ന്യൂഡല്‍ഹി: സിപിഎമ്മും സംസ്ഥാന സര്‍ക്കാറും ഇപ്പോഴും തള്ളിപ്പറയുന്ന ആശാ വര്‍ക്കര്‍മാരുടെ സമരം രാജ്യത്തെ ലക്ഷണക്കണക്കിന് വരുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് സഹായകമാകുന്ന ചരിത്ര സമരമായി മാറുന്നു. എല്ലാവരാലും അവഗണിക്കപ്പെട്ടിരുന്ന ആശ വര്‍ക്കര്‍മാരുടെ വേതന വിഷയം രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കേരളത്തിലെ ആശാ വര്‍ക്കര്‍മാരുടെ സമരം കൊണ്ട് സാധിച്ചു. എസ്.യു.സി.ഐ എന്ന സംഘടനക്ക് കീഴില്‍ തുടങ്ങിയ സമരം ചരിത്രത്തില്‍ ഇടംപിടിക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് ഉയര്‍ത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി തന്നെ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ആശാ വര്‍ക്കര്‍മര്‍ക്ക് പ്രതീക്ഷയായി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും.

ആശ വര്‍ക്കര്‍മാര്‍ക്കുള്ള ധനസഹായം ഉയര്‍ത്തണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ആശമാര്‍ താഴേതട്ടില്‍ നടത്തുന്നത് നിര്‍ണ്ണായക സേവനമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ആരോഗ്യമന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഈ ശുപാര്‍ശ നല്‍കിയത്. നിലവില്‍ 5000 മുതല്‍ 9000 വരെയാണ് ആശ വര്‍ക്കര്‍ക്ക് ധനസഹായം കിട്ടുന്നത്. ഇത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് പാര്‍ലമെന്റി കമ്മിറ്റി ചൂണ്ടിക്കാട്ടി.

ആശമാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും ആരോഗ്യപരിപാലനത്തിനും ധനസഹായം തികയുന്നില്ല. ആരോഗ്യ ഗവേഷണ രംഗത്തും ആശമാരെ പ്രയോജനപ്പെടുത്തണം. ഇതിന് അധിക ധനസഹായം ഗവേഷണ ഫണ്ടില്‍ നിന്ന് നല്‍കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. രാം ഗോപാല്‍ യാദവ് അധ്യക്ഷനായ കമ്മിറ്റിയുടേതാണ് ശുപാര്‍ശ. കേരളത്തിന് എയിംസ് അനുവദിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അതേസമയം, പ്രതിഷേധ പൊങ്കാല ഇട്ട് സമരം ശക്തമാക്കുകയാണ് ആശ വര്‍ക്കര്‍മാര്‍. കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയില്‍ ആശാമാരുടെ പ്രശ്‌നം വരാത്തതിന്റെ നിരാശയിലും അതൃപ്തിയിലുമാണ് സമരക്കാര്‍. ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തര്‍ക്കം ഉടന്‍ തീര്‍ത്ത് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശാമാരുടെ ആവശ്യം. തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് സമരം കടുപ്പിക്കാനാണ് ആശമാരുടെ നീക്കം.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ആശാ വര്‍ക്കര്‍മാരുടെ സമരം ഉന്നയിക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് ആശ വര്‍ക്കേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. കണക്കുകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പരസ്പരം പഴിചാരുമ്പോള്‍ അതില്‍ വ്യക്തത വരുത്തണമെന്നും ആശാ വര്‍ക്കേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കിട്ടിയ നല്ല ഒരു അവസരമായിരുന്നു. എന്നാല്‍ എന്തുകൊണ്ട് ഉന്നയിച്ചില്ലെന്ന് അറിയില്ല. മാധ്യമങ്ങളില്‍ വന്ന അറിവ് മാത്രമാണ് ഇതു സംബന്ധിച്ച് ഉള്ളത്. എന്നാല്‍ കണക്കുകള്‍ സംബന്ധിച്ച് ജനങ്ങളില്‍ പുകമറ സൃഷ്ടിക്കുകയാണ്. ഇതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നുമാണ് ആശാ വര്‍ക്കേഴ്സ് അസോസിയേഷന്‍ പറഞ്ഞത്.

അതിനിടെ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്നലെയും സമരപ്പന്തല്‍ സന്ദര്‍ശിച്ചു. രാഷ്ട്രീയമില്ലാതെ ആശമാരുടെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇന്ന് പൊങ്കാലയിടുന്നതിനുള്ള നൂറോളം കിറ്റുകള്‍ സുരേഷ് ഗോപി എത്തിച്ചിട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ആശാ വര്‍ക്കേഴ്സ് അസോസിയേഷന്റെ തീരുമാനം.