ന്യൂഡല്‍ഹി: പാക്ക്-അധിനിവേശ കശ്മീരിലെയും പാക്കിസ്ഥാനിലെയും തീവ്രവാദ ക്യാമ്പുകള്‍ ആക്രമിക്കുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നതോടെ വ്യക്തമായത് ഇന്ത്യ പരീക്ഷിച്ച യുദ്ധമുറയിലെ കൃത്യത. സൈന്യം ഒടുവില്‍ പുറത്തുവിട്ട വീഡിയോയില്‍ കാട്ടുന്നത് കോട്‌ലിയിലെ ഗുല്‍പ്പൂര്‍ ഭീകര ക്യാമ്പ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍. നിയന്ത്രണ രേഖയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഈ കേന്ദ്രം. ലഷ്‌കറി തോയിബയുടെ താവളവും നിയന്ത്രണ കേന്ദ്രവും ഇവിടെയാണ്. ജമ്മു-കശ്മീരില്‍ ഭീകരവാദം പുനരുജ്ജീവിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. പുലര്‍ച്ചെ 1.08 മണിയോടെയാണ് ഗുല്‍പ്പൂര്‍ ഭീകര ക്യാമ്പ് തകര്‍ത്തത്.


നേരത്തെ കോട്‌ലിയിലെ അബ്ബാസ് ഭീകര ക്യാമ്പ് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടിരുന്നു, നിയന്ത്രണരേഖയില്‍ നിന്ന് 13 കിലോമീറ്ററാണ് ഈ കേന്ദ്രത്തിലേക്കുള്ളത്. ലഷ്‌കറി തോയിബയുടെ ചാവേര്‍ പോരാളികളുടെ മുഖ്യപരിശീലന കേന്ദ്രമാണിത്. 50 ലേറെ ഭീകരരെയാണ് ഇവിടെ പാര്‍പ്പിച്ചിരുന്നത്. പുലര്‍ച്ചെ 1.04 ഓടെ ഈ ക്യാമ്പാണ് ആദ്യം ആക്രമിച്ചത്. അതായത് കോട്‌ലിയില്‍ തന്നെയുള്ള രണ്ടു വെവ്വേറെ ക്യാമ്പുകളില്‍ ആക്രമണം നടത്തിയത് നാലുമിനിറ്റ് വ്യത്യാസത്തിലാണ്.


ബുധനാഴ്ച പുലര്‍ച്ചെ ക്യത്യതയാര്‍ന്ന ആക്രമണത്തിലൂടെയാണ് പഹല്‍ഗാം കൂട്ടക്കുരുതിക്ക് ഇന്ത്യ മറുപടി നല്‍കിയത്. 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ലഷ്‌കറെ തൊയ്ബയുടെ പരിശീലന കേന്ദ്രമായ മുസാഫറാബാദിലെ സവായ് നാല ക്യാമ്പ്, മുസാഫറാബാദിലെ ജെയ്ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രമായ സയ്ദെന്‍ ബിലാല്‍ ക്യാമ്പ്, ലഷ്‌കറെ തൊയ്ബയുടെ ബേസ് ക്യാമ്പായ കോട്‌ലിയിലെ ഗുല്‍പൂര്‍ ക്യാമ്പ്, നിയന്ത്രണ രേഖയില്‍നിന്ന് ഒമ്പത് കി.മീ മാത്രം ദൂരത്തിലുള്ള തീവ്രവാദ ക്യാമ്പും പരിശീലന കേന്ദ്രവുമായ ബിംബെറിസെ ബര്‍ണാസ ക്യാമ്പ്, ലഷ്‌കറെ തൊയ്ബയുടെ പരിശീലന കേന്ദ്രമായ കോട്‌ലിയുടെ അബ്ബാസ് ക്യാമ്പ്, സിയാല്‍കോട്ടിലെ സര്‍ജല്‍ ക്യാമ്പ്, സിയാല്‍കോട്ടിലെ മെഹ്‌മൂന ജോയ, അജ്മല്‍ കസബ്, ഡേവിഡ് ഹെഡ്ലി എന്നിവരെല്ലാം പരിശീലനം നേടിയ മുറിഡ്‌കെയിലെ മര്‍ക്കസ് തോയ്ബ, ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ സുബഹാനള്ളാ ക്യാമ്പ് എന്നിവയാണ് ഇന്ത്യ ലക്ഷ്യമിട്ടത്.

അതേസമയം, പാകിസ്ഥാനെതിരേയുള്ള തിരിച്ചടി ഇനിയും അവസാനിച്ചിട്ടില്ലെന്ന സൂചനയുമായി മുന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവണെ രംഗ്‌ത്തെത്തി. ഇതിന് പിന്നാലെയാണ് ഒന്നും അവസാനിച്ചിട്ടില്ലെന്നും ചിത്രം ഇനിയും ബാക്കിയാണെന്നുമുള്ള അര്‍ത്ഥത്തിലാണ് അദ്ദേഹം എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ചത്.

അതിനിടെ, പാക്കിസ്ഥാന്‍ സംഘര്‍ഷം കൂട്ടുന്ന തരത്തില്‍ പ്രകോപനം സൃഷ്്ടിച്ചാല്‍ ഇന്ത്യ വീണ്ടും തിരിച്ചടിക്കാന്‍ സജ്ജമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യക്തമാക്കി. അമേരിക്ക, യുകെ, സൗദി അറേബ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളെയാണ് ഡോവല്‍ ഇതു ധരിപ്പിച്ചത്. പാകിസ്ഥാന്‍ ഇനി ആക്രമണത്തിന് മുതിര്‍ന്നാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കും. പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്നും വിദേശ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ അറിയിച്ചു.