, സിനിമാ തിയേറ്റര്‍ തുടങ്ങിയവയ്ക്കാണ് അനുമതി നല്‍കിയെന്നും വിജിലന്‍സിനുളള മറുപടിയില്‍ പറയുന്നു. എന്നാല്‍ പാട്ടഭൂമിയിലെ കെട്ടിടം താന്‍ നിര്‍മിച്ചതല്ലെന്നും ഭൂമി വാങ്ങുമ്പോള്‍ തന്നെ കെട്ടിടം അവിടെയുണ്ടായിരുന്നുവെന്നും അന്‍വര്‍ പറയുന്നു. ഒരു ക്രമക്കേടും കാണിച്ചിട്ടില്ലെന്നുമാണ് അന്‍വറിന്റെ വിശദീകരണം. ആലുവയില്‍ 11.46 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതില്‍ പി.വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് കഴിഞ്ഞ ദിവസമാണ്. തനിക്കെതിരെ പിണറായി വിജയന്‍ പകപോക്കുന്നു എന്നൊക്കെ പറഞ്ഞാണ് ഈ വിഷയത്തില്‍ അന്‍വര്‍ പ്രതിരോധം തീര്‍ക്കുന്നത്. കൊല്ലത്തെ വ്യവസായി മുരുഗേഷ് നരേന്ദ്രന്റെ പരാതിയാണ് അന്‍വറിന് കരുക്കാകുന്നത്.
ആലുവയില്‍ 11.46 ഏക്കര്‍ ഭൂമിയുടെ ഇടപാടില്‍ ഇത്രയും കാലം വിജിലന്‍സ് അന്വേഷണം നടക്കാതിരുന്നത് അദ്ദേഹം ഭരണകക്ഷിയുടെ ഭാഗമായിരുന്നതു കൊണ്ടാണ്. ഇപ്പോഴത്തെ നിലയില്‍ അന്‍വറിനെതിരായ പരാതികളിലും ആക്ഷേപങ്ങളിലും നിയമം നിയമത്തിന്റെ വഴിക്കുപോട്ടെ എന്നതാണ് പിണറായി വിജയന്റെ നിലപാട്. ഇതോടെ ആലുവയിലെ 200 കോടി വില വരുന്ന സ്ഥലം അന്‍വര്‍ തട്ടിയെടുത്തതിന്റെ യാഥാര്‍ഥ്യങ്ങളിലേക്കും വരും ദിവസങ്ങളില്‍ അന്വേഷണമെത്തും. അന്‍വറിന്റെ തട്ടിപ്പിനു കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ നടപടി നേരിടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ആലുവയിലെ 11.46 ഏക്കര്‍ ഭൂമിയില്‍ ഏഴുനില കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട്. ഈ കെട്ടിടത്തിന് പിന്നില്‍ കൊച്ചിയിലെ വ്യവസായ ദമ്പതികളുടെ കണ്ണീരിന്റെ കഥയാണ് ഉള്ളത്. 70കളില്‍ എറണാകുളത്തെ അതിസമ്പന്നരായിരുന്ന ജോയി മാത്യു-ഗ്രേസി തോമസ് ദമ്പതികളുടെ സ്വപ്ന പദ്ധതിയായിരുന്നു ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ പണിയുക എന്നത്. ഈ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ സ്മാരകമാണ് ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്ന ഏഴുനില കെട്ടിടം. നക്ഷത്ര ഹോട്ടല്‍ നിര്‍മാണം നിയമക്കുരുക്കില്‍ കുടങ്ങിയതോടെ ഫണ്ട് വരവ് പ്രശ്നത്തിലായി ഈ ദമ്പതികള്‍ വലിയ പ്രതിസന്ധിയിലായി. വായ്പ്പ മുടങ്ങിയതോടെ സ്വപ്ന പദ്ധതിയെ ഇവര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു.
ആലുവയില്‍ നാവികസേന ആയുധ സംഭരണ ശാലക്ക് സമീപം 11.46 ഏക്കര്‍ ഭൂമി ഇന്റര്‍ നാഷണല്‍ ഹൗസിങ് കോംപ്ലക്‌സിന്റേതാണ്. ഇവര്‍ 99 വര്‍ഷത്തിന് ഭൂമി ജോയ്മത് ഹോട്ടല്‍ റിസോര്‍ട്‌സ് ലിമിറ്റഡിന് പാട്ടത്തിന് നല്‍കുകയായിരുന്നു. ഇവിടെ ഏഴു നിലകളുള്ള സപ്തനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടല്‍ റിസോര്‍ട്ട് കെട്ടിടങ്ങളാണ് പണിതത്. ജോയ്മത് റിസോര്‍ട്ട് ടൂറിസം ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ന്യൂഡല്‍ഹിയിലെ ഡി.ആര്‍.ടിയില്‍ (ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍)നിന്നും അന്‍വര്‍ സ്ഥലം ലേലത്തിന് എടുക്കുകയായിരുന്നു. ഇതിനായി ഒരു കടലാസ് കമ്പനിയെ രൂപം കൊടുത്തുകയാണ് അന്‍വര്‍ ചെയ്തത്. പി.വി അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്‌സ് ഇന്ത്യയാണ് ഭൂമിയുടെ 99 വര്‍ഷത്തെ പാട്ടാവകാശം ലേലത്തില്‍ സ്വന്തമാക്കിയത്. എന്നാല്‍, പാട്ടാവകാശം മാത്രമുള്ള ഭൂമി സ്വന്തം ഭൂമിയാണെന്ന് പറഞ്ഞ് പി.വി അന്‍വര്‍ ആലുവ ഈസ്റ്റ് വില്ലേജില്‍ ഈ ഭൂമി നിയമവിരുദ്ധമായി നികുതിയടച്ച് സ്വന്തമാക്കുകയായിരുന്നു.
പോക്കുവരവ് ചെയ്യാന്‍ വിലക്കുള്ള ഭൂമിയില്‍ അന്‍വറിന് ഒത്താശ ചെയ്തത് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ്. പാട്ടഭൂമി ക്രയവിക്രയത്തിന് അവകാശമുള്ള സ്വന്തം ഭൂമിയാണെന്ന് വെളിപ്പെടുത്തി അന്‍വര്‍ ബാങ്കിനെയും കബളിപ്പിച്ചിട്ടുണ്ട്. എസ്.ബി.ഐ കോയമ്പത്തൂര്‍ ബ്രാഞ്ചില്‍ നിന്നും 14 കോടി രൂപ വായ്പയെടുത്ത് സാമ്പത്തിക ലാഭം നേടുകയും ചെയ്തിട്ടുണ്ട്. പാട്ട അവകാശമുള്ള ഭൂമിയാണ് ക്രയവിക്രയം നടത്തിയത്. ഇപ്പോള്‍ ഈ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ അന്‍വറിന്റെ തട്ടിപ്പിന് കൂട്ടുനിന്നവര്‍ പരക്കം പായുന്ന അവസ്ഥയാണ്. രജിസ്റ്റര്‍ ചെയ്ത ആധാരം സഹിതം വേണം പോക്കുവരവിന് അപേക്ഷ നല്‍കാനും പോക്കുവരവ് നടത്തി തണ്ടപ്പേര്‍ നമ്പറിട്ട് കരം സ്വീകരിക്കേണ്ടതും. എന്നാല്‍ പോക്കുവരവ് നടത്താനായി പി.വി അന്‍വറിന്റെയോ കമ്പനിയുടെയോ അപേക്ഷ പോലും വില്ലേജ് ഓഫീസില്‍ ഇല്ലെന്ന് മുരുഗേഷ് നരേന്ദ്രന് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചിരുന്നു.
വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ത്വരിതാന്വേഷണം നടത്തിയ ശേഷമാണ് പി.വി അന്‍വര്‍ എം.എല്‍.എയായ സമയത്ത് വിജിലന്‍സ് അന്വേഷണത്തിനായി വിജിലന്‍സ് ഡയറക്ടര്‍ കഴിഞ്ഞ നവംബര്‍ 19നാണ് സര്‍ക്കാരിന്റെ അനുമതി തേടിയത്. നിലവില്‍ 200 കോടി രൂപ മതിപ്പുവിലയുള്ളതാണ് എടത്തലയില്‍ അന്‍വര്‍ അനധികൃതമായി നികുതിയടച്ച് സ്വന്തമാക്കിയ ഭൂമിയും 7 നില കെട്ടിടവും.