തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ അസം സ്വദേശിനിയായ പതിമൂന്നുവയസ്സുകാരി തസ്മിദ് തംസുമിന്‍ ചെന്നൈയിലെത്തിയതായി സ്ഥിരീകരണം. കാണാതായ കുട്ടി ട്രെയിന്‍ ഇറങ്ങുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. അതേസമയം, പെണ്‍കുട്ടി ചെന്നൈയില്‍ നിന്നും ഗുഹാവത്തിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടുന്നത്.

ചെന്നൈ - എഗ്മൂര്‍ എക്‌സ്പ്രസില്‍ കുട്ടി കയറിയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്റ്റേഷനുകളിലേക്ക് പൊലീസ് പുറപ്പെട്ടിരുന്നു. കുട്ടി മൂന്നു പ്രാവശ്യം ട്രെയിന്‍ കയറി ഇറങ്ങിയെന്നും ട്രെയിന്‍ പുറപ്പെടുന്നതിന്ന് അല്‍പ്പം മുമ്പ് കുട്ടി ചെന്നൈ-എഗ്മൂര്‍ എക്‌സ്പ്രസില്‍ കയറിയെന്നും പൊലീസ് വ്യക്തമാക്കി. വിവരത്തെ തുടര്‍ന്ന് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം അസമിലേക്കും ഒരു സംഘം പോകും.

അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് പതിമൂന്നൂകാരിയായ തസ്മിദ് തംസും കഴക്കൂട്ടത്തെ വാടകവീട്ടില്‍നിന്ന് ഇറങ്ങിപ്പോയത് ഇന്നലെ രാവിലെ പത്തുമണിയോടെയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെത്തി ബംഗളൂരു-കന്യാകുമാരി ട്രെയിനില്‍ കയറി. ഈ വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത് പുലര്‍ച്ചെ മൂന്നുമണിക്ക് ശേഷമാണ്. ഇന്നലെ ഉച്ചയ്ക്ക് അതേ ട്രെയിനിലുണ്ടായിരുന്ന ബബിത എന്ന വിദ്യാര്‍ഥിനിയാണ് കുട്ടി ട്രെയിനില്‍ ഇരിക്കുന്ന ഫോട്ടോ എടുത്തത്. പെണ്‍കുട്ടി കരയുന്നതും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും കണ്ടതിലെ അസ്വാഭാവികതയായിരുന്നു കാരണം. തസ്മിദിനെ കാണാനില്ലെന്ന വാര്‍ത്ത കണ്ടാണ് ബബിത ഈ ഫോട്ടോ പൊലീസിന് കൈമാറുന്നത്.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ നാഗര്‍കോവിലില്‍ ഇറങ്ങി വെള്ളമെടുത്ത ശേഷം അതേ ട്രെയിനില്‍ തിരികെ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ കുട്ടി കന്യാകുമാരിയിലേക്ക് പോയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ഇതിനെ സാധൂകരിക്കുന്ന രീതിയിലുളള വിവരമാണ് ലഭിച്ചതും. എന്നാല്‍ കുട്ടി അവിടെ നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ടതായാണ് വിവരം.

കുട്ടി മൂന്നു പ്രാവശ്യം ട്രെയിനില്‍ കയറിയിറങ്ങി. ഒടുവില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അല്‍പം മുന്‍പ് കയറിയെന്നാണു റിപ്പോര്‍ട്ട്. എല്ലാ സ്റ്റേഷനുകളിലേക്കും പൊലീസ് സംഘം പുറപ്പെട്ടു. കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഒരു സംഘം പൊലീസ് കുട്ടിയുടെ ജന്മദേശമായ അസമിലേക്കും പോകും.

അന്വേഷണത്തില്‍ നാഗര്‍കോവില്‍ സ്റ്റേഷനിലെ സിസിടിവിയില്‍നിന്നു കുട്ടിയുടെ നിര്‍ണായകദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. സ്റ്റേഷനില്‍ കുട്ടി ഇറങ്ങിയതിന്റെ ദൃശ്യങ്ങളാണു ലഭിച്ചത്. ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് ട്രെയിനില്‍നിന്ന് സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ഇറങ്ങിയ പെണ്‍കുട്ടി കുപ്പിയില്‍ വെള്ളം എടുത്ത ശേഷം അതേ ട്രെയിനില്‍ കയറി യാത്ര തുടരുകയായിരുന്നു. കന്യാകുമാരി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തസ്മീത് കന്യാകുമാരിയിലും ഇറങ്ങിയെന്ന് വ്യക്തമായി. വെള്ളമെടുത്ത ശേഷം ട്രെയിനില്‍ തിരികെ കയറി. 3.53-നാണ് കന്യാകുമാരി സ്റ്റേഷനില്‍ എത്തിയത്.