കാസര്‍കോട്: ഗതാഗത തടസ്സമുണ്ടാക്കിയെന്ന പേരില്‍ പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടുനല്‍കാത്തതില്‍ മനം നൊന്ത് ഡ്രൈവര്‍ അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എസ്‌ഐ അനൂപിന് സസ്‌പെന്‍ഷന്‍. ചന്തേര പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആണ് അനൂപ്. എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബന്ധുക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു.

എസ്‌ഐ അനൂപിനെതിരെ മുമ്പും പരാതി വന്നിരുന്നു. മറ്റൊരു ഓട്ടോ തൊഴിലാളിയെ കയ്യേറ്റം എസ്‌ഐ അനൂപ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കേസിന്റെ ആവശ്യവുമായി സ്റ്റേഷനിലെത്തിയ ഓട്ടോ ഡ്രൈവര്‍ നൗഷാദിനെ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. നൗഷാദിനെ എസ്‌ഐ തടയുന്നതും പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. താന്‍ ആരെയും കൊന്നിട്ടില്ലെന്നും എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും നൗഷാദ് എസ്‌ഐയോട് ചോദിക്കുന്നുണ്ടെങ്കിലും കയ്യേറ്റം തുടരുന്നത് ദൃശ്യത്തില്‍ കാണാം.

ഓട്ടോ പൊലീസ് പിടിച്ചെടുത്തതിന്റെ പേരില്‍, കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താര്‍ ജീവനൊടുക്കിയത് ഞെട്ടിക്കുന്ന സംഭവമായിരുന്നു. പൊലീസ് ഭീകരതയുടെ ഇരയായി ഒരു ജീവന്‍ പൊലിഞ്ഞതിന്റെ കഥ വിവരിക്കുന്ന ജംഷിദ് പള്ളിപ്രത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായുകയും ചെയ്തു.

കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബ്ദുല്‍ സത്താര്‍ എന്ന 55കാരനാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ജീവനൊടുക്കും മുമ്പ് തന്റെ അവസ്ഥ വിവരിച്ച് ഫേസ്ബുക്കില്‍ അദ്ദേഹം വീഡിയോ ഇട്ടിരുന്നു. ജീവിക്കാന്‍ വേറെ വഴിയില്ലെന്നും പൊലീസ് ഓട്ടോ വിട്ടുതരുന്നില്ലെന്നുമാണ് അദ്ദേഹം വീഡിയോയില്‍ പറഞ്ഞിരുന്നത്. കാസര്‍കോട് ഗീത ജങ്ഷന്‍ റോഡില്‍വെച്ച് അബ്ദുല്‍ സത്താര്‍ ഗതാഗതനിയമം ലംഘിച്ചുവെന്ന കുറ്റത്തിന് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വാഹനം വിട്ടുകിട്ടാന്‍ പലതവണ സ്റ്റേഷനില്‍ ബന്ധപ്പെട്ടുവെങ്കിലും നല്‍കാന്‍ പൊലീസ് തയാറായില്ലെന്നാണ് ആക്ഷേപം. സഹപ്രവര്‍ത്തകരായ മറ്റ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കൊപ്പം കാസര്‍കോട് ഡിവൈ.എസ്.പിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വിട്ടുകൊടുക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് കീഴുദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചു. ഇതിനുപിന്നാലെ, തിങ്കളാഴ്ച വൈകീട്ടോടെ അബ്ദുല്‍ സത്താറിനെ ക്വാര്‍ട്ടേഴ്‌സിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ശക്തമായ പ്രതിഷേധത്തിന് പിന്നാലെ ആരോപണ വിധേയനായ എസ്.ഐ അനൂപിനെ ചന്തേര പൊലീസ് സ്റ്റേഷനിലേക്ക് ജില്ല പൊലീസ് മേധാവി സ്ഥലംമാറ്റിയിരുന്നു.

കാസര്‍കോട് ഡിവൈ.എസ്.പിയുമായി സംസാരിച്ചപ്പോള്‍ ഓട്ടോ വിട്ടുകൊടുക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും,

മേലുദ്യോഗസ്ഥനെ കണ്ടത് കീഴ്ഉദ്യോഗസ്ഥര്‍ക്ക് ദഹിച്ചില്ല. പലകാരണങ്ങള്‍ പറഞ്ഞു പോലീസ് ഓട്ടോ വിട്ടുകൊടുക്കാതെ അയാളെ സ്റ്റേഷനില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു.

അബ്ദുള്‍ സത്താര്‍ വീഡിയോയില്‍ പറഞ്ഞത്...

'ഒക്ടോബര്‍ മൂന്നിന് വൈകീട്ടാണ് നെല്ലിക്കുന്ന് ജങ്ഷന് സമീപത്തുണ്ടായ ഗതാഗതക്കുരുക്കില്‍പ്പെട്ടത്. ലെഫ്റ്റും റൈറ്റുമെടുത്ത് പോകാന്‍ നോക്കുമ്പോള്‍ ഹോംഗാര്‍ഡ് ചാടിവീണ് ഇതിലേ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞു. വാഹനം പുറകിലേക്കോ മുന്‍പിലേക്കോ എടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ അയാള്‍ എസ്.ഐ.യെ വിളിച്ചു. എസ്.ഐ. വന്ന് താക്കോല്‍ ഊരിക്കൊണ്ടുപോയി. അതോടെ ബ്ലോക്ക് കൂടുതലായി. പിന്നെ എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മറ്റ് യാത്രക്കാര്‍ വണ്ടിയില്‍ നിന്നിറങ്ങി പ്രശ്‌നമുണ്ടാക്കിയപ്പോള്‍ പോലീസ് ഓട്ടോയെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

കുറേ നിയമങ്ങളുണ്ടല്ലോ, അതുകൊണ്ട് വകുപ്പുകള്‍ ചാര്‍ത്തി വണ്ടി പിടിച്ചിട്ടു. അറസ്റ്റ് ചെയ്തതതായും രണ്ടാളുടെ ജാമ്യം വേണമെന്നും പറഞ്ഞു. എനിക്കിവിടെ ജാമ്യം നില്‍ക്കാന്‍ ആളുകളില്ല. എന്റെ നാട് കാസര്‍കോടാണെങ്കിലും കുടുംബം മംഗളൂരുവിലാണ്. ഇവിടെ വാടകവീട്ടില്‍ ജീവിക്കുകയാണ്. എന്റെ കുടുംബത്തിന് ചെലവിന് കൊടുക്കാനുള്ള വകപോലും കൈയിലില്ല. വണ്ടി വാങ്ങിത്തന്നത് എന്റെ സുഹൃത്താണ്. അവന് ഡൗണ്‍ പേയ്‌മെന്റായി 25000 മാത്രമാണ് കൊടുത്തത്.

എന്റെ ആധാര്‍ കാസര്‍കോട്ടെ വിലാസത്തില്‍ അല്ലാത്തതിനാല്‍ അവന്റെ പേരിലാണ് വണ്ടിയുള്ളത്. അതാണ് പ്രശ്‌നമായത്. പോലീസ് ഇപ്പോള്‍ മാനസികമായി ബുദ്ധിമുട്ടിക്കുകയാണ്'- അബ്ദുള്‍ സത്താര്‍ പറഞ്ഞു. പലതവണ സ്റ്റേഷനില്‍ ചെന്നപ്പോള്‍ മനോവിഷമം ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതല്ലാതെ ഓട്ടോറിക്ഷ വിട്ടുതന്നില്ലെന്നും ഇതില്‍ മനംനൊന്ത് താന്‍ ജീവനൊടുക്കുകയാണെന്നും' പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

'ഗതാഗത തടസ്സമുണ്ടാക്കി എന്ന പോലീസ് വാദമെടുത്താലും ഒരു ചെല്ലാന്‍ ഇട്ടാല്‍ തീരുന്ന പ്രശ്‌നം. സൗകര്യം പോലെ പെറ്റിയടച്ചാല്‍ തീരുന്ന കാര്യം. പക്ഷെ കാക്കിയുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ അയാള്‍ ജീവിതം വെച്ച് കീഴടങ്ങി. പോലീസിന്റെ അധികാരത്തിനുമേലെ സഞ്ചരിക്കാനുള്ള മനക്കരുത്തോ ആരോഗ്യമോ സാമ്പത്തികമോ അയാള്‍ക്കില്ല.

സാധരണക്കാരന്‍ നേരെ നിന്ന് സംസാരിച്ചാല്‍ അയാളോട് തോന്നുന്ന വിദ്വേഷം. മേല്‍ ഉദ്യോഗസ്ഥനെ കണ്ടാല്‍ അയാളോട് തോന്നുന്ന ഫ്രസ്‌ട്രേഷന്‍. അയാളോടുള്ള അടങ്ങാത്ത പകയുടെ ഒടുവില്‍ മുറിയില്‍ തൂങ്ങിയാടുന്ന കയറ് കണ്ട് ആ പോലീസുകാര് ആനന്ദിച്ചിട്ടുണ്ടാവും.

ഈ മനുഷ്യരെ മുഴുവന്‍ ദ്രോഹിച്ച് നിങ്ങള്‍ എങ്ങനെയാണ് പോലീസുകാരെ ഒരു ദിവസമെങ്കില്‍ ഒരു ദിവസം സമാധാനത്തോടെ ഉറങ്ങുന്നത്..? നിങ്ങള്‍ക്കൊരു ഹൃദയമുണ്ടോ..? അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്തതല്ല. ഈ സിസ്റ്റം അയാളെ കൊന്നതാണ്'-ജംഷിദ് പള്ളിപ്രം കുറിച്ചു.

ജംഷിദ് പള്ളിപ്രത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഒരു അമ്പത്തിയഞ്ച് വയസ്സുകാരനേക്കാള്‍ അവശത അയാളുടെ മുഖത്തുണ്ട്. താടിയും മുടിയും നന്നേ നരച്ചിട്ടുണ്ട്. ഹൃദ്രോഗിയായ മനുഷ്യന്‍. കാലിന്റെ അസുഖം വേറെയും. രാവിലെ അഞ്ചുമണിയോടെ വാടക വീട്ടില്‍ നിന്നും ഓട്ടോയെടുത്ത് ഇറങ്ങും. ഉച്ചവരെ പണിയെടുക്കും. അല്‍പം വിശ്രമിച്ച് ഭക്ഷണവും മരുന്നും കഴിച്ച് മൂന്ന് നാലുമണിയോടെ വീണ്ടും ഓട്ടോയെടുത്ത് റോഡിലിറങ്ങും. രാത്രി പത്തുമണിവരെ ഓട്ടോ ഓടും.

വീട്ടുവാടകയും ലോണും വീട്ടുചെലവും മരുന്നിനുള്ള പണവും കണ്ടെത്തുന്നതിനിടെ അയാള്‍ കാല് വേദന മറക്കും. സാധാരണ പോലെ ഒരു ദിവസം ഓട്ടോയുമായി റോഡിലിറങ്ങി. യാത്രക്കാരുമായി പോകുമ്പോള്‍ ഒരു ഹോംഗാര്‍ഡ് അയാളുടെ ഓട്ടോയുടെ മുന്നിലേക്ക് ചാടിവീണു. മുന്നിലേക്ക് പോവാന്‍ പാടില്ലെന്ന് പറഞ്ഞു. പിറകിലേക്കും പോവാനും സാധിക്കില്ല. ഹോം ഗാര്‍ഡ് എസ്.ഐയെ വിളിച്ചു. എസ്.ഐ ഓട്ടോയുടെ താക്കോല്‍ എടുത്ത് പോയി. വണ്ടിയിലുള്ള ആളുകള്‍ പുറത്തിറങ്ങി പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ വണ്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഓട്ടോ ചോദിച്ചെത്തിയ അയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഗതാഗത തടസ്സം ഉണ്ടാക്കി എന്നതാണ് കുറ്റം.

പൊലീസ് നടപടിയില്‍ പരാതിയുമായി നേരെ എസ്.പി ഓഫിസില്‍ പോയി. അവിടെയുള്ള ഉദ്യോഗസ്ഥര്‍ ഡിവൈ.എസ്.പിയുടെ അടുത്ത് പോകാന്‍ പറഞ്ഞു. സഹപ്രവര്‍ത്തകരായ മറ്റ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കൊപ്പം കാസര്‍കോട് ഡിവൈ.എസ്.പിയുമായി സംസാരിച്ചു. ഓട്ടോ വിട്ടുകൊടുക്കാന്‍ ഡിവൈ.എസ്.പി നിര്‍ദേശം നല്‍കി. മേലുദ്യോഗസ്ഥനെ കണ്ടത് കീഴുദ്യോഗസ്ഥര്‍ക്ക് ദഹിച്ചില്ല. പലകാരണങ്ങള്‍ പറഞ്ഞു പൊലീസ് ഓട്ടോ വിട്ടുകൊടുക്കാതെ അയാളെ സ്റ്റേഷനില്‍നിന്ന് ഇറക്കിവിട്ടു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഓട്ടോ വിട്ടുതരാതെ ആയപ്പോള്‍ ഒരുമുഴം കയറില്‍ അയാള്‍ വാടക വീട്ടിലെ മുറിയില്‍ ജീവിതം അവസാനിപ്പിച്ചു.

ഇത് എം.ടി വാസുദേവന്റെയോ എം. മുകുന്ദന്റയോ നോവലിലെ കഥാപാത്രമല്ല. അയാളുടെ പേര് അബ്ദുല്‍ സത്താര്‍ എന്നാണ്. കാസര്‍ക്കോട് സ്വദേശി. പൊലീസ് ഭീകരതയുടെ ഇരയായി കഴിഞ്ഞ ദിവസം ജീവിതം അവസാനിപ്പിച്ച ഒരു സാധരണക്കാരനായ മനുഷ്യന്‍. ഗതാഗത തടസ്സമുണ്ടാക്കി എന്ന പൊലീസ് വാദമെടുത്താലും ഒരു ചെലാന്‍ ഇട്ടാല്‍ തീരുന്ന പ്രശ്‌നം. സൗകര്യം പോലെ പെറ്റിയടച്ചാല്‍ തീരുന്ന കാര്യം. പക്ഷെ കാക്കിയുടെ ധാര്‍ഷ്ഠ്യത്തിന് മുന്നില്‍ അയാള്‍ ജീവിതം വെച്ച് കീഴടങ്ങി. പൊലീസിന്റെ അധികാരത്തിനുമേലെ സഞ്ചരിക്കാനുള്ള മനക്കരുത്തോ ആരോഗ്യമോ സാമ്പത്തികമോ അയാള്‍ക്കില്ല.

സാധാരണക്കാരന്‍ നേരെ നിന്ന് സംസാരിച്ചാല്‍ അയാളോട് തോന്നുന്ന വിദ്വേഷം. മേല്‍ ഉദ്യോഗസ്ഥനെ കണ്ടാല്‍ അയാളോട് തോന്നുന്ന ഫ്രസ്‌ട്രേഷന്‍. അയാളോടുള്ള അടങ്ങാത്ത പകയുടെ ഒടുവില്‍ മുറിയില്‍ തൂങ്ങിയാടുന്ന കയറ് കണ്ട് ആ പൊലീസുകാര്‍ ആനന്ദിച്ചിട്ടുണ്ടാവും. ഈ മനുഷ്യരെ മുഴുവന്‍ ദ്രോഹിച്ച് നിങ്ങള്‍ എങ്ങനെയാണ് പൊലീസുകാരെ ഒരു ദിവസമെങ്കില്‍ ഒരു ദിവസം സമാധാനത്തോടെ ഉറങ്ങുന്നത്...? നിങ്ങള്‍ക്കൊരു ഹൃദയമുണ്ടോ...?. അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്തതല്ല. ഈ സിസ്റ്റം അയാളെ കൊന്നതാണ്.