മുംബൈ: ഏത് ഭാഷയും അതിന്റെ തനതായ ശൈലിയില്‍ ഉച്ചാരണശുദ്ധിയോടെ പ്രയോഗിക്കാനുള്ള കഴിവാണ് ആശാ ഭോസ്ലയെ കാലങ്ങള്‍ക്കിപ്പുറവും ഏവരുടെയും പ്രിയപ്പെട്ട ഗായികയാക്കി നിര്‍ത്തുന്നത്. ഹിന്ദിക്ക് പുറമെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷയിലും ഗാനങ്ങള്‍ ആലപിച്ച ആശാജി മലയാളത്തിന് സമ്മാനിച്ചതും അത്തരത്തില്‍ കാലാതിവര്‍ത്തിയായ മനോഹര ഗാനമാണ്. സഹോദരി ലതാ മങ്കേഷ്‌കറിനെപ്പോലെ ഒരൊറ്റ ഗാനം മാത്രമാണ് ആശയും മലയാളത്തില്‍ ആലപിച്ചിട്ടുള്ളത്. എങ്കിലും ഇ ന്യൂജെന്‍ കാലത്തും യുട്യൂബില്‍ കാഴ്ചക്കാര്‍ തേടിയെത്തുന്നുണ്ട് ഈ ഗാനത്തെ.

1977 ല്‍ പുറത്തിറങ്ങിയ 'സുജാത' എന്ന ചിത്രത്തിലെ 'സ്വയംവര ശുഭദിന മംഗളങ്ങള്‍...അനുമോദനത്തിന്റെ ആശംസകള്‍...' എന്ന ഗാനമായിരുന്നു ആശാജി മലയാളത്തിന് സംഭാവന ചെയ്തത്. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികളും രവീന്ദ്ര ജെയിനിന്റെ സംഗീതവും ആശാജിയുടെ ശബ്ദവും ആസ്വാദകരെ മറ്റൊരു ലോകത്തേക്ക് എത്തിച്ചു. കെ ടി മുഹമ്മദിന്റെ കഥയ്ക്ക് ഹരിഹരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സുജാത. ഒന്നിനൊന്ന് മികച്ച ഗാനങ്ങള്‍ പിറന്ന സുജാതയിലെ ഈ ഗാനവും ഇന്നും മലയാളികള്‍ നെഞ്ചിലേറ്റുന്ന പഴയകാല ഗാനങ്ങളില്‍ ഒന്നാണിത്.

പ്രേം നസീര്‍, ജയഭാരതി, എം ജി സോമന്‍, കെ പി ഉമ്മര്‍, ഉഷ, അടൂര്‍ ഭാസി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.പി വി ഗംഗാധരന്‍ ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ഹിന്ദി സിനിമാ സംഗീതത്തിലെ ഇതിഹാസമായിരിക്കുമ്പോഴും പ്രാദേശിക ഭാഷകളോട് അവര്‍ പുലര്‍ത്തിയ ആദരവ് ഈ ഗാനത്തിലെ ഉച്ചാരണശുദ്ധിയില്‍ വ്യക്തമാണ്. മലയാളം കൈകാര്യം ചെയ്യുന്നതില്‍ അവര്‍ കാണിച്ച ആ അനായാസത തന്നെയാണ് ഈ ഗാനത്തെ ഇന്നും പുതുമയോടെ നിലനിര്‍ത്തുന്നത്. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ഒരു ഗായികയ്ക്ക് എങ്ങനെ മലയാളിത്തമുള്ള ശബ്ദമായി മാറാന്‍ കഴിയുമെന്നതിന്റെ തെളിവായിരുന്നു സുജാതയിലെ 'സ്വയംവര ശുഭദിന മംഗളങ്ങള്‍' എന്ന ഗാനം.

ആശാ ഭോസ്ലെയുടെ ആലാപനത്തിലെ വൈവിധ്യവും ഭാവസാന്ദ്രതയും ഈ ഗാനത്തെ മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളില്‍ ഒന്നാക്കി മാറ്റി. സംഗീതം എനിക്ക് ശ്വാസോച്ഛ്വാസം പോലെയാണ്.എന്റെ സംഗീതം നിലയ്ക്കണമെങ്കില്‍ എന്റെ ശ്വാസം കൂടി നിലയ്ക്കണം. ഇനിയും ഒരുപാട് ചെയ്ത് തീര്‍ക്കാനുണ്ട്. പക്ഷേ വളരെ കുറച്ചു സമയമേ ബാക്കിയുള്ളൂ എന്ന് തോന്നുന്നു'.- എന്നാണ് ഒരിക്കല്‍ ആശ ഭോസ്‌ലെ ഒരഭിമുഖത്തില്‍ പറഞ്ഞത്. പക്ഷെ ആശാജിയുടെ ഈ പ്രതികരണത്തെ ആസ്വാദകര്‍ തിരുത്തിക്കുറിക്കുകയണ്. ധുരന്ധര്‍ 2 വില്‍ റീമിക്‌സ് ചെയ്ത് പുറത്തുവന്ന പീയ തു എന്ന ഗാനത്തിന് തിയേറ്ററിലുയരുന്ന കൈയ്യടി ഇതിന്റെ സാക്ഷ്യമാവുകയാണ്