- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ അനുശാന്തിയുടെ ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ചു; ജാമ്യം നല്‍കി കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി പകര്‍പ്പ് പുറത്ത്; ജാമ്യവ്യവസ്ഥകള്‍ തീരുമാനിക്കുക വിചാരണ കോടതി
അനുശാന്തിയുടെ ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ചു
ന്യൂഡല്‍ഹി: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ രണ്ടാം പ്രതി അനുശാന്തിയുടെ ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ചു. അനുശാന്തിയ്ക്ക് ജാമ്യം നല്‍കികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി പകര്‍പ്പ് പുറത്ത് വന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്ന അനുശാന്തിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. വിചാരണക്കോടതി ജാമ്യവ്യവസ്ഥകള്‍ തീരുമാനിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി രാവിലെ ജാമ്യം അനുവദിച്ചത്. ഇതുസംബന്ധിച്ച ഉത്തരവിലാണ് ശിക്ഷ താല്‍കാലികമായി മരവിപ്പിച്ചുവെന്നും വ്യക്തമാക്കുന്നത്. ജാമ്യത്തിനുള്ള ഉപാധികള്‍ വിചാരണ കോടതി തീരുമാനിക്കുമെന്നും സുപ്രീംകോടതി ഉത്തരവിലുണ്ട്. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് ഇടപെടലെന്നും സുപ്രീംകോടതി അറിയിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തില്‍ ശിക്ഷ റദ്ദാക്കി ജാമ്യം നല്‍കണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. എന്നാല്‍, ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കിയിട്ടില്ല. ഈ ഹര്‍ജി തീര്‍പ്പാകുന്നത് വരെയാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചതെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ തവണ അനുശാന്തിയുടെ ഹര്‍ജി പരിഗണിക്കവേ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന എന്ത് തെളിവാണ് അനുശാന്തിക്കെതിരെയുളളതെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. എന്നാല്‍, കുറ്റകൃതൃവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ടെന്നും കണ്ണിന് കാഴ്ച്ച നഷ്ടമായത് പൊലീസ് അതിക്രമത്തിലെന്ന ആരോപണം വ്യാജമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
കേസില്‍ അനുശാന്തിക്കായി അഭിഭാഷകന്‍ വി.കെ ബിജു, സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ പി വി ദിനേശ്, സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി. നേരത്തെ കണ്ണിന്റെ ചികിത്സയ്ക്കായി അനുശാന്തിക്ക് സുപ്രീംകോടതി രണ്ടുമാസത്തെ പരോള്‍ അനുവദിച്ചിരുന്നു.
2014 ഏപ്രിലിലായിരുന്നു നാടിനെ വിറപ്പിച്ചുകൊണ്ട് ആറ്റിങ്ങലില്‍ ഇരട്ടക്കൊലപാതകം നടന്നത്. അനുശാന്തിയുടെ നാല് വയസുള്ള മകളും ഭര്‍തൃമാതാവുമാണ് കൊല്ലപ്പെട്ടത്. കഴക്കൂട്ടം ടെക്നോപാര്‍ക്കിലെ ജീവനക്കാരായിരുന്ന അനുശാന്തിയും കാമുകന്‍ നിനോ മാത്യുവും ഗൂഢാലോചന നടത്തി ക്രൂരകൃത്യം നടപ്പാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. നിനോ മാത്യുവിന് വിചാരണക്കോടതി നല്‍കിയ വധശിക്ഷ കേരള ഹൈക്കോടതി ജീവപര്യന്തം കഠിനതടവാക്കി കുറച്ചിരുന്നു. 25 വര്‍ഷം പരോളില്ലാതെ തടവ് അനുഭവിക്കണമെന്നും നിര്‍ദ്ദേശിച്ചു. അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം കഠിനതടവ് ഹൈക്കോടതി ശരിവക്കുകയുമായിരുന്നു.
ഒരു മുന്‍വൈരാഗ്യവുമില്ലാതെ തങ്ങളുടെ സ്വകാര്യസുഖങ്ങള്‍ സംരക്ഷിക്കാന്‍ രണ്ടു ടെക്‌നോക്രാറ്റുകള്‍ നടത്തിയ അരുംകൊലയായിരുന്നു ആറ്റിങ്ങലിലേത്. അതില്‍ ജീവന്‍ നഷ്ടമായത് മൂന്നര വയസ്സു മാത്രം പ്രായമുള്ള ഒരു കുഞ്ഞിനും നിരാലംബയായ ഒരു വയോധികയ്ക്കും. അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചാലും പ്രതിയുടെ കൈയിലെ ചോരമണം പോകില്ല എന്നായിരുന്നു 2016 ഏപ്രില്‍ 18-ന് ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ ഒന്നാം പ്രതി നിനോ മാത്യുവിനെ മരണം വരെ തൂക്കിലേറ്റാന്‍ വിധിച്ചുകൊണ്ട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി. ഷെര്‍സിയുടെ പ്രസ്താവന. സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനിന്ന രണ്ടാം പ്രതി അനുശാന്തി മാതൃത്വത്തിന് തന്നെ അപമാനമാണെന്നും കോടതി പറഞ്ഞു. നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ടജീവപര്യന്തവും വിധിച്ചു. വിധിയ്ക്കെതിരെ പ്രതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
അന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ച ശിക്ഷ പുനഃപരിശോധിക്കാന്‍ ഹൈക്കോടതി തീരുമാനിക്കുന്നത് 2023 മേയിലാണ്. ഇതിനായി മിറ്റിഗേഷന്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മിറ്റിഗേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിനോ മാത്യുവിന്റെ വധശിക്ഷയില്‍ ഇളവു വരുത്തുന്നത്. നിനോ മാത്യുവിന്റെ വധശിക്ഷ 25 വര്‍ഷം പരോളില്ലാത്ത തടവായി ഇളവു ചെയ്തു. അനുശാന്തിയുടെ അപ്പീല്‍ തള്ളിയ കോടതി കീഴ്കോടതി വിധി ശരിവയ്ക്കുകയും ചെയ്തു. 'കാമാസക്തിയേക്കാള്‍ നശീകരണ ശേഷിയുള്ള രോഗം വേറെയില്ല' എന്ന ചാണക്യവചനത്തോടെയാണ് ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിന്റെ വിധിന്യായം ആരംഭിക്കുന്നത്. രണ്ടു ടെക്നോക്രാറ്റുകള്‍ക്കിടയില്‍ ഉടലെടുത്ത അവിഹിതവും കാമാസക്തി നിറഞ്ഞതുമായ ബന്ധം. തങ്ങളുടെ പങ്കാളികളെയും കുഞ്ഞുങ്ങളെയും വഞ്ചിക്കുകയും അതിന്റെ ഫലമായി വയോധികയായ സ്ത്രീയെയും മൂന്നര വയസ്സുള്ള കുഞ്ഞിനെയും കൊലപ്പെടുത്തുകയും ആ ബന്ധത്തിലെ സ്ത്രീയുടെ ഭര്‍ത്താവിനെ ആക്രമിക്കുകയും ചെയ്തു- ഉത്തരവില്‍ പറഞ്ഞത് ഇങ്ങനെയാണ്.
2014 ഏപ്രില്‍ 16 ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് നിനോ മാത്യു അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന്റെ ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗത്തെ വീട്ടിലെത്തി കൊലപാതകം നടത്തുന്നത്. ടെക്നോപാര്‍ക്കിലെ ഒരു സോഫ്‌റ്റ്വെയര്‍ കമ്പനിയില്‍ ടീം ലീഡറായിരുന്നു അനുശാന്തി. നിനോ മാത്യു അതേ കമ്പനിയില്‍ പ്രൊജക്ട് മാനേജറും. ആറു വര്‍ഷത്തോളമായി ഇരുവരും ഒരേ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. പതിയെ അടുപ്പം പ്രണയമായി വളര്‍ന്നു. നിനോ മാത്യു പല ദിവസങ്ങളിലും രാത്രിയില്‍ ആലംകോട്ടെ വീട്ടിലെത്തി അനുശാന്തിയെ കാണാറുമുണ്ടായിരുന്നു. കമ്പനിയില്‍ അടുത്തടുത്ത ക്യാബിനുകളിലാണ് ഇരുവരും ഇരുന്നിരുന്നത്.