- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഗ്രാം ലാസലഹരിയ്ക്ക് ഒമാനില്‍ വില 340 രൂപ; ഇത് ബംഗ്ലൂരുവില്‍ എത്തിയാല്‍ ആയിരം രൂപയാകും; സൂപ്പര്‍മാര്‍ക്കറ്റിലെ പൗഡര്‍ നിന്നിലും ഭക്ഷണ പാക്കറ്റിലും നിറച്ച് മട്ടാഞ്ചേരി മാഫിയയ്ക്കായി ലഹരി ഒഴുക്ക്; വിവാഹ വാര്‍ഷികം അറസ്റ്റായി; ആഷിഖിനെ പോലീസ് കുടുക്കിയത് ഇങ്ങനെ
കൊച്ചി: ഒമാനില്‍നിന്നുള്ള എം.ഡി.എം.എ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തിയ കേസിലെ പ്രധാനിയെ പോലീസ് അറസ്റ്റു ചെയ്തത് നിര്‍ണ്ണായക നീക്കങ്ങളിലൂടെ. വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു അറസ്റ്റ്. വിവാഹ വാര്‍ഷികത്തിന് ഒമാനിലെ മുഖ്യ ആസൂത്രകനായ ആഷിഖ് നാട്ടിലെത്തുന്ന ശീലമുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയായിരുന്നു പോലീസിന്റെ ഓപ്പറേഷന്‍.
ഒമാനില്‍ നിന്നുള്ള ലഹരിക്കടത്തിന് നേതൃത്വം നല്‍കുന്ന ആഷിഖിന്റെ വിവാഹവാര്‍ഷികം വ്യാഴാഴ്ചയാണെന്ന് വിവരം ലഭിച്ചതോടെ സുഹൃത്തുക്കളെയെല്ലാം നിരീക്ഷണത്തിലാക്കി. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ ആഷിഖിനെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഒടുവില്‍ ഭാര്യാവീട്ടില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒമാനില്‍ ഒരുഗ്രാം എം.ഡി.എം.എയ്ക്ക് 340 രൂപ മാത്രമാണ് വില. ബംഗളൂരുവില്‍ ഇത് 1000 രൂപയും. ഈ വില അന്തരമാണ് ലഹരിക്കടത്തിന് കരുത്തായത്. ഒമാന്‍ പൗരനാണ് ലഹരിമരുന്ന് ഇവര്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഇയാള്‍ ആരാണെന്നോ മറ്റോ പൊലീസിന് വിവരം ലഭിച്ചിട്ടില്ല. ആഷിഖിനെ ചോദ്യം ചെയ്യുന്നതില്‍ നിന്നും ഇതില്‍ വ്യക്തത വരുമെന്നാണ് സൂചന.
ഒമാനില്‍ നിന്നുള്ള എം.ഡി.എം.എ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തിയിരുന്നത് പൗഡര്‍ ടിന്നും ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പാക്കറ്റുകളും മറയാക്കിയായിരുന്നു. ഓമാനിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു ആഷിഖ്. അതുകൊണ്ട് തന്നെ തന്ത്രപരമായ ഇടപെടലുകള്‍ നടത്തി. ടിന്നുകളില്‍ എം.ഡി.എം.എ നിറച്ചായിരുന്നു കൊച്ചിയിലേക്ക് കൊടുത്തയച്ചത്. സ്ത്രീകളായിരുന്നു കാരിയര്‍മാര്‍. അതുകൊണ്ട് തന്നെ ഇത് സംശയം കൂടാതെ ആദ്യ ഘട്ടങ്ങളില്‍ കടത്താനായി.
കേസില്‍ ഫെബ്രുവരി ഒന്നിന് അറസ്റ്റിലായ വൈപ്പിന്‍ എളങ്കുന്നപ്പുഴ സ്വദേശിനി മാഗി ആഷ്‌നയാണ് റാക്കറ്റിനായി ഒടുവില്‍ ലഹരിമരുന്ന് കടത്തിയത്. ഇതിന് ഒരു ലക്ഷം രൂപ സംഘം ഇവര്‍ക്ക് നല്‍കി. ഇവരുടെ ആദ്യ കടത്തായിരുന്നു ഇത്. കേസില്‍ ആദ്യം അറസ്റ്റിലായ മഹാരാഷ്ട്ര പൂനെ സ്വദേശിനി ആയിഷ ഗഫാര്‍ സെയ്ത് (39) എട്ടുതവണ ഒമാനില്‍ നിന്നും ലഹരി എത്തിച്ചു. സമാനമായി നിരവിധി കാരിയര്‍മാര്‍ അഷിഖിനായി കടത്തു നടത്തിയെന്നാണ് നിഗമനം.
ജനുവരി അവസാനമാണ് കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുകളുമായി ഇവരും ലിവിംഗ് ടുഗെതര്‍ പങ്കാളിയായ മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്കും (27) ആയിഷയും പൊലീസിന്റെ വലയിലായത്. ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഒമാന്‍ ലഹരി കള്ളക്കടത്തിലേക്ക് വഴിതുറന്നത്. ഒമാനിലെ മുഖ്യ ആസൂത്രകനാണ് ആഷിഖ്.
മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി പൊലീസും കൊച്ചി സിറ്റി ഡാന്‍സാഫും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് മഹാരാഷ്ട്ര സ്വദേശിയായ യുവതിയെയും മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി സ്വദേശികളായ 5 യുവാക്കളെയും പിടികൂടിയത്. മട്ടാഞ്ചേരിയിലെ ഒരു പ്രമുഖ ഹോട്ടലിലും അയ്യന്‍ മാസ്റ്റര്‍ ലൈനിലുള്ള ഒരു വീട്ടിലുമാണ് പരിശോധന നടത്തിയത്.
അയിഷയും റിഫാസുമാണ് ആദ്യം പിടിയിലായത്. ഇവരില്‍ നിന്ന് 300 ഗ്രാം എം.ഡി.എം.എയും 6.8 ഗ്രാം കഞ്ചാവും മൂന്ന് ലക്ഷം രൂപയും കണ്ടെടുത്തു. പിന്നീട് ഇവരില്‍ നിന്ന് എം.ഡി.എം.എ വാങ്ങിയ മറ്റു പ്രതികളെ പിടികൂടുകയായിരുന്നു.അയ്യാര്‍ മാസ്റ്റര്‍ ലയ്നിലെ വീട്ടില്‍ നിന്നാണ് സജീറിനെയും അദിനാന്‍ സവാദിനെയും പിടികൂടിയത്. ഇവരില്‍ നിന്ന് 29.16 ഗ്രാം എം.ഡി.എം.എയും 9.41ഗ്രാം ഹാഷിഷ് ഓയിലും 4.64 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.
കൊച്ചി ദ്രോണാചാര്യക്ക് സമീപത്തെ വീട്ടില്‍ നിന്നാണ് ഷഞ്ജലിനെ പിടികൂടിയത്. ഇയാള്‍ക്ക് ലഹരിമരുന്ന് കൈമാറിയ മുഹമ്മദ് അജ്മലും അറസ്റ്റിലായി. രണ്ട് പേരില്‍ നിന്നായി 13.91 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ബാദുഷയെ സ്വന്തം വീട്ടില്‍ നിന്നാണ് പിടികൂടിയത്. 109 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്ന് കണ്ടെടുത്തു. കിടപ്പുമുറിയിലെ അലമാരയില്‍ ബാഗില്‍ അഞ്ച് സിപ്പ് ലോക്ക് കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ. 85 സിപ്പ് ലോക്ക് കവറുകള്‍, ഡിജിറ്റല്‍ ത്രാസ് എന്നിവയും ഇതോടൊപ്പം കണ്ടെടുത്തിരുന്നു.