- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്കിലൂടെ അപമാനിച്ചു; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ പൊതിരെ തല്ലി സിപിഎം ലോക്കല്‍ സെക്രട്ടറി; മര്‍ദനമേറ്റത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ദാസിന്: രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള മര്‍ദനമെന്ന് അര്‍ജുന്‍ ദാസ്
പത്തനംതിട്ട: ഫേസ്ബുക്ക് പോസ്റ്റിട്ട് അപമാനിച്ചുവെന്ന് ആരോപിച്ച് മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം ലോക്കല്‍ സെക്രട്ടറി മര്‍ദിച്ചുവെന്ന് പരാതി. തുമ്പമണ്‍ ടൗണ്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി ബി. അര്‍ജുന്‍ ദാസിനെയാണ് മലയാലപ്പുഴ ലോക്കല്‍ സെക്രട്ടറി മിഥുന്‍ എന്ന അപ്പുണ്ണി മര്‍ദിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ മലയാലപ്പുഴ താഴം ആറാട്ടുകടവില്‍ വച്ചാണ് മിഥുന്‍ മര്‍ദിച്ചത്. അതേ സമയം, മിഥുനെതിരേ സിപിഎം സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കിയതിന് തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് അര്‍ജുന്‍ ദാസ് പറയുന്നത്.
വസ്ത്രം വലിച്ചു കീറുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. അര്‍ജുന്‍ദാസ് ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. മുന്‍പും ഇരുകൂട്ടരും തമ്മില്‍ സംഘട്ടനവും കേസും ഉണ്ടായിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് അര്‍ജുന്‍ദാസിന്റെ പുരയിടത്തില്‍ നിന്ന് അനധികൃതമായി പാറ കടത്തുന്നുത് സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയത് മിഥുന്‍ ആണെന്ന് ആരോപിച്ച് മലയാലപ്പുഴ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് അര്‍ജുന്‍ ദാസിനെ സിപിഎം ഭാരവാഹിത്വത്തില്‍ നിന്നൊഴിവാക്കിയിരുന്നു. ഇന്നലെ ഒരു സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് മര്‍ദനമേറ്റത്.
അതേ സമയം, ഫേസ്ബുക്കിലൂടെ മലയാലപ്പുഴയിലെ യുവാക്കളെ അപകീര്‍ത്തിപ്പെടുത്തിയതിനും വെല്ലുവിളിച്ചതിനുമാണ് അര്‍ജുന്‍ ദാസിനെ മര്‍ദിച്ചത് എന്ന് പറയുന്നു. ഷിജു ശിവന്‍ എന്ന യുവാവിനെ അര്‍ജുന്‍ ദാസ് മര്‍ദിച്ചുവത്രേ. ഇതിന്റെ തിരിച്ചടിയാണ് ഇന്നലെ ഉണ്ടായത് എന്ന് പറയപ്പെടുന്നു. അപ്പുണ്ണി തന്നെ മര്‍ദിക്കുമ്പോള്‍ ഷിജു ശിവന്‍ അത് കാമറയില്‍ പകര്‍ത്തിയെന്നും അര്‍ജുന്‍ദാസ് ആരോപിക്കുന്നു. പത്തനംതിട്ട സ്റ്റേഷനില്‍ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുള്ളയാളാണ് അര്‍ജുന്‍ ദാസ്.
വിരോധമുള്ളവര്‍ക്കെതിരേ സാമൂഹിക മാധ്യമം വഴി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നത് പതിവാണ്. മുന്‍പും പല തവണ ഇതിന്റെ പേരില്‍ മര്‍ദനമേറ്റിട്ടുണ്ട്. ഏറ്റവും ഒടുവിലായി രാജസ്ഥാന്‍ സ്വദേശിയെ കബളിപ്പിച്ചതിന് അര്‍ജുന്‍ ദാസിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.