- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അയ്യപ്പസംഗമത്തിന് നടത്തിയത് രണ്ട് ഗാനമേളകള്‍; മന്ത്രിയുടെ കണക്ക് 36 ലക്ഷം ചെലവ്, 31 ലക്ഷമെന്ന് മുന്‍പ്രസിഡന്റ്, ഹൈക്കോടതിയില്‍ കൊടുത്ത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 28 ലക്ഷവും; ലക്ഷങ്ങള്‍ കണക്കുകളിലുണ്ടെങ്കിലും പാടിയവര്‍ക്ക് കിട്ടാന്‍ ഇനിയും 18 ലക്ഷം; അയ്യപ്പ സംഗമത്തിലെ കലാപരിപാടികള്‍ക്കും കണക്ക് ഒക്കുന്നില്ല
അയ്യപ്പസംഗമത്തിന് നടത്തിയത് രണ്ട് ഗാനമേളകള്‍; മന്ത്രിയുടെ കണക്ക് 36 ലക്ഷം ചെലവ്

പത്തനംതിട്ട: എത്രകണ്ട് ശ്രമിച്ചിട്ടും ശബരിമല അയ്യപ്പ സംഗമത്തിന്റെ കണക്കുകള്‍ ടാലിയാകുന്നില്ല. മന്ത്രിയും ദേവസ്വം ബോര്‍ഡും മുന്‍ ദേവസ്വം പ്രസിഡന്റുമെല്ലാം പലവിധത്തിലുള്ള കണക്കുകളാണ് ചൂണ്ടിക്കാട്ടുന്നത്. മന്ത്രി പറയുന്നു 36 ലക്ഷം. മുന്‍ പ്രസിഡന്റിന്റെ കണക്കില്‍ 31 ലക്ഷം. ഹൈക്കോടതിയില്‍ കൊടുത്ത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ എട്ടുലക്ഷം. അയ്യപ്പസംഗമത്തിലെ കലാപരിപാടികളുടെ പുറത്തുവരുന്ന കണക്കുകളിലാണ് ഇത്തരം കാര്യങ്ങള്‍.
രണ്ട് ഗാനമേളയാണ് അയ്യപ്പസംഗമത്തിന് നടത്തിയത്. ലക്ഷങ്ങള്‍ കണക്കുകളിലുണ്ടെങ്കിലും പാടിയവര്‍ക്ക് കിട്ടാന്‍ ഇനിയും 18 ലക്ഷം. ദേവസ്വം മന്ത്രി വി.എന്‍. വാസവനാണ് 36 ലക്ഷം രൂപ അയ്യപ്പസംഗമത്തിന് സംഗീതപരിപാടികള്‍ക്ക് ചെലവായതായി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, കണക്കുകളിലെ പൊരുത്തക്കേടുകള്‍ പുറത്തുവന്നപ്പോള്‍ സംഗമം നടന്ന കാലത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഒരു കണക്ക് പുറത്തുവിട്ടിരുന്നു. അതാണ് യാഥാര്‍ഥ കണക്കെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
അതില്‍ കലാപരിപാടികള്‍ എന്നയിനത്തില്‍ പറഞ്ഞിരിക്കുന്നത് 31 ലക്ഷം എന്നാണ്. എന്നാല്‍ ഹൈക്കോടതിയില്‍ കൊടുക്കുന്നതിന്മുമ്പ് ദേവസ്വം ബോര്‍ഡ് തിരുവനന്തപുരത്തെ വിജയന്‍ അസോസിയേറ്റ്സിനെക്കൊണ്ട് ഓഡിറ്റ് ചെയ്ത കണക്കുകളില്‍ സാംസ്‌കാരിക പരിപാടി എന്ന ഇനത്തില്‍ എട്ടുലക്ഷം മാത്രമാണ് കാണിച്ചിരുന്നത്. അതിലാണ് നന്ദഗോവിന്ദം ഭജന്‍സാണ് പരിപാടി നടത്തിയത് എന്ന് പറഞ്ഞിരുന്നത്. എട്ടു ലക്ഷമായിരുന്നെങ്കിലും രണ്ടുലക്ഷം മാത്രമാണ് കൊടുത്തതെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഇത് വിവാദമായപ്പോള്‍ നന്ദഗോവിന്ദം എന്നത് തെറ്റി എഴുതിയതാണെന്നും ഇഷാന്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഭക്തിഗാന സദസ്സായിരുന്നു എന്നും ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു. അതിന് എട്ടു ലക്ഷം രൂപയായെന്നും ആ തുക ഇഷാന്‍ ദേവിന്റെ അക്കൗണ്ടിലേക്ക് കൈമാറിയെന്നുമാണ് ദേവസ്വം ബോര്‍ഡ് പി.ആര്‍.ഒ. ഇറക്കിയ പത്രക്കുറിപ്പിലുണ്ടായിരുന്നത്. എന്നാല്‍, മന്ത്രി നിയമസഭയില്‍ പറഞ്ഞ കണക്കില്‍ ഇഷാന്‍ദേവിന് നാലുലക്ഷമേ കൊടുത്തിട്ടുള്ളൂ എന്ന് വ്യക്തമാക്കി.
വിജയ് യേശുദാസും വീരമണിരാജുവും സുദീപ്കുമാറും ചേര്‍ന്ന് നടത്തിയ ഗാനമേളയ്ക്കാണ് 28 ലക്ഷം രൂപ ചെലവായതായി മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഈ തുകയെക്കുറിച്ചോ, ഇങ്ങനൊരു പരിപാടിയെക്കുറിച്ചോ പരാമര്‍ശവുമുണ്ടായിരുന്നില്ല. മന്ത്രിയുടെ കണക്കുപ്രകാരം വിജയ് ശേുദാസിനും സംഘത്തിനും ഇനി 14 ലക്ഷം കൊടുക്കാനുണ്ട്. അങ്ങനെയാണ് മൊത്തം കൊടുക്കാനുള്ളത് 18 ലക്ഷമാകുന്നത്.
നന്ദഗോവിന്ദം ഭജന്‍സാണ് കേരളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ തുക വാങ്ങുന്ന ഭക്തിഗാന ട്രൂപ്പ്. ഏഴുമുതല്‍ 10 ലക്ഷം വരെയാണ് അവരുടെ നിരക്ക്. എന്നാല്‍, പമ്പയില്‍ പാടിയ ഇഷാന്‍ദേവ് സംഘത്തിന്റെ അഞ്ചുദിവസത്തെ താമസത്തിന്റെയും റിഹേഴ്സലിന്റെയും ചെലവ് ദേവസ്വം വഹിച്ചു. വിജയ് യേശുദാസിന്റെ പരിപാടിക്ക് രണ്ടുദിവസത്തെ താമസവും റിഹേഴ്സല്‍ ചെലവുമായിരുന്നു ദേവസ്വം വക.
പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം നടത്തിയതിലെ വരവുചെലവു കണക്കുകളില്‍ കണ്ടെത്തിയ പൊരുത്തക്കേടുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന ഓഡിറ്റ് വകുപ്പും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സ്വതന്ത്ര ഓഡിറ്റിങ്ങില്‍ കണ്ടെത്തിയ പൊരുത്തക്കേടുകളില്‍ ഫെബ്രുവരി 27-നകം വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്.
ബോര്‍ഡിനുവേണ്ടി വിജയന്‍ ആന്‍ഡ് അസോസിയേറ്റ് എന്ന ചാര്‍ട്ടേഡ് അക്കൗണ്ട് സ്ഥാപനമാണ് ഓഡിറ്റിങ് നടത്തിയത്. അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കുകീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന് ടെന്‍ഡറില്ലാതെ കരാര്‍ ചെയ്തത് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതിഥികള്‍ക്ക് നല്‍കാനായി 4100 പായ്ക്കറ്റ് വീതം അപ്പം, അരവണ, വിഭൂതി, മഞ്ഞള്‍, കുങ്കുമം, ആടിയശിഷ്ടം നെയ്, ഒരു കിലോ ചന്ദനം എന്നിവ കരുതിയിരുന്നു. ഇവയുടെ തുക രേഖപ്പെടുത്തിയിട്ടില്ല. ഉപകരാര്‍ കൊടുത്തതിന്റെ ബില്ലുകള്‍ ഓഡിറ്റിങ്ങിന് കിട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ജി.എസ്.ടി., ഇന്‍പുട്ട് ടാക്സ് ഇനങ്ങളിലും പൊരുത്തക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി വിശദീകരണം തേടിയത്.
അയ്യപ്പസംഗമത്തിനുള്ള തുക സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുമെന്നാണ് സര്‍ക്കാരും ബോര്‍ഡും പറഞ്ഞിരുന്നത്. എന്നാല്‍, ഇത് പൂര്‍ണമായും സാധിക്കാതെവന്നതോടെ ബോര്‍ഡിന് 3.40 കോടി രൂപ ചെലവഴിക്കേണ്ടിവന്നു. അഞ്ചുകോടി രൂപയാണ് സംഗമത്തിന് ആകെ ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ആറുകോടിയിലേറെ ചെലവായി എന്നാണ് ഓഡിറ്റിങ്ങിലുള്ളത്.


