തിരുവനന്തപുരം: ഹേമകമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയെ ഇളക്കി മറിക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. നടനും സംവിധായകനും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. തുടര്‍ച്ചയായി വരുന്ന ആരോപണങ്ങില്‍ കുപ്രചരണങ്ങളുമുണ്ടെന്ന് സംശയിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

സിനിമ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു എന്റെ പേരും പരാമര്‍ശിച്ചു കണ്ടത് കൊണ്ടാണ് പ്രതികരിക്കുന്നതെന്നും അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും നടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സിദ്ദിഖ് , ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയില്‍ എന്നോട് മോശമായി പെരുമാറി എന്നൊരു പ്രചാരണം ചിലര്‍ എന്റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. കലാരംഗത്തു എന്റെ ഒരു നല്ല സഹപ്രവര്‍ത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ് സിദ്ദിഖ്.

അദ്ദേഹത്തില്‍ നിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവര്‍ത്തിയോ എനിക്ക് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല.ദയവു ചെയ്ത് ഇത്തരം കള്ളപ്രചാരണങ്ങള്‍ നടത്തരുത് എന്ന് അത് ചെയ്യുന്നവരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.ഇത്തരത്തില്‍ നിയമവിരുദ്ധമായി കുപ്രചാരണം നടത്തുന്ന സാമൂഹ്യവിരുദ്ധരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യുെമന്നും നടി കുറിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

പ്രിയപ്പെട്ടവരെ,

ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു എന്റെ പേരും പരാമര്‍ശിച്ചു കണ്ടത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത് .അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ശ്രീ സിദ്ദിഖ് , ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയില്‍ എന്നോട് മോശമായി പെരുമാറി എന്നൊരു പ്രചാരണം ചിലര്‍ എന്റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. കലാരംഗത്തു എന്റെ ഒരു നല്ല സഹപ്രവര്‍ത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ് ശ്രീ സിദ്ദിഖ്.

അദ്ദേഹത്തില്‍ നിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവര്‍ത്തിയോ എനിക്ക് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല. ദയവു ചെയ്ത് ഇത്തരം കള്ളപ്രചാരണങ്ങള്‍ നടത്തരുത് എന്ന് അത് ചെയ്യുന്നവരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മലയാള സിനിമ രംഗം ഒരു വലിയ കലാകുടുംബമായി മറ്റു ദേശക്കാര്‍ക്കു ഒരു മാതൃകയായി വളരണം എന്നാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും.

അനഭിലക്ഷണീയമായ് എന്തെങ്കിലും നടക്കുന്നുണ്ടെങ്കിലോ വളര്‍ന്നു വരുന്നുണ്ടെങ്കിലോ അത് മുളയിലേ നുള്ളേണ്ടതുണ്ട്. അതോടൊപ്പം തന്നെ ഇത്തരം കള്ളപ്രചാരണങ്ങള്‍ നടത്തി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രെമിക്കുന്നവരെയും നമുക്ക് തുറന്നു കാട്ടാന്‍ കഴിയണം. ഇത്തരത്തില്‍ നിയമവിരുദ്ധമായി കുപ്രചാരണം നടത്തുന്ന സാമൂഹ്യവിരുദ്ധരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും
കലയോട് ആഭിമുഖ്യവും കഴിവും ഉള്ള ഏതൊരാള്‍ക്കും സമാധാനവും സന്തോഷവും ഉള്ള ഒരു അന്തരീക്ഷത്തില്‍ തന്റെ ജോലി ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടാകണം. അതിനു സര്‍ക്കാരും ഈ നാട്ടിലെ കലാസ്നേഹികളും ഒത്തോരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു

സ്നേഹപൂര്‍വ്വം ആശാ ശരത്

അതേസമയം ഇന്നും സിനിമ നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്.സുരാജ് വെഞ്ഞാറമൂടിനെതിരെ അഞ്ജലി അമീര്‍ രംഗത്ത് വന്നപ്പോള്‍ സംവിധായകന്‍ സജിന്‍ ബാബുവിനെതിരെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.മുകേഷിനെതിരെയും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്നുണ്ട്.ലൈംഗികാരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷ് ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് നടി ഗായത്രി വര്‍ഷ. അധികാര സ്ഥാനങ്ങളില്‍ മുകേഷ് തുടരുന്നത് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തെ ബാധിക്കുമെന്നും ഗായത്രി വര്‍ഷ പറഞ്ഞു. ദുരനുഭവങ്ങള്‍ തുറന്നുപറയാനുള്ള സ്‌പേസ് ആണ് ഇപ്പോള്‍ നടിമാര്‍ക്ക് ഉണ്ടായിട്ടുള്ളതെന്നും ഗായത്രി വര്‍ഷ കൂട്ടിച്ചേര്‍ത്തു.