മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. യുവതിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവ് സിറാജുദ്ദീനെതിരേയാണ് പെരുമ്പാവൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. വീട്ടില്‍ പ്രസവം നടന്നത് ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ്. ഒന്‍പത് മണിയോടെ യുവതി മരിച്ചു. എന്നാല്‍ ഭര്‍ത്താവ് വീട്ടുകാരെ വിളിച്ചറിയിച്ചത് മണിക്കൂറുകള്‍ക്ക് ശേഷമാണ്. മൃതദേഹവുമായി വീട്ടിലെത്തിയപ്പോള്‍ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം തുടര്‍നടപടികളുണ്ടാവുമെന്ന് പൊലീസ് വ്യക്തമാക്കി.

പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ (35) ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവിക്കുകയും തുടര്‍ന്ന് രാത്രി ഒന്‍പത് മണിയോടുകൂടി മരിക്കുകയും ചെയ്തത്. ഞായറാഴ്ച രാവിലെയോടെയാണ് അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലുള്ള വീട്ടിലെത്തിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസെത്തി അസ്മയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.

പ്രസവത്തോടെ അസ്മയുടെ ആരോഗ്യസ്ഥിതി മോശമായപ്പോള്‍ എന്തുകൊണ്ടാണ് ആശുപത്രിയില്‍ കൊണ്ടുപോകാതിരുന്നതെന്നും മരണ വിവരം കൃത്യമായി വീട്ടുകാരെ അറിയിക്കാതിരുന്നതെന്നുമാണ് വീട്ടുകാര്‍ ചോദിക്കുന്നത്. ആംബുലന്‍സ് ഡ്രൈവറോട് സിറാജ് യുവതിക്ക് ശ്വാസംമുട്ടല്‍ ആണെന്നാണ് പറഞ്ഞതെന്നും പുറത്തുവരുന്നുണ്ട്. അതേസമയം, സിറാജുദ്ദീനെ യുവതിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സിറാജുദ്ദീന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടില്‍ പ്രസവിക്കുന്നതിനിടെയാണ് യുവതി മരിക്കുന്നത്. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീല്‍ പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. പൊലീസ് എത്തി ഇടപെട്ട് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചട്ടി പറമ്പില്‍ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.

പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടു പോയില്ലെന്ന് അസ്മയുടെ വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവ് സിറാജുദ്ദീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. യു ട്യൂബ് ചാനല്‍ നടത്തുന്ന സിറാജുദ്ദീന്‍ നിരവധി പ്രഭാഷണങ്ങളും നടത്തിയിരുന്നു. പുറം ലോകവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അഞ്ചാമത്തെ പ്രസവമാണ് അസ്മയുടേതെന്ന് അറിഞ്ഞത് ഇപ്പോഴാണെന്നും നാട്ടുകാര്‍ പറയുന്നു.

അസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങളും ആശുപത്രിയിലായിരുന്നുവെന്നും ഇരുവരും അക്യുപങ്ചര്‍ പഠിച്ചിരുന്നുവെന്നും അതിന് ശേഷമുള്ള മൂന്ന് പ്രസവങ്ങളും വീട്ടില്‍വെച്ചായിരുന്നു നടത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു. ആശുപത്രിയില്‍ പോകണമെന്നും പ്രായം കൂടുന്നതിനനുസരിച്ച് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാമെന്നുമുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അതെല്ലാം ഇരുവരും അവഗണിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

അസ്മ ശനിയാഴ്ച വൈകുന്നേരത്തോടെ പ്രസവിച്ചെന്നും ആണ്‍ കുട്ടിയാണെന്നും അസ്മയുടെ വീട്ടില്‍ വിളിച്ച് അറിയിച്ചിരുന്നു. തുടര്‍ന്ന് രാത്രി ഒന്‍പത് മണിയോടെയാണ് യുവതി മരിക്കുന്നത്. പിന്നാലെ ആംബുലന്‍സ് വിളിക്കുകയും ശ്വാസംമുട്ടലാണെന്ന് തെറ്റിദ്ധരിപ്പിച്ച് അസ്മയുടെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മൃതദേഹം പെരുമ്പാവൂരിലുള്ള അസ്മയുടെ വീട്ടിലെത്തിക്കുകയുമായിരുന്നു.

അതിനിടെ പുലര്‍ച്ചെ 12 മണിയോടുകൂടിയാണ് മരണവിവരം വീട്ടുകാരെ അറിയിച്ചത്. മരണത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിക്കാനുള്ള നടപടികള്‍ ആരംഭിക്കുമ്പോഴാണ് പോലീസ് എത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ആലപ്പുഴ സ്വദേശിയാണ് അസ്മയുടെ ഭര്‍ത്താവ്.