കണ്ണൂര്‍: പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്, സിപിഎം സഹചാരിയും നിരവധി കേസുകളില്‍ പ്രതിയുമായ അര്‍ജുന്‍ ആയങ്കിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം പാലക്കാട് ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍, എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് അര്‍ജുന്‍ ആയങ്കിയുടെ പ്രതികരണം. ഇത് വ്യക്തിപരമായ ആക്രമണമായി കാണേണ്ടതില്ലെന്നും, പാര്‍ട്ടി പ്രതിനിധിയെ ആക്രമിക്കുന്നത് പാര്‍ട്ടിക്ക് നേരെയുള്ള കയ്യേറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിക്ക് 'സ്ളീപ്പര്‍ സെല്ലുകള്‍' ഉണ്ടെന്നും, പാര്‍ട്ടിക്ക് നേരെ ആക്രമണം ഉണ്ടായാല്‍ അവ പ്രതിരോധിക്കാനും തിരിച്ചടിക്കാനും ആദ്യം ഓടിയെത്തുമെന്നും അര്‍ജുന്‍ ആയങ്കി ഫേസ്ബുക്കില്‍ കുറിച്ചു.

'പാലക്കാടുള്ള പ്രശാന്ത് ശിവനോടാണ്. തുടരും സിനിമ ഇറങ്ങിയപ്പോള്‍ മോഹന്‍ലാലിന്റെ സ്ലീപ്പര്‍ സെല്‍ ഫാന്‍സിനെപ്പറ്റി ഒരു സംസാരം ഉണ്ടായി. മോഹന്‍ലാലിന്റെ നല്ല സിനിമ ഇറങ്ങിയാല്‍ പ്രായഭേദമന്യേ ജനങ്ങള്‍ തിയറ്ററില്‍ ഇരച്ചുകയറും. അങ്ങനെയൊരു പ്രതിഭാസം മോഹന്‍ലാലിനുണ്ട്. അങ്ങനൊരു പ്രതിഭാസം സിപിഎമ്മിനുമുണ്ട്. ഭരണത്തില്‍ ആയതുകൊണ്ട് സൈലന്റ് ആയി നല്ലനടപ്പിന് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം സ്ലീപ്പര്‍ സെല്‍സ് പാര്‍ട്ടിക്കുണ്ട്. പാര്‍ട്ടി പരിപാടികളിലോ ജാഥകളിലോ അവരെ കണ്ടെന്ന് വരില്ല. പക്ഷേ പാര്‍ട്ടിക്ക് നേരെ ഒരാക്രമണം ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും അവര്‍ ആദ്യം ഓടിയെത്തും. ജീവനും ജീവിതവും മറന്ന് പോരാടും, യുദ്ധം ചെയ്യും. പാര്‍ട്ടി പ്രതിനിധിയെ ആക്രമിച്ചാലും അത് പാര്‍ട്ടിക്ക് നേരെയുള്ള കയ്യേറ്റമാണ്. അവിടെ വ്യക്തിയില്ല'' അര്‍ജുന്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.


ഇരുവര്‍ക്കുമിടയിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ആര്‍ഷോയും പ്രതികരിച്ചിരുന്നു. 'ചാണകത്തില്‍ ചവിട്ടാതിരിക്കുക എന്നത് പോലെ തന്നെ ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും ചില സന്ദര്‍ഭങ്ങളില്‍ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്,' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച വോട്ടുകവല പരിപാടിയില്‍ വെച്ചാണ് ഇരുവരും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായത്.