തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് തുണയായത് രാഷ്ട്രീയബാഹ്യ ഇടപെടലെന്നും വിലയിരുത്തല്‍. ക്രമസമാധാന ചുമതലയില്‍ അജിത് കുമാറിനെ തുടരാന്‍ അനുവദിക്കുന്നതിന് പിന്നില്‍ ഈ കൈകളാണെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയാണ് അജിത് കുമാറിന് വേണ്ടി നിലകൊണ്ടത്. പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ ഒന്നു പോലും കഴമ്പില്ലെന്ന നിലപാട് അവര്‍ എടുത്തു. അടിയുറച്ച് കൂടെ നില്‍ക്കുന്ന അജിത് കുമാറിനെതിരെ ഗൂഡാലോചനയുണ്ടെന്നാണ് അവരുടെ വാദം. അന്‍വറിന്റെ വിശ്വാസ്യതയെ പോലും അവര്‍ ചോദ്യം ചെയ്തു. ഇതോടെ അജിത് കുമാര്‍ സുരക്ഷിതനായി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും രക്ഷപ്പെട്ടു. ശശിയുടെ കാര്യത്തില്‍ സിപിഎം സെക്രട്ടറിയേറ്റ് എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. ഇവിടേയും പിണറായി ഉറച്ച നിലപാടുകള്‍ വിശദീകരിക്കും.

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ഏവരേയും ഞെട്ടിച്ചു. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആരോപണങ്ങള്‍ അന്വേഷിക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ സംഘത്തില്‍ താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. കോട്ടയത്ത് സംഘടിപ്പിച്ച കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ശേഷം പതിനൊന്ന് മണിക്കൂറ് കഴിഞ്ഞാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്. ബാഹ്യ ഇടപെടലായിരുന്നു ഈ താമസത്തിന് കാരണം. മലയാള മനോരമയിലെ വാര്‍ത്തയാണ് ഈ രാഷ്ട്രീയ ബാഹ്യ ഇടപെടലിനെ ചര്‍ച്ചയാക്കുന്നത്.

പി.വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാമെന്നും വിശദമായ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു എം.ആര്‍ അജിത് കുമാര്‍ വ്യക്തമാക്കിയത്. എന്നാല്‍ തീരുമാനം വന്നപ്പോള്‍ അന്വേഷണ സംഘം മാത്രം. അതായത് അജിത് കുമാറും മാറാന്‍ തയ്യാറായിരുന്നു. എന്നാല്‍ എഡിജിപി എം.ആര്‍ അജിത് കുമാറിനെയും അവധിയിലുള്ള പത്തനംതിട്ട എസ്പി എസ്.സുജിത് ദാസിനെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞില്ല.

രണ്ടു പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്ന് കോട്ടയത്ത് പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ അജിത്കുമാറിനെ വേദിയിലിരുത്തിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തുടര്‍ന്ന് സസ്പെന്‍ഷനും സ്ഥാനചലനവും ഉള്‍പ്പെടയുള്ള നടപടി ഉണ്ടാകുമെന്ന നിലവന്നു. എന്നാല്‍ രാത്രിയോടെ മൂവരെയും പൂര്‍ണമായി സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടായത്. അജിത്തിനെ മാറ്റേണ്ട എന്ന് തീരുമാനിച്ചു. പത്തനംത്തിട്ട എസ്.പി സുജിത് ദാസിനെതിരെയുള്ള നടപടി സ്ഥലംമാറ്റത്തിലൊതുക്കി. പത്തനംതിട്ട എസ്പിയായിരുന്ന സുജിത്ത് ദാസിനെ സ്ഥലം മാറ്റിയെങ്കിലും പകരം നിയമനം നല്‍കിയിട്ടില്ല. സുജിത്ത് സംസ്ഥാന പൊലീസ് മേധാവി മുന്‍പാകെ ഹാജരാകണമെന്നും ഉത്തരവിലുണ്ട്.

അതിനിടെ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയടക്കം താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ പ്രതികരിച്ചു. ഉന്നയിച്ച ആരോപണങ്ങള്‍ പരാതിയായി മുഖ്യമന്ത്രിക്ക് എഴുതിനല്‍കി. പോരാട്ടത്തിന് ഇറങ്ങിയത് സഖാവെന്ന നിലയിലാണെന്നും തന്റെ പിന്നില്‍ സര്‍വ്വ ശക്തനായ ദൈവം മാത്രമാണെന്നും അന്‍വര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

'മുഖ്യമന്ത്രിയെ കണ്ട് വിശദമായി കാര്യങ്ങള്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ എല്ലാ കാര്യങ്ങള്‍ എത്തിച്ചു. സത്യസന്ധമായ അന്വേഷണം നടക്കും. പാര്‍ട്ടി സെക്രട്ടറിക്കും ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കും. ഒരു സഖാവെന്ന നിലയിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നു. അന്വേഷണ ഏജന്‍സികളുമായി സഹകരിക്കും. എല്ലാ കാര്യങ്ങളും ചൂണ്ടിക്കാണിക്കുകയും ചെയ്തു. അജിത് കുമാറിനെ മാറ്റുക എന്നത് എന്റെ ഉത്തരവാദിത്തം അല്ല. ആരെ മാറ്റണം എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ. പരാതി നോക്കിയേ ഉള്ളൂ. ആര് മാറണം എന്ന് എനിക്ക് പറയാന്‍ പറ്റില്ല'- അന്‍വര്‍ വ്യക്തമാക്കി.