- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഫോണിലേക്ക് ആദ്യ കോളെത്തിയത് പാതിരാത്രി; പിന്നാലെ അസഭ്യവർഷം; സൈബർ സെല്ലിൽ പരാതി നൽകിയിട്ടും ശല്യം അവസാനിച്ചില്ല; യുവതിയുടെ പരാതിയിൽ ഒന്നര മണിക്കൂറിനുള്ളിൽ പ്രതിയെ പൊക്കി മാന്നാർ പോലീസ്; പിടിയിലായ വള്ളികുന്നത്തുകാരൻ കടുത്ത മദ്യപാനി
മാന്നാർ: യുവതിയെ അർധരാത്രിയിൽ ഫോണിൽ വിളിച്ച് അസഭ്യവും അശ്ലീലവും പറഞ്ഞയാളെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി മാന്നാർ പോലീസ്. അശ്വതി കമൽ എന്ന യുവതിയുടെ പരാതിയിലാണ് വള്ളികുന്നം സ്വദേശിയായ ജയനെ പോലീസ് ഒന്നര മണിക്കൂറിനുള്ളിൽ വലയിലാക്കിയത്. പോലീസിന്റെ കൃത്യസമയത്തുള്ള ഇടപെടലിനെ പ്രശംസിച്ച് അശ്വതി പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.
കഴിഞ്ഞ ഡിസംബർ 11-ന് രാത്രി 11 മണിയോടെയാണ് അശ്വതിയുടെ ഫോണിലേക്ക് ജയന്റെ ആദ്യ വിളി എത്തുന്നത്. എട്ടു മിനിറ്റിന് ശേഷം വീണ്ടും വിളിച്ചപ്പോൾ ഫോൺ എടുത്ത അശ്വതിയോട് മറുഭാഗത്തുനിന്ന് അസഭ്യവർഷമായിരുന്നു. വെറും 32 സെക്കൻഡ് മാത്രം നീണ്ടുനിന്ന ആ കോളിലൂടെ അത്യന്തം മോശമായ രീതിയിലാണ് ജയൻ സംസാരിച്ചത്. ഇതോടെ അശ്വതി കാക്കനാട് സൈബർ സെല്ലിൽ പരാതി നൽകുകയും പോലീസ് പ്രതിയെ കണ്ടെത്തുകയും ചെയ്തു.
എങ്കിലും ശല്യം അവസാനിച്ചില്ല. ശനിയാഴ്ച രാത്രി വീണ്ടും ഇതേ നമ്പറിൽ നിന്ന് അശ്വതിക്ക് കോൾ വന്നു. ഇതോടെ ഞായറാഴ്ച മാന്നാർ പോലീസ് സ്റ്റേഷനിലെത്തി യുവതി നേരിട്ട് പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ച ഉടൻ തന്നെ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ എസ്.ഐ ശരത് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള സംഘം, ഒന്നര മണിക്കൂറിനുള്ളിൽ കരുനാഗപ്പള്ളി കുലശേഖരപുരത്ത് നിന്ന് പ്രതിയെ പൊക്കി.
കേസിലെ പ്രതിയായ ജയന്‍ കടുത്ത മദ്യപാനിയാണെന്ന് പൊലീസ് പറയുന്നു. മദ്യപിച്ച ശേഷമാണ് ഫോണിലൂടെയുള്ള അസഭ്യവർഷം. ഇതിനുവേണ്ടി പലയിടങ്ങളിൽ നിന്ന് പലരുടെ നമ്പർ ശേഖരിക്കും. പ്രതിക്കെതിരെ ഇതുവരെയും മറ്റു കേസുകൾ ഇല്ല. എന്നാൽ ഇയാൾ സമാനമായ കുറ്റകൃത്യം നാളുകളായി ചെയ്തു വരുന്നതാണ് പൊലീസിന്റെ നിഗമനം.
ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ സ്ത്രീകൾ ഒളിച്ചോടാതെ നിയമപരമായി നേരിടണമെന്നും സൈബർ പോലീസിന്റെ സഹായം തേടണമെന്നും അശ്വതി ഓർമ്മിപ്പിക്കുന്നു. പ്രതിയെ ഉടനടി പിടികൂടിയ മാന്നാർ പോലീസിന് നന്ദി പറഞ്ഞുകൊണ്ടാണ് അശ്വതി തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.




