- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാര്‍ത്താ സമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റി വ്യാജപ്രചരണം; സൈബര്‍ അതിക്രമത്തിനെതിരെ അര്‍ജുന്റെ കുടുംബം പരാതി നല്കി
കോഴിക്കോട്: കുടുംബത്തിനെതിരെ സൈബര്‍ അതിക്രമം നടക്കുന്നതായി ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം. ഇക്കാര്യം ചൂണ്ടിക്കാട്ടി അര്‍ജുന്റെ കുടുംബം പരാതി നല്കി. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നുവെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. കുറച്ചു ദിവസങ്ങളായി ആര്‍മ്മിയെ കുടുംബം അധിക്ഷേപിച്ചു എന്ന വിധത്തിലായിരുന്നു പ്രചരണം ശക്തമായി നടക്കുന്നത്. ഇതിനെതിരെയാണ് കുടുംബം രംഗത്തുവന്നത്.
വാര്‍ത്താ സമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം. ചില യുട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാര്‍ത്തകള്‍ നല്‍കിയെന്നും പരാതിയില്‍ പറയുന്നു. കോഴിക്കോട് സൈബര്‍ സെല്ലിലാണ് കുടുംബം പരാതി നല്‍കിയത്. സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ദിവസം കുടുംബം നടത്തിയ പരാമര്‍ശത്തെ ചൊല്ലിയാണ് സൈബര്‍ ആക്രമണം നടക്കുന്നത്. അര്‍ജുന്റെ അമ്മയുടെ അച്ഛന് പട്ടാളക്കാരനാണ്. അന്ന് തെരച്ചില്‍ സംബന്ധിച്ച് കുടുംബം ചില വിഷമങ്ങളും ആശങ്കകളും പറഞ്ഞിരുന്നു. അര്‍ജുന്റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നു എന്നാണ് കുടുംബത്തിന്റെ പരാതി.
അതേസമയം അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ പത്താം നാളില്‍ എത്തിയിരിക്കുകയാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനില്‍ അര്‍ജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ക്കാകും പ്രഥമ പരിഗണന. ഇതിനായി റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടത്തും.
ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവര്‍മാര്‍ കാബിനില്‍ എത്തിയാകും അര്‍ജുനുണ്ടോ എന്ന് സ്ഥിരീകരിക്കുക. തുടര്‍ന്ന് ലോറിയെ ലോക്ക് ചെയ്ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. തെരച്ചില്‍ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈകുന്നേരത്തിനുള്ളില്‍ ഓപ്പറേഷന് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രദേശത്തെ കനത്ത മഴയാണ് വെല്ലുവിളി. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയില്‍ നീരൊഴുക്ക് ശക്തമാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. ഉത്തര കന്നഡ ജില്ലയില്‍ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തേത് പോലെ ശക്തമായ മഴ ഇന്നും തുടര്‍ന്നാല്‍ തെരച്ചില്‍ ദൗത്യം ദുഷ്കരമാകും.