തിരുവനന്തപുരം: തിരുവനന്തപുരം നഗരം ഭക്തിസാന്ദ്രമാകാന്‍ ഇനി ഒരുനാള്‍ കൂടി. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ നാളെ ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കും. രാവിലെ 10.30ഓടെ പണ്ഡാര അടുപ്പില്‍ തീ പകരും. 1.15നാണ് പൊങ്കാല നിവേദ്യം. ഭക്തര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുണ്ടെന്ന് ക്ഷേത്രം ഭാരവാഹികള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല.

നാളെ പൊങ്കാല സമര്‍പ്പിക്കുന്നതിനായി അടുപ്പുകള്‍ എല്ലാം ക്രമീകരിച്ചിട്ടുണ്ട്. നാളെ രാവിലെ 10.30ഓടെ അടുപ്പ് വെട്ട് ചടങ്ങിന് ശേഷം പണ്ഡാര അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1.15നാണ് നിവേദ്യ ചടങ്ങ്. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷകണക്കിന് ഭക്തര്‍ തലസ്ഥാനത്തത് എത്തി തുടങ്ങിയിട്ടുണ്ട്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചായിരിക്കും ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്ന് നിര്‍ദേശമുണ്ട്.

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നഗരത്തില്‍ ഇന്ന് ഉച്ചമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ ഭക്തര്‍ ഇത്തവണ എത്തുമെന്നാണ് കണക്ക് കൂട്ടല്‍. തിരക്ക് കണക്കിലെടുത്ത് ഇത്തവണ പൊങ്കാല ഡ്യൂട്ടിക്കുള്ള വനിതാ പോലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഫയര്‍ വുമണും ഇത്തവണത്തെ പൊങ്കാലയ്ക്ക് സുരക്ഷ ഒരുക്കും. ഇതിന് പുറമെ, റവന്യൂ, ജല അതോറിറ്റി, ആരോഗ്യം, എന്നീ വകുപ്പുകളും കെഎസ്ആര്‍ടിസിയും റെയില്‍വേയും ഉത്സവവുമായി ബന്ധപ്പെട്ട് പ്രത്യേക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. പൊങ്കാലയടുപ്പു കൂട്ടാനുപയോഗിക്കുന്ന കല്ലുകള്‍ ലൈഫ് ഭവന പദ്ധതിക്കായി കോര്‍പ്പറേഷന്‍ ശേഖരിക്കും.

ഗതാഗത ക്രമീകരണം

ആറ്റിങ്ങല്‍ ഭാഗത്തു നിന്ന് നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങള്‍ കഴക്കൂട്ടത്തുനിന്ന് ബൈപാസ് റോഡ് വഴിയും ശ്രീകാര്യം -കേശവദാസപുരം പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയും പോകണം. പേരൂര്‍ക്കട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ഊളന്‍പാറ ശാസ്തമംഗലം ഇടപ്പഴഞ്ഞി പൂജപ്പുര വഴി പോകണം. വെഞ്ഞാറമൂട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ കേശവദാസപുരം- പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയും നെയ്യാറ്റിന്‍കര ഭാഗത്തു നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബാലരാമപുരം വിഴിഞ്ഞം -എന്‍എച്ച് ബൈപാസ് വഴിയും പോകണം.