കോട്ടയം: ലളിത വിവാഹത്തിലൂടെ മാതൃക കാട്ടി മലയാളി ഐആർഎസ് ഓഫീസറായ കോട്ടയം സ്വദേശിനി ആര്യ ആർ നായരും സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ശിവം ത്യാഗിയും. ജനവരി 27ന് ആർഭാടങ്ങൾ ഒഴിവാക്കി പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം. ദമ്പതികൾ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന സന്തോഷം പങ്കുവെയ്ക്കുന്നത് അർഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുത്തിട്ടായിരിക്കും. ഇക്കാര്യം ആര്യ ആർ നായർ ഫേസ്‌ബുക്കിൽ കുറിക്കുകയും ചെയ്തു.

സിവിൽ സർവ്വീസിൽ ആര്യ ആർ. നായർക്ക് രണ്ടാം ഊഴത്തിൽ മികച്ച നേട്ടമാണുണ്ടായത്. 113-ാം റാങ്ക് നേടിയാണ് മികച്ച നേട്ടം കൈവരിച്ചത്. 2019-ൽ 301-ാം റാങ്ക് നേടിയിരുന്നു. ഇന്ത്യൻ പോസ്റ്റൽ സർവീസിൽ സേവനം അനുഷ്ഠിക്കുന്നതിനിടയിലാണ് രണ്ടാമതും സിവിൽ സർവീസ് പരീക്ഷയ്ക്ക് ഉന്നത വിജയം നേടുന്നത്. മധ്യപ്രദേശിൽ ഇന്റലിജൻസ് ബ്യൂറോയിൽ സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് ആദ്യം സിവിൽ സർവീസ് പരീക്ഷ പാസായത്. വിദ്യാഭ്യാസം മുഴുവനും കോട്ടയത്താണ് നടത്തിയത്.

പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിൽ യു.പി. സ്‌കൂൾ വിദ്യാഭ്യാസവും കൂരോപ്പട സാന്താമരിയ സ്‌കൂളിൽ ഹൈസ്‌കൂൾ പഠനവും നടത്തി. കിടങ്ങൂർ എൻജിനീയറിങ് കോളേജിൽനിന്നു ബി.ടെക് ബിരുദവും നേടി. ഡൽഹി സ്വദേശിയും അഹമ്മദാബാദിൽ നികുതി വകുപ്പിൽ അസിസ്റ്റന്റ് കമ്മിഷണറുമാണ് ശിവം ത്യാഗി. ശിവത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ആര്യ വിവാഹ കുറിപ്പ് ഫേസ് ബുക്കിൽ പങ്കുവച്ചത്. നാഗ്പൂരിൽ ഐ.ആർ.എസ്. പരിശീലനത്തിലാണ് ആര്യ ഇപ്പോൾ. ഏപ്രിലോടെ സർവീസിൽ പ്രവേശിക്കും.

ആര്യയുടെ സമൂഹമാധ്യമത്തിലെ കുറിപ്പ്:

ജീവിതത്തിലെടുത്ത തീരുമാനങ്ങളിൽ വളരെ മികച്ചത് എന്നെനിക്ക് തോന്നിയ ഒന്ന് നിങ്ങളെല്ലാവരുമായ് പങ്കുവെയ്ക്കട്ടെ . എന്നെ അടുത്തറിയുന്നവർക്ക് തീർച്ചയായും ഇതിൽ പുതുമ തോന്നില്ല, കാരണം കോളേജ് കാലം മുതൽ പറഞ്ഞ് പറഞ്ഞ് ഉറപ്പിച്ചതാണിത്.

ഈ വരുന്ന വെള്ളിയാഴ്ച (27.01.2023) കല്യാണം കഴിക്കാണ്. ആർഭാടങ്ങൾ ഒഴിവാക്കി പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരാകാൻ ആണ് എന്റെയും ശിവത്തിന്റെയും തീരുമാനം.

പുതിയ ജീവിതം തുടങ്ങുന്ന സന്തോഷം ആഘോഷിക്കാൻ ഞങ്ങൾ വളരെ അർഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു. ഈ പുതിയ യാത്രയിൽ എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹവും ഒപ്പം ഉണ്ടാവണേ.

റിട്ട.ജോയിന്റ് ലേബർ കമ്മീഷണറായ കോട്ടയം കൂരോപ്പട അരവിന്ദത്തിൽ ജി രാധാകൃഷണൻ നായരുടെയും റിട്ട. അദ്ധ്യാപിക സുജാതയുടെയും മകളാണ് ആര്യ.ഐആർഎസ് തെരഞ്ഞെടുത്ത ആര്യ ഇപ്പോൾ അസിസ്റ്റന്റ് കമ്മീഷണറാണ്.