- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതാചാരപ്രകാരം സംസ്കരിക്കണമെന്ന് മൂത്ത സഹോദരി സുജാതയും; മെഡിക്കല്‍ കോളേജ് സമിതിയുടെ ഹിയറിംഗ് നിയമപ്രകാരമല്ല; എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നല്‍കുന്നതിന് എതിരെ ആശ ലോറന്‍സ് വീണ്ടും ഹൈക്കോടതിയില്‍
ആശ ലോറന്‍സ് വീണ്ടും ഹൈക്കോടതിയില്‍
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന മകള്‍ ആശയുടെ ആവശ്യം തള്ളി വൈദ്യപഠനത്തിന് വിട്ടുനല്‍കാന്‍ കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി തീരുമാനിച്ചിരുന്നു. സമിതിയുടെ തീരുമാനത്തിനെതിരെ മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചു. തീരുമാനം ചോദ്യം ചെയ്ത് ആശ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
തന്റെ മൃതദേഹം വൈദ്യപഠനത്തിനു നല്‍കണമെന്ന് ലോറന്‍സ് വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു എന്നാണ് ലോറന്‍സിന്റെ മകന്‍ അടക്കമുള്ളവരുടെ വാദം. ഇതിന് സാക്ഷികളായ രണ്ട് ബന്ധുക്കള്‍ കമ്മിറ്റി മുന്‍പാകെ ഹാജരായി. ലോറന്‍സിന്റെ മക്കളുടെ വാദമുഖങ്ങള്‍ കേള്‍ക്കുന്നതിന് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളുടെ തലവന്മാര്‍ ഉള്‍പ്പെടെയുള്ളവരെ ചേര്‍ത്ത് കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്ന് പറഞ്ഞതിന് രണ്ട് സാക്ഷികളുണ്ടെന്നും അവരുടെ വാദം സത്യസന്ധമാണെന്നും ബോധ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. കേരള അനാട്ടമി ആക്ട് പ്രകാരം മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാനുള്ള വാദങ്ങള്‍ സാധുവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന മൂത്ത സഹോദരി സുജാതയുടെ നിലപാടും ആശ ഹൈക്കോടതിയെ അറിയിക്കും. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നടത്തിയ ഹിയറിംഗ് നിയമപ്രകാരമായിരുന്നില്ലെന്നും ആശ ലോറന്‍സ് ഹര്‍ജിയില്‍ വാദം ഉന്നയിക്കുമെന്നാണ് വിവരം. നേരത്തെ മൃതദേഹം വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ ആശ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഉപദേശക സമിതി രൂപീകരിച്ച് വിഷയം തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. തുടര്‍ന്നാണ് സമിതി പരാതിക്കാരെ കേട്ടശേഷം വിട്ടുകൊടുക്കാനുള്ള തീരുമാനമെടുത്തത്.
നേരത്തെ, എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നല്‍കാന്‍ തീരുമാനമെടുത്ത സുജാത ഇന്നലെ മെഡിക്കല്‍ കോളേജ് കമ്മിറ്റിക്ക് മുന്‍പാകെ രേഖാമൂലം തീരുമാനമൊന്നും അറിയിച്ചിരുന്നില്ല. എന്നാല്‍ വിഷയം കുടുംബപ്രശ്‌നമായതോടെ മതാചാരപ്രകാരം സംസ്‌കരിക്കാന്‍ താത്പര്യപ്പെടുന്നതായി വാക്കാല്‍ കമ്മിറ്റി മുന്‍പാകെ അറിയിച്ചിരുന്നു. രേഖാമൂലം ഇത് എഴുതി നല്‍കിയില്ല. രോഗബാധിതനായ സമയത്ത് മതാചാരപ്രകാരം സംസ്‌കാരം നടത്താന്‍ ലോറന്‍സ് ആഗ്രഹിച്ചുവെന്നും ഇത് തെളിയിക്കുന്ന ഓഡിയോ റെക്കോര്‍ഡും ഉണ്ടെന്നും സുജാത സൂചിപ്പിച്ചു. എന്നാല്‍ അത് പിന്നീട് നഷ്ടപ്പെട്ടുവെന്നും സുജാത അറിയിച്ചു.
മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നല്‍കണമെന്നായിരുന്നു ലോറന്‍സിന്റെ ആഗ്രഹമെന്ന മൂത്ത മകന്‍ സജീവന്റെ മൊഴിയും ഇത് സാധൂകരിക്കുന്ന രണ്ട് സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് മൃതദേഹം വൈദ്യപഠനത്തിന് നല്‍കുന്നതെന്നാണ് മെഡിക്കല്‍ കോളേജ് തീരുമാനം അറിയിച്ചതെന്നും ആശ ലോറന്‍സ് പറയുന്നു.ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറന്‍സിന്റെ അന്ത്യം.