- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുളള ബോര്‍ഡുകള്‍ പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിക്കുക; വിതരണം ചെയ്യുന്ന വെള്ളവും ഭക്ഷണവും ഭക്ഷ്യയോഗ്യവും വൃത്തിയുള്ളതുമായിരിക്കണം; ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലേറ്റുകളും ഗ്ലാസുകളും പൂര്‍ണ്ണമായും ഒഴിവാക്കുക: സംഘടനകള്‍ക്ക് നിര്‍ദ്ദേശം നല്കി ജില്ലാ കളക്ടര്‍
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് നാടും നഗരവും ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ക്ഷേത്രം ഭാരവാഹികള്‍ ഒരുക്കി കഴിഞ്ഞു. ഇപ്പോള്‍ സംഘടനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ജില്ലാ കളക്ടര്‍. പൊങ്കാല സമയത്ത് വിവിധ സംഘടനകള്‍ സന്നദ്ധപ്രവര്‍ത്തനത്തിനും മറ്റുകാര്യങ്ങള്‍ക്കും എന്തെല്ലാം ശ്രദ്ധിക്കണമെന്നാണ് കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ പൊങ്കാലയ്ക്ക് എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുളള ബോര്‍ഡുകള്‍ തയ്യാറാക്കുന്നതിന് പ്രകൃതിദത്ത വസ്തുക്കള്‍ (ഓല, വാഴയില, പനയോല, പായ എന്നിവ) ഉപയോഗിക്കുക. അല്ലെങ്കില്‍ തുണിയില്‍ പ്രിന്റു ചെയ്‌തോ എഴുതിയോ വയ്ക്കാം. ഭക്തജനങ്ങള്‍ വഴിയരികില്‍ കുടിവെള്ളമോ ഭക്ഷണമോ വിതരണം ചെയ്യുന്നുണ്ടെങ്കില്‍ അവ പൂര്‍ണ്ണമായും ഭക്ഷ്യയോഗ്യമായതും വൃത്തിയുമുളളതുമാണെന്ന് ഉറപ്പുവരുത്തുക.
ഭക്ഷണം വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളും ഗ്ലാസ്സുകളും കഴുകി ഉപയോഗിക്കാന്‍ പറ്റുന്നതായിരിക്കണം. ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലേറ്റുകളും ഗ്ലാസുകളും പൂര്‍ണ്ണമായും ഒഴിവാക്കുക. പ്ലാസ്റ്റിക് ഉപകാരിയാണ് എന്നാല്‍ മാലിന്യമായി മാറുന്നതോടെ അതിനോളം വലിയ ഉപദ്രവകാരിയുമില്ല. ലക്ഷക്കണക്കിന് ഭക്തരാണ് മാര്‍ച്ച് 13ന് പൊങ്കാല അര്‍പ്പിക്കുന്നതിനായി നഗരത്തിലേയ്ക്ക് വരുന്നത്. ഒരാള്‍ കുറഞ്ഞത് രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കൊണ്ടുവന്ന് ഉപേക്ഷിക്കുകയാണെങ്കില്‍ തന്നെ എത്ര ഭീകരമായ അളവ് മാലിന്യമാകും ഇവിടെ അവശേഷിക്കുന്നതെന്നത് ഓര്‍ക്കണം.
പൊങ്കാലയര്‍പ്പിക്കാന്‍ വരുന്ന ഭക്തജനങ്ങള്‍ സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും മാത്രം ഉപയോഗിക്കുക. എന്തെങ്കിലും പാഴ്വസ്തുക്കള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവ തിരികെ കൊണ്ടുപോയി ഹരിത കര്‍മ്മസേനയെ ഏല്‍പ്പിക്കണം. ആത്മസംതൃപ്തിയ്ക്കായി അര്‍പ്പിക്കുന്ന പൊങ്കാല പ്രകൃതിയ്ക്കും സന്തോഷം മാത്രം നല്‍കട്ടെയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രകൃതിയോടുള്ള ആദരവും വലിയ ഒരു പുണ്യപ്രവൃത്തിയാണ്. അതിനായി ഈ ഹരിത പൊങ്കാലയില്‍ ഹരിതചട്ടങ്ങള്‍ പാലിച്ച് പ്രകൃതിയെ വേദനിപ്പിക്കാതെ അണിചേരാം. അല്‍പ്പം കരുതലോടെ ഈ പൊങ്കാല നമുക്ക് പൂര്‍ണ്ണമായും പ്രകൃതി സൗഹാര്‍ദ്ദമാക്കാമെന്നും കളക്ടര്‍ പറഞ്ഞു.
നാളെ രാവിലെ 9:45ന് നടക്കുന്ന ശുദ്ധപുണ്യാഹം ചടങ്ങോടെയാണഅ പൊങ്കാലയ്ക്ക് തുടക്കമാനുക. തുടര്‍ന്ന്, 10:15ന് അടുപ്പുവെട്ട് നടക്കും. ഉച്ചയ്ക്ക് 1:15ന് ശേഷമാണ് പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കുക. പൊങ്കാല അടുപ്പ് കത്തിക്കുമ്പോള്‍ മണ്ണെണ്ണ പോലുള്ള ഇന്ധനങ്ങള്‍ ഉപയോഗിക്കരുത്. പെട്രോള്‍ പമ്പുകള്‍ക്കോ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കോ സമീപത്ത് അടുപ്പ് കത്തിക്കാന്‍ പാടില്ല. ഭക്തര്‍ മുഖാമുഖമായി തന്നെ പൊങ്കാല ഇടണം. അയഞ്ഞ വസ്ത്രങ്ങള്‍ ശരീരത്തോട് ചുറ്റിവെച്ചിട്ടാകണം പൊങ്കാലയിടേണ്ടത്. പൊങ്കാലയ്ക്ക് ശേഷം അടുപ്പ് പൂര്‍ണമായും അണഞ്ഞുവെന്ന് ഉറപ്പാക്കിയിട്ടേ മടങ്ങാവൂ.