- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'സിനിമയെ സിനിമയായി കാണണം; നേരിട്ട് അഭിപ്രായം പറയാന്‍ ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുന്നു; സമൂഹ മാധ്യമങ്ങളില്‍ കാണുന്നത് ഇതിന്റെ മറ്റൊരു വകഭേദം; ന്യായം എവിടെയോ അതിനൊപ്പം നില്ക്കും'; എമ്പുരാന്‍ വിവാദത്തില്‍ ആസിഫ് അലി
എമ്പുരാന്‍ വിവാദത്തില്‍ ആസിഫ് അലി
കൊച്ചി: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരിച്ച് ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മൂന്നുമണിക്കൂര്‍ സിനിമ എന്റര്‍ടൈന്‍മെന്റ് എന്ന നിലയില്‍ കാണണം. സിനിമ എത്രത്തോളം സ്വാധീനിക്കും എന്നത് നമ്മള്‍ തീരുമാനിക്കണം.
സിനിമ വിനോദത്തിന് വേണ്ടിയുള്ളതാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും എഴുതിക്കാണിക്കാറുണ്ട്. അത് അങ്ങനെ തന്നെ കാണണം എന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എമ്പുരാന്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടര-മൂന്ന് മണിക്കൂര്‍ വിനോദത്തിനായി മാത്രമായി സിനിമയെ കാണുക. സിനിമയുടെ സ്വാധീനം എത്രത്തോളം വേണമെന്ന് തീരുമാനിക്കാന്‍ പറ്റുന്നത് നമുക്കാണ്. ആ തീരുമാനം നമ്മുടെ കൈയിലായിരിക്കണം. സിനിമയായായും നമ്മുടെ ചുറ്റുപാടുകളായാലും നമ്മളെ സ്വാധീനിക്കാന്‍ പറ്റുന്നത് എന്താണെന്ന് നമുക്ക് തിരഞ്ഞെടുക്കാം.
വീട്ടില്‍ ഇരുന്ന് അല്ലെങ്കില്‍ കൂട്ടുകാര്‍ക്ക് ഒപ്പമിരുന്ന് സോഷ്യല്‍മിഡിയയില്‍ എഴുതുമ്പോള്‍ വരുംവരായ്കളെക്കുറിച്ച് ചിന്തിക്കുന്നില്ല. നേരിട്ട് അഭിപ്രായം പറയാന്‍ ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്ന് പറയും. ഒളിച്ചിരുന്ന് കല്ലെറിയുന്നത് പോലെ. അതിന്റെ ഒരു വകഭേദമാണ് സോഷ്യല്‍മീഡിയയില്‍ കാണുന്നത്. സോഷ്യല്‍മീഡിയ ആക്രമണം എന്നത് ഒരു തവണ അനുഭവിച്ചാലേ അറിയുകയുള്ളൂവെന്നും ആസിഫ് അലി പറഞ്ഞു.
എമ്പുരാന്റെ ഉള്ളടക്കത്തെച്ചൊല്ലി വിവാദം കനക്കുകയാണ്. ചിത്രത്തില്‍ നിന്ന് ചില വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷം വീണ്ടും പ്രദര്‍ശനത്തിന് ഒരുങ്ങുമ്പോഴും വിവാദങ്ങള്‍ തുടരുകയാണ്. സംഭവത്തില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു. മോഹന്‍ലാലും അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
മോഹന്‍ലാലിന്റെ കുറിപ്പ്
ലൂസിഫര്‍' ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍' സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ എനറെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്.
അതുകൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.