- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിൻ കാത്ത് നിൽക്കെ കടന്നു പിടിച്ച് യുവാവ്; വീഡിയോ എടുക്കാൻ തുടങ്ങിയപ്പോൾ കൈ തട്ടിമാറ്റി ഓടി; മാലയുണ്ടാകും എന്ന് വിചാരിച്ചിട്ടാവാമെന്ന് കണ്ടു നിന്ന സ്ത്രീ; പ്രതിയെ പിടികൂടിയത് പെൺകുട്ടിയുടെ നിലവിളി കേട്ട് പിന്നാലെ കൂടിയവർ; മുഖം മറച്ച് വീഡിയോ പോസ്റ്റ് ചെയ്തത് പ്രതിയുടെ മകളെ ഓർത്ത്; സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റുകളും
കൊച്ചി: എറണാകുളം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ യാത്രക്കാരിയെ ലൈംഗികമായി അതിക്രമിച്ച യുവാവിനെ ധീരമായി നേരീട്ട് പെൺകുട്ടി. സംഭവത്തിൽ റെയിൽവേ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി എസ്. സജീവ് (30) ആണ്. പിടിയിലായത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച് ഇയാളെ പെൺകുട്ടിയുടെ സമയോചിതമായ ഇടപെടലിൽ മറ്റ് യാത്രക്കാരും പോലീസും ചേർന്ന് പിടികൂടുകയായിരുന്നു.
ട്രെയിൻ കാത്തുനിൽക്കുന്നതിനിടെയാണ് യുവാവ് യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ചത്. യുവതി ഉടൻ തന്നെ പ്രതികരിക്കുകയും സംഭവത്തിൻ്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ പ്രതി കൈ തട്ടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. യുവതി "സാര്‍" എന്ന് വിളിച്ച് ഒച്ചയെടുത്തതിനെ തുടർന്ന് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ചെറുപ്പക്കാരും നാട്ടുകാരും യുവാവിന് പിന്നാലെ ഓടുകയും ഒടുവിൽ എല്ലാവരും ചേർന്ന് കീഴ്പ്പെടുത്തുകയും ചെയ്തു. പിടിയിലായ യുവാവ് ആദ്യം "ഞാനല്ല, ഞാനൊന്നും ചെയ്തില്ല" എന്ന് പറഞ്ഞ് നിഷേധിച്ചെങ്കിലും ആൾക്കൂട്ടത്തെ കണ്ടപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.
തുടർന്ന് വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് ചിലർ നോക്കി നിൽക്കുക മാത്രമാണ് ചെയ്തതെന്ന് യുവതി പറയുന്നു. ഏറ്റവും അധികം വേദനിച്ചത്, അടുത്ത് വന്ന ഒരു സ്ത്രീയുടെ പ്രതികരണമാണ്. "മാലയൊക്കെ ഉണ്ടാകും" എന്ന് കരുതി തൻ്റെ കഴുത്തിൽ തൊട്ടുനോക്കി "മാലയൊന്നും പോയില്ലല്ലോ" എന്ന് പറഞ്ഞ ആ സ്ത്രീയോട്, മാല മോഷ്ടിച്ചതല്ല തന്നെ കയറിപ്പിടിച്ചതാണെന്ന് ദേഷ്യത്തോടെ മറുപടി പറയേണ്ടി വന്നു. ഒരു സ്ത്രീ ഇത്തരത്തിൽ പ്രതികരിച്ചത് തനിക്ക് വലിയ സങ്കടമുണ്ടാക്കിയെന്നും അതിക്രമത്തിന് ശേഷം താൻ പരിഭ്രാന്തയായി കരഞ്ഞുപോയെന്നും പെൺകുട്ടി വ്യക്തമാക്കി.
വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ പ്രതിയുടെ മുഖം മറച്ചതിൻ്റെ കാരണം യുവതി വിശദീകരിച്ചു. "അയാൾക്ക് ഒരു കുടുംബമുണ്ട്. അയാളുടെ ഭാര്യയും മക്കളും നിരപരാധികളാണ്." "ചെറിയൊരു കുട്ടി നാളെ സ്‌കൂളിലേക്ക് പോകുമ്പോൾ, 'നിൻ്റെ അച്ഛൻ അങ്ങനെ ചെയ്ത ഒരാളല്ലേ' എന്ന് ചോദിക്കുകയാണെങ്കിൽ, ആ കുട്ടിക്ക് ഉണ്ടാകുന്ന മാനസിക പ്രശ്‌നം എന്നെക്കാളും വലുതായിരിക്കും. കുറ്റം ചെയ്തയാൾ മാത്രം ശിക്ഷിക്കപ്പെട്ടാൽ മതി, കുടുംബം മൊത്തം സഫർ ചെയ്യേണ്ട ആവശ്യമില്ല,"
സംഭവത്തിന് ശേഷം പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി രജിസ്റ്റർ ചെയ്തു. പരാതി നൽകിയാൽ ജാമ്യമില്ലാത്ത കേസാകുമെന്നും കോടതിയിൽ പോകേണ്ടി വരുമെന്നും പോലീസ് അറിയിച്ചപ്പോൾ, "എനിക്ക് കുഴപ്പമില്ല, കോടതിയിൽ പോകാൻ ഞാൻ റെഡിയാണ്" എന്ന് യുവതി മറുപടി നൽകി. ചോദ്യം ചെയ്യലുകൾക്ക് ശേഷം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. നിയമനടപടികളുമായി മുന്നോട്ട് പോകാനുള്ള യുവതിയുടെ തീരുമാനത്തിന് കുടുംബത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിച്ചു.
"നാളെ വേറൊരു പെൺകുട്ടിക്ക് ഇത് കാരണം ഉപദ്രവിക്കാനുള്ള ഒരു ലൈസൻസ് അയാൾക്ക് ഉണ്ടാവരുത്, നിനക്ക് ശരിയെന്ന് തോന്നുന്നത് നീ ചെയ്യൂ," എന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ നിരവധിപേർ പിന്തുണച്ചെങ്കിലും, വിമർശനാത്മകമായ കമൻ്റുകളും ഉണ്ടായതായി യുവതി പറയുന്നു. "ഇതൊക്കെ എല്ലാവർക്കും നടക്കുന്നതാണ്", "സോഷ്യൽ മീഡിയയിൽ സജീവമായ നിങ്ങൾക്ക് മാത്രമാണ് ഇത് സംഭവിക്കുന്നത്" തുടങ്ങിയ പ്രതികരണങ്ങൾ തനിക്ക് മനസ്സിലാകുന്നില്ലെന്നും യുവതി കൂട്ടിച്ചേർത്തു




