- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും മൃതദേഹങ്ങള്‍ മാറ്റി നല്‍കി ഹമാസ്; കരാറിന്റെ ഭാഗമായി കൈമാറിയ മൃതദേഹങ്ങളില്‍ ഒന്ന് ബന്ദിയുടേതല്ലെന്ന് ഫോറന്‍സിക്ക് റിപ്പോര്‍ട്ട്; ഒരു ബ്രെഡും ഒരു ഗ്ലാസ് വെള്ളവുമായി അതിജീവിച്ചതിന്റെ കഥകള്‍ പറഞ്ഞ് ബന്ദികള്‍; ഒപ്പം ക്രൂര മര്‍ദനവും; ഹമാസ് ക്രൂരതകള്‍ വീണ്ടും മറ നീക്കുന്നു
ഹമാസ് ക്രൂരതകള്‍ വീണ്ടും മറ നീക്കുന്നു
ഗസ്സ: നേരത്തെ ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍, ചീറ്റിപ്പോവാനുള്ള ഒരു പ്രധാന കാരണമായത് മൃതദേഹങ്ങളില്‍ പോലും ഹമാസ് നടത്തിയ കൃത്രിമമായിരുന്നു. കഴിഞ്ഞ വെടിനിര്‍ത്തല്‍ സമയത്ത്, ഒരുപാട് ഫലസ്തീന്‍ തടവുകാരെ വിട്ടുകൊടുത്തതിന് ശേഷമാണ് ഹമാസ് ചില ബന്ദികളെയും കൊല്ലപ്പെട്ടവരുടെയും മൃതദേഹങ്ങളും കൈമാറിയത്. എന്നാല്‍ അതിലും ഹമാസ് വലിയ തട്ടിപ്പ് നടത്തി. ഒക്ടോബര്‍ 7ന് ഹമാസ് പിടിച്ചുകൊണ്ടുപോയ, ഇസ്രയേലുകാരന്‍ ഷിരി ബിബാസ്, അവരുടെ രണ്ട് മക്കള്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ഹമാസ് കൈമറിയപ്പോഴാണ് കൃത്രിമം തെളിഞ്ഞത്. അതിലൊന്ന് ഒരു ഫലസ്തീന്‍ വനിതയുടേതാണെന്ന് ഫോറന്‍സിക്ക് പരിശോധനയില്‍ തെളിഞ്ഞത് ഇസ്രായേലികള്‍ക്ക് കടുത്ത വേദനയുണ്ടാക്കി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അതിശക്തമായി പ്രതിഷേധിച്ചിരുന്നു. അന്നുണ്ടാക്കിയ വെടിനിര്‍ത്തല്‍ അവസാനിക്കാനുള്ള ഒരു പ്രധാന കാരണവും ഈ ഹീനമായ നടപടിയായിരുന്നു.
ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ ഒരു പ്രധാന കാര്യവും, ഹമാസ് തടവിലാക്കിയ ബന്ദികളില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തങ്ങള്‍ക്ക് തിരിച്ചുകിട്ടണം എന്നായിരുന്നു. ഹമാസ് അത് അംഗീകരിക്കുകയും ചെയ്തു. പക്ഷേ ഹമാസ് ചൊവ്വാഴ്ച കൈമാറിയ മൃതദേഹങ്ങളില്‍ ഒന്നിന് ഡ്യൂപ്ലിക്കേറ്റ് ആയിരുന്നു!
ഡെഡ്ബോഡിയിലും ഡ്യൂപ്ലിക്കേറ്റ്
വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി, ചൊവ്വാഴ്ച നാല് മൃതദേഹങ്ങളാണ് ഹമാസ് കൈമാറിയത്. തിങ്കളാഴ്ച 20 ജീവനുള്ള ബന്ദികളെ വിട്ടയച്ചതിന് പിന്നാലെ നാല് മൃതദേഹങ്ങള്‍ കൈമാറിയിരുന്നു. ആകെ മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങളാണ് ഇസ്രായേല്‍ കാത്തിരിക്കുന്നത്. ചൊവ്വാഴ്ച ലഭിച്ച നാല് മൃതദേഹങ്ങളില്‍ രാത്രി വൈകി നടത്തിയ ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം, അവയിലൊന്ന് ബന്ദികളുമായി പൊരുത്തപ്പെടുന്നില്ല എന്ന് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇതോടെ തങ്ങള്‍ വീണ്ടും കബളിക്കപ്പെട്ടുവെന്നാണ് ഇസ്രയേല്‍ കരുതുന്നത്. ഈ ഹീനകൃത്യത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ഉയരുകയാണ്.
ട്രംപിന്റെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം തിങ്കളാഴ്ച മുതല്‍ ഹമാസ് ജീവനുള്ള 20 ഇസ്രായേല്‍ ബന്ദികളെയും എട്ട് മൃതദേഹങ്ങളുമാണ് കൈമാറിയതെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒരു നേപ്പാളി പൗരനും ആറ് ഇസ്രായേലികളും തിരിച്ചറിയാത്ത ഒരു മൃതദേഹവും ഉള്‍പ്പെടുന്നു. മരിച്ച ബന്ദികളെ തിരികെ നല്‍കാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും ഹമാസ് നടത്തേണ്ടതുണ്ടെന്നും ഇസ്രായേല്‍ സൈനിക വക്താവ് മുന്നറിയിപ്പ് നല്‍കി. ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറണമെന്ന കരാര്‍ വ്യവസ്ഥകള്‍ ഹമാസ് പൂര്‍ണ്ണമായും പാലിക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. ഇതില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല, അവസാനത്തെ മരിച്ച ബന്ദിയെ തിരികെ കൊണ്ടുവരുന്നത് വരെ ഞങ്ങളുടെ ശ്രമങ്ങള്‍ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജീവനുള്ളവരും അല്ലാത്തവരുമായ എല്ലാ ബന്ദികളെയും തിങ്കളാഴ്ചയോടെ കൈമാറണമെന്നാണ് യുഎസ് നിര്‍ദ്ദേശിച്ച വെടിനിര്‍ത്തല്‍ പദ്ധതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അത് നടന്നില്ലെങ്കില്‍, മരിച്ച ബന്ദികളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുകയും എത്രയും പെട്ടെന്ന് മൃതദേഹങ്ങള്‍ കൈമാറാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു.
എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം മൃതദേഹങ്ങള്‍ കൈമാറാന്‍ ഗ്രൂപ്പ് ശ്രമിക്കുന്നുണ്ടെന്ന് ഹമാസ് വക്താവ് ഹാസെം കാസെം ടെലഗ്രാം സന്ദേശത്തിലൂടെ പ്രതികരിച്ചു. ചൊവ്വാഴ്ച കിഴക്കന്‍ ഗാസ സിറ്റിയിലും റഫായിലും ഇസ്രായേല്‍ വെടിവെപ്പ് നടത്തിയത് കരാര്‍ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, സൈന്യം കരാറില്‍ പറഞ്ഞിട്ടുള്ള വിന്യാസ രേഖകള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും, ഈ അതിര്‍ത്തിയിലേക്ക് അടുക്കുന്ന ആരെയും ലക്ഷ്യമിടുമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച ചില തീവ്രവാദികള്‍ക്ക് നേരെ വെടിവെച്ചതിന് അദ്ദേഹം ഇത് കാരണമായി ചൂണ്ടിക്കാട്ടി.
ബന്ദികള്‍ നേരിട്ടത് ക്രൂര പീഡനം
അതേസമയം രണ്ടുവര്‍ഷ വര്‍ഷത്തോളം ഹമാസ് ഭീകരരുടെ ബന്ദിയായി, ഒടുവില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം മോചിതരായാവരുടെ അനുഭവങ്ങള്‍ ഭീകരമാണ്. ഒരു ബ്രെഡും ഒരു ഗ്ലാസ് വെള്ളവുമായി അതിജീവിച്ചതിന്റെ കഥകളാണ് പലര്‍ക്കും പറയാനുള്ളത്. എതിര്‍ക്കുന്നവരെ ഹമാസുകാര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. തങ്ങളെ മനുഷ്യരെപ്പോലെയല്ല, വേസ്റ്റ് കൈകാര്യം ചെയ്യുന്നതുപോലെയാണ് ഹമാസുകാര്‍ കൈകാര്യം ചെയ്തത് എന്നാണ് ബന്ദികള്‍ പറയുന്നത്. തലമുടി പിടിച്ച് വലിച്ചാണ് എഴുനേല്‍പ്പിക്കുക. മുടിയില്ലാത്തവരെ ഷര്‍ട്ടിന്റെ കോളര്‍ പിടിച്ച് വലിക്കും. ഏത് നിമിഷവും നിങ്ങള്‍ കൊല്ലപ്പെടുമെന്ന് അവര്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു. ഇടക്കിടെ താവളങ്ങള്‍ മാറുകയും ഹമാസിന്റെ രീതിയാണ്.
ആദ്യമൊക്കെ ആവശ്യത്തിന് ഭക്ഷണവും വെളളവും ഉണ്ടെങ്കിലും ക്രമേണെ അതൊക്കെ തീര്‍ന്നു. പിന്നെ നായ്ക്കളെപ്പോലെ ഒരു പാത്രത്തില്‍ നിന്ന് നാലും അഞ്ചും ബന്ദികള്‍ കഴിക്കേണ്ടി വന്നു. പലപ്പോഴും ഇരുട്ടുമുറികളിലായിരുന്നു താമസം. ഗാസയിലെ തകര്‍ന്നുകിടക്കുന്ന പല വീടുകള്‍ക്കിടയിലും ബന്ദികളെ പാര്‍പ്പിച്ചിരുന്നു. ഹമാസുകള്‍ പലരും ഇത്തരം വീട് കൊള്ളയടിക്കുന്നതിനും ബന്ദികള്‍ സാക്ഷിയായി.
ഭക്ഷണം കുറയുന്നതാണ് അവരെ ഏറ്റവും അലട്ടിയത്. ആദ്യം ടിന്നിലടച്ച സാധനങ്ങള്‍, പച്ചക്കറികള്‍, ചീസ് എല്ലാം ഉണ്ടായിരുന്നു.എന്നാല്‍ കാലക്രമേണ ഭക്ഷണം തീര്‍ന്നു. ഒടുവില്‍, ഞങ്ങള്‍ ഒരേ പ്ലേറ്റില്‍നിന്ന് കഴിക്കലായി. അരവയര്‍ നിറക്കാന്‍ പോലുള്ള ഭക്ഷണം പോലും പലപ്പോഴും കിട്ടിയില്ല. അസുഖം വന്നാല്‍ മരുന്നില്ലാത്തതാണ് എറ്റവും വലിയ പ്രശ്നം. ബന്ദിയാക്കുമ്പോള്‍ പരിക്കേറ്റ പലരെയും അനസ്ത്യേഷ്യ പോലുമില്ലാതെ പച്ച ഇറച്ചിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ഹമാസിനെ സംബന്ധിച്ച് അതൊന്നും യാതൊരു പ്രശ്നവുമില്ലാത്ത കാര്യങ്ങളാണ് എന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. മാത്രമല്ല ലഹരിയും, പുകയിലയും ഓപ്പിയവുമൊക്കെയായി ഹമാസ് ഭീകരര്‍ പലപ്പോഴും, ലഹരി ഉപയോഗിക്കുന്നുണ്ടെന്നും മോചിക്കപ്പെട്ടവര്‍ പറയുന്നു.