മലപ്പുറം: അരീക്കോട്ടെ സ്പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പില്‍ പോലീസുകാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഈ കേസുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയുടെ വിശദാംശങ്ങളിലാണ് ഈ സൂചനകളുള്ളത്. അസി.കമാന്‍ഡന്റ് അജിത്തിന് മരിച്ച വിനീതിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥതല പീഡനമാണ് മരണത്തിലേക്ക് നയിച്ചത് എന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് സഹപ്രവര്‍ത്തകരായ കമാന്‍ഡോകളുടെ മൊഴിയിലുള്ളത് എന്നാണ് സൂചന.

വിനീതിന്റെ ആത്മഹത്യയില്‍, കൊണ്ടോട്ടി ഡിവൈ.എസ്.പി സേതുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് വിനീതിന്റെ സഹപ്രവര്‍ത്തകരായ എസ്.ഒ.ജി കമാന്‍ഡോകളുടെ മൊഴി രേഖപ്പെടുത്തി. മൂന്ന് വര്‍ഷം മുന്‍പ് വിനീതിന്റെ സുഹൃത്തായ കമാന്‍ഡോ സുനീഷ് ക്യാമ്പിലെ ട്രെയിനിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു. സുനീഷിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയത് വിനീത് ചോദ്യം ചെയ്തു. അന്നു മുതല്‍ കമാന്‍ഡന്റ് അജിത്തിന് വൈരാഗ്യം ഉണ്ടായി എന്നാണ് വിലയിരുത്തല്‍. മരണത്തിന് തൊട്ടു മുന്‍പ് വിനീത് സുഹൃത്തിനയച്ച വാട്‌സാപ്പ് സന്ദേശത്തിലും മേലുദ്യോഗസ്ഥനായ അജിത്തിനെതിരേ സൂചനയുണ്ടായിരുന്നു.

2021 സെപ്തംബര്‍ 16 നാണ് വിനീതിന്റെ സുഹൃത്ത് സുനീഷ് മരിക്കുന്നത്. എസ്ഒജി ക്യാമ്പിലെ ട്രെയിനിംഗിനിടെയാണ് വയനാട് സ്വദേശിയായ സുനീഷ് മരിച്ചത്. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. സഹപ്രവര്‍ത്തകര്‍ സുനീഷിനെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും എ സി അജിത്ത് സഹായിച്ചില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും സുനീഷ് മരിച്ചു. പിന്നാലെ സുനീഷിന്റെ മരണത്തില്‍ എ സി അജിത്തിനെതിരെ വിനീത് ശബ്ദമുയത്തി. ഈ സംഭവത്തെ തുടര്‍ന്നാണ് എ സി അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം തോന്നിയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഗര്‍ഭിണിയായ ഭാര്യക്കൊപ്പം ആശുപത്രിയില്‍ പോകുന്നതിനാണ് വിനീത് അവധിക്ക് അപേക്ഷിച്ചത്.

രണ്ട് തവണ നല്‍കിയ അവധി അപേക്ഷയും എസി അജിത്ത് നിരസിച്ചു. അവധിക്കായി വിനീത് എസ്പി ഫറാഷ് അലിയേയും സമീപിച്ചങ്കിലും ഇടപെട്ടില്ല. ക്യാമ്പ് വൃത്തിയാക്കിയാല്‍ അവധി പരിഗണിക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നും മൊഴിയില്‍ പറയുന്നു. വിനീതും സുഹൃത്തുക്കളും പണം പിരിവിട്ട് ക്യാമ്പിലെ കാട് മുഴുവന്‍ വെട്ടി. ശേഷവും അവധി ലഭിക്കാത്തതിനാല്‍ വിനീത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി. വിനീതിന്റെ ആത്മഹത്യക്ക് കാരണം ഉദ്യോഗസ്ഥ പീഡനം തന്നെയെന്നും സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കി. ഇതോടെ മേലുദ്യോഗസ്ഥരുടെ പീഡനവും ലീവ് നിഷേധവുമാണ് വിനീതിന്റെ ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാകുകയാണ്.

വിനീത് ജീവനൊടുക്കിയത് ശാരീരികക്ഷമതാപരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയാലാണെന്ന് കരുതുന്നു എന്ന തരത്തില്‍ എസ് പി പ്രതികരിച്ചിരുന്നു. കടുത്ത ശാരീരികക്ഷമത ആവശ്യമുള്ള സേനാവിഭാഗത്തിലാണ് വിനീത് ജോലിചെയ്യുന്നത്. 2011-ല്‍ ജോലിയില്‍ ചേര്‍ന്ന വിനീത് ഒട്ടേറേ മുന്നേറ്റങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇവര്‍ക്ക് ഇടക്കിടെ റിഫ്രഷര്‍ കോഴ്‌സുകള്‍ ഉണ്ടാവും. അതിലെ ശാരീരികക്ഷമതാ പരീക്ഷയില്‍ അഞ്ചുകിലോമീറ്റര്‍ 25 മിനിറ്റുകൊണ്ട് ഓടിയെത്തേണ്ടതുണ്ട്. അതില്‍ 30 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ വിനീത് പരാജയപ്പെട്ടു. ഇതിന്റെ മാനസിക വിഷമമാവാം ഇത്തരത്തിലൊരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് എസ്.പി. വ്യക്തമാക്കിയത്.

വിനീത് ഉള്‍പ്പെടെ പത്തോളംപേര്‍ ആ പരീക്ഷയില്‍ പരാജയപ്പെട്ടു. അവധി നിഷേധിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ല. കഴിഞ്ഞ ഒന്‍പതുമുതല്‍ 11 വരെ വിനീത് അവധിയിലായിരുന്നു. ഡിസംബറില്‍ മറ്റ് അവധികള്‍ വിനീത് ആവശ്യപ്പെട്ടതായി രേഖയില്ലെന്നുമായിരുന്നു എസ് പി പ്രതികരിച്ചത്. എന്നാല്‍ സഹ കമാണ്ടോകള്‍ പറയുന്നത് മറിച്ചാണ്. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് കമാന്‍ഡോ വിനീത് (36) ആണ് ഞായറാഴ്ച ആത്മഹത്യചെയ്തത്. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗര്‍ഭിണിയാണ്.

തലയ്ക്കു വെടിയേറ്റ നിലയില്‍ ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സഹപ്രവര്‍ത്തകര്‍ വിനീതിനെ അരീക്കോട് ആസ്റ്റര്‍ മദര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഉടനെ മരണം സ്ഥിരീകരിച്ചു. അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘര്‍ഷമാണ് മരണകാരണമെന്ന് സഹപ്രവര്‍ത്തകര്‍ അന്നുതന്നെ ആരോപണം ഉന്നയിച്ചിരുന്നു.

വിനീത്, അജിത്ത്‌