തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് വിപുലമായ മുന്നൊരുക്കങ്ങളാണ് ഇത്തവണ ജില്ലാ ഭരണകൂടം മുന്നോട്ടുവയ്ക്കുന്നത്. സ്ത്രീ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം നല്‍കിയുള്ള മുന്നൊരുക്കങ്ങളാണ് ഏറെയും. അടിയന്തര വൈദ്യസഹായം ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ ഇക്കുറി ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടര്‍മാരും രംഗത്തുണ്ട്. ആവശ്യഘട്ടങ്ങളില്‍ ഫസ്റ്റ് എയ്ഡ് ലഭ്യമാക്കുന്നതിനാണ് നഴ്‌സുമാരുള്‍പ്പെടുന്ന ആറ് ബൈക്ക് റെസ്‌പോണ്ടര്‍മാരെ മേഖല അടിസ്ഥാനത്തില്‍ നഗരത്തില്‍ വിന്യസിക്കുന്നത്.

പൊങ്കാലയടുപ്പുകള്‍ സജീവമാകുന്നതോടുകൂടി ആവശ്യ ഘട്ടത്തില്‍ വലിയ വാഹനങ്ങള്‍ക്ക് റോഡിലൂടെ യാത്ര ചെയ്യുന്നത് പ്രയാസമാണ്. ഈ ഘട്ടത്തിലാണ് ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടര്‍മാര്‍ വൈദ്യസഹായം ആവശ്യമുള്ളിടത്തേക്ക് എത്തുക. ആറ്റുകാല്‍ ക്ഷേത്രം, കിള്ളിപ്പാലം, കണ്‍ട്രോള്‍ റൂം, കിഴക്കേക്കോട്ട, ഐരാണി മുട്ടം, തമ്പാനൂര്‍ ആയുര്‍വേദ കോളേജ് എന്നിങ്ങനെ 7 ഇടങ്ങളിലാണ് ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടര്‍മാരുടെ സേവനം ലഭിക്കുക.

നഴ്‌സുമാര്‍ ഉള്‍പ്പെടുന്ന 6 ബൈക്ക് ഫസ്റ്റ് റസ്‌പോണ്ടര്‍മാരാണ് നഗരത്തില്‍ ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട പ്രഥമ ശുശ്രൂഷ രംഗത്ത് ഉണ്ടായിരിക്കുക. പൊങ്കാലയുമായി ബന്ധപ്പെട്ട ഭക്തജനങ്ങള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളും നിര്‍ദ്ദേശങ്ങളും ഒക്കെ മുന്‍കൂട്ടി തന്നെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് ഇക്കുറിയും വിപുലമായ മുന്നൊരുക്കങ്ങളാണ് തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊങ്കാല അര്‍പ്പണം ആരംഭിച്ച് നിവേദ്യം സമര്‍പ്പിക്കുന്ന ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരം നഗരപരിധിക്കുള്ളില്‍ വാഹനങ്ങള്‍ കടത്തിവിടില്ല.