മേപ്പാടി: മേപ്പാടിയില്‍ എല്ലാം കണ്ണു നനയിക്കുന്ന കാഴ്ച്ചകളാണ്. ഉറ്റവരെയും ഉടയവരെയും നഷ്ടമായതിന്റെ വേദനയില്‍ കഴിയുമ്പോഴും മരിച്ചവരെ തിരിച്ചറിയാന്‍ വേണ്ടിയും ചിലര്‍ രംഗത്തുണ്ട്. മുണ്ടക്കൈയില്‍ അങ്ങനെ നൂറോളം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത് ഒരു ആശാ വര്‍ക്കറാണ്. പ്രദേശിക ബന്ധങ്ങളുള്ള ഷൈജയാണ് വേദന കടിച്ചമര്‍ത്തി ഒപ്പം നിന്നത്. ഉരുള്‍പൊട്ടലില്‍ ഷൈജക്ക് ബന്ധുക്കളായ ഒമ്പതു പേരെയാണ് നഷ്ടമായത്. എന്നാല്‍, ഷൈജ പറയുന്നത് 100 പേരും എന്റെ ബന്ധുക്കളാണെന്നാണ്.

'ആ 9 പേര്‍ മാത്രമല്ല, ഇവര്‍ 100 പേരും എന്റെ ബന്ധുക്കളാണ്'- ഷൈജ നെഞ്ചുപൊട്ടി പറഞ്ഞു. ചൂരല്‍മലയാണ് ഷൈജയുടെ സ്വന്തം സ്ഥലം. മുണ്ടക്കൈയിലേക്കാണ് വിവാഹം ചെയ്ത് കൊണ്ടുപോയത്. അതുകൊണ്ട് ചൂരല്‍മലക്കാരെയും അറിയാം. കടബാധ്യത മൂലം 2005 ലാണ് ഷൈജയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തത്.

രണ്ടും നാലും വയസുള്ള കൈക്കുഞ്ഞുങ്ങളുമായി എന്തു ചെയ്യണമെന്നറിയാതെ നിന്ന ഷൈജയെ അന്ന് ചേര്‍ത്തുപിടിച്ചത് മുണ്ടക്കൈയിലെ നാട്ടുകാരാണ്. കുടുംബശ്രീയാണ് ഷൈജയുടെ ജീവിതം മാറ്റി മറിച്ചത്. ചൈല്‍ഡ് ലൈനില്‍ നിന്ന് 2009 ലാണ് ആശാവര്‍ക്കറായി ഷൈജയ്ക്ക് ജോലി കിട്ടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി.

ഇന്ന് ഷൈജയുടെ രണ്ട് മക്കളും വിവാഹിതരായി. 2019 ല്‍ ഉരുള്‍പൊട്ടിയപ്പോഴാണ് മേപ്പാടിയിലേക്ക് താമസം മാറ്റിയത്. പുലര്‍ച്ചെ ഉരുള്‍പൊട്ടിയപ്പോള്‍ തന്നെ ഷൈജയ്ക്ക് ഫോണ്‍ കോളുകള്‍ വന്നു. ഉടന്‍ തന്നെ ഷൈജ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു. മേപ്പാടി ആശുപത്രിയിലേക്കാണ് ഷൈജ ആദ്യമെത്തിയത്. വൈകാതെ തന്നെ മൃതദേഹങ്ങള്‍ എത്തിത്തുടങ്ങി.

ആദ്യമെത്തിയ മൃതദേഹം കണ്ട ബന്ധു തിരിച്ചറിയാതെ മടങ്ങി. പിന്നീട് ഈ മൃതദേഹം ഷൈജ കാണുകയും മടങ്ങിപ്പോയ ആളുടെ ബന്ധുവാണെന്ന് തിരിച്ചറിയുകയും ചെയ്തു. അവരെല്ലാം എന്റെ കുടുംബാംഗങ്ങളെപ്പോലെയായിരുന്നു, അവരെ സഹായിക്കാനുള്ള എന്റെ അവസാന അവസരമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു- പറഞ്ഞു.