- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള അന്‍സാറുള്ള ബംഗ്ല ടീമിലെ അംഗമോ? തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന 'സ്ലീപ്പര്‍ സെല്‍' സജീവമോ എന്നും സംശയം; പാക്കിസ്ഥാനില്‍ നിന്നും എകെ 47 വാങ്ങാന്‍ ശ്രമിച്ചത് ദുരൂഹം; അമ്മാവന് ബംഗ്ലാദേശില്‍; കൂട്ടുകാര്‍ പാകിസ്ഥാനിലും; ആരാണ് റോസിദുള്‍ ഇസ്ലാം? കയ്പ്പമംഗലത്തെ അറസ്റ്റില്‍ ഐബി പരിശോധന
തൃശ്ശൂര്‍: സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ച അസം സ്വദേശി തൃശൂരില്‍ അറസ്റ്റിലാകുന്നത് പോലീസിന്റെ നിര്‍ണ്ണായക നീക്കങ്ങളില്‍. ഇയാളുടെ തീവ്രവാദ ബന്ധങ്ങളും അന്വേഷിക്കും. കേന്ദ്ര ഏജന്‍സികളും പരിശോധന തുടങ്ങി. ഐബിയും ചോദ്യം ചെയ്യും. അസം മോറിഗോണ്‍ സ്വദേശിയായ റോസിദുള്‍ ഇസ്ലാമിനെ (25) ആണ് കയ്പമംഗലം പൊലീസ് പിടികൂടിയത്. തീവ്രവാദ സ്വഭാവമുള്ളവര്‍ കേരളത്തില്‍ എത്തുന്നതിന് തെളിവാണ് ഇത്.
ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള അന്‍സാറുള്ള ബംഗ്ല ടീം എന്ന നിരോധിത സംഘടനയുമായി ഇയാള്‍ക്ക് ആശയപരമായ ബന്ധമുണ്ടോ എന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ബംഗ്ലാദേശിലെ കൊലപാതകങ്ങളെ ഇയാള്‍ അനുകൂലിച്ചത് ഈ സംശയത്തിന് ബലം നല്‍കുന്നു. കേരളത്തില്‍ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന 'സ്ലീപ്പര്‍ സെല്‍' അംഗമാണോ ഇയാളെന്നും ഐബി പരിശോധിക്കുന്നുണ്ട്. പ്രത്യേകിച്ചും പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ ശ്രമിച്ച സാഹചര്യം ഗൗരവകരമാണ്.
സാധാരണ സോഷ്യല്‍ മീഡിയകള്‍ക്ക് പുറമെ, തീവ്രവാദ സംഘടനകള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന രഹസ്യ ടെലിഗ്രാം ഗ്രൂപ്പുകളില്‍ ഇയാള്‍ അംഗമാണോ എന്ന് അറിയാന്‍ സൈബര്‍ സെല്‍ പ്രതിയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. പന്തല്‍ ജോലിക്കാരനായ ഇയാള്‍ക്ക് പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും പണം ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും.
ചെന്ത്രാപ്പിന്നി സ്വദേശി പള്ളിപ്പറമ്പില്‍ വീട്ടില്‍ അബ്ദുള്‍ സഗീറിന്റെ ഉടമസ്ഥതയിലുള്ള 'ഉപഹാര' എന്ന പന്തല്‍ വര്‍ക്ക് സ്ഥാപനത്തിലെ തൊഴിലാളിയാണ് റസിദുള്‍ ഇസ്ലാം. അബ്ദുള്‍ സഗീറിന്റെ വീടിനോട് ചേര്‍ന്നുള്ള ഗോഡൗണിന് മുകളിലായി കഴിഞ്ഞ രണ്ടു വര്‍ഷമായി താമസിച്ചു വരികയായിരുന്നു. നാല് അസം സ്വദേശികളും ഇവിടെ താമസിക്കുന്നുണ്ട്.
ബംഗ്ലാദേശിലുള്ള തന്റെ അമ്മാവനുമായി ഫോണ്‍ വഴിയും, പാക്കിസ്ഥാനിലുള്ള ചില വ്യക്തികളുമായി ഫെയ്സ് ബുക്ക് മെസഞ്ചര്‍ വഴിയും ഇയാള്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്നും മാരക പ്രഹര ശേഷിയുള്ള എകെ തോക്കുകള്‍ വാങ്ങുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. പ്രതിയുടെ ഫെയ്സ് ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
ബംഗ്ലാദേശില്‍ ഹിന്ദു യുവാക്കളെ കൊലപ്പെടുത്തിയതിനെ പിന്തുണച്ച് ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ചിരുന്നു. കൂടാതെ ഹിന്ദുക്കളെ അപായപ്പെടുത്തണമെന്ന് ഹിന്ദിയില്‍ ആഹ്വാനം ചെയ്യുന്ന വീഡിയോകളും പ്രചരിപ്പിച്ചിരുന്നതായും കണ്ടെത്തി. വിദേശ ബന്ധങ്ങളെക്കുറിച്ചും ലഹളയുണ്ടാക്കാനുള്ള പ്രകോപനപരമായ നീക്കങ്ങളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷിക്കും. ആവശ്യമെങ്കില്‍ കേസില്‍ എന്‍ഐഎ അന്വേഷണത്തിനും പോലീസ് ശുപാര്‍ശ ചെയ്യും.




