തിരുവനന്തപുരം: കണ്ണൂര്‍ അഴീക്കലില്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത് അന്താരാഷ്ട്ര ഗ്രീന്‍ഫീല്‍ഡ് തുറമുഖം. അനുബന്ധമായുള്ള ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, പ്രത്യേക സാമ്പത്തിക മേഖല എന്നിവയുടെ വികസനവും നടപ്പിലാക്കും. ഇതിനുള്ള കരട് റിപ്പോര്‍ട്ടിനാണ് അംഗീകാരമാകുന്നത്. സിഎംഡി തയ്യാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിച്ച് നടപടി സ്വീകരിക്കും. വരുമാനത്തിന്റെ ഒരു ഭാഗം സര്‍ക്കാരിന് നല്‍കുന്നതിന് വ്യവസ്ഥയുണ്ടാക്കും. കേന്ദ്ര സര്‍ക്കാരില്‍നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭ്യമാക്കാനുള്ള നടപടികള്‍ക്കും അംഗീകാരം നല്‍കി.

മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് ആന്‍ഡ് സെസ് ലിമിറ്റഡ് എന്ന പേരില്‍ പ്രത്യേക കമ്പനി രൂപീച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാണ് ഇതിന്റെ ചെയര്‍മാന്‍. 5000 ടിഇയു വരെ ശേഷിയുള്ള പനമാക്‌സ് വലിപ്പമുള്ള ചരക്ക് കപ്പല്‍ അടുപ്പിക്കാനാകുന്ന തുറമുഖമാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രദേശത്തെ വിശദമായ മണ്ണ് പരിശോധന ( ജിയോ ടെക്‌നിക്കല്‍ ഇന്‍വസ്റ്റിഗേഷന്‍) പൂര്‍ത്തിയാക്കി. അന്തിമ റിപ്പോര്‍ട്ട് 2022 ജനുവരിയില്‍ ലഭിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. കേരളത്തിലെ വടക്കന്‍ ജില്ലകളിലേക്കുള്ള ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനായി പോര്‍ട്ടിന്റെ ആഴം കൂട്ടിയും കൂടുതല്‍ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിയും തുറമുഖത്തിന്റെ ശേഷി വര്‍ദ്ധിപ്പിച്ചും അഴിക്കല്‍ തുറമുഖത്തിന്റെ സമഗ്രവികസനം നടപ്പിലാക്കും.

കയറ്റുമതി - ഇറക്കുമതി വ്യാപാരം വര്‍ധിപ്പിക്കുന്നതിനും പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. വ്യവസായ പാര്‍ക്കുകളുടെ വികസനത്തിനും മറ്റുമായി കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഭൂമി ഏറ്റെടുക്കുന്നതിനും കൈമാറുന്നതിനുമുള്ള പ്രാരംഭ നടപടിയും മാസ്റ്റര്‍പ്ലാനും തയ്യാറാക്കുകയാണ്. ക്രൂസ് ടൂറിസത്തിന് ഏറെ സാധ്യതയുള്ള തുറമുഖമാണ് അഴീക്കല്‍. വിനോദസഞ്ചാരികള്‍ക്കു കൂടി പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍ അടിസ്ഥാന സൗകര്യം ഒരുക്കും. മിനിമ വിഴിഞ്ഞം തുറമുഖമാകും മലബാറില്‍ യാഥാര്‍ത്ഥ്യമാക്കുക.

അഴീക്കല്‍ തുറമുഖവികസനം പ്രത്യേക അജന്‍ഡയായി അടുത്ത മാരിടൈം ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കേരളത്തിലെ ചെറുകിട തുറമുഖങ്ങളുടെയെല്ലാം സാധ്യതകള്‍ വര്‍ധിക്കും. അഴീക്കലില്‍ കപ്പല്‍ ചാലിന്റെ ആഴം കൂട്ടുന്നതിനാണ് പ്രഥമ പരിഗണന. ഇതിനായി സിഎസ്ഡി ചന്ദ്രഗിരി പ്രവര്‍ത്തനസജ്ജമാക്കും. മണ്‍സൂണ്‍ കഴിഞ്ഞാലുടന്‍ ഡ്രജിങ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ആഴം 4 മീറ്ററാക്കും.

ചരക്കുനീക്കം തുടങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഗോഡൗണ്‍ നിര്‍മിക്കാന്‍ 5.5 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. അഴീക്കല്‍, ബേപ്പൂര്‍ ഉള്‍പ്പെടെയുള്ള ചെറുകിട തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് ക്രൂസ് സര്‍വീസ് ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം അഴീക്കല്‍ തുറമുഖത്ത് മണല്‍ ശുദ്ധീകരണ പ്ലാന്റും സജ്ജമാക്കും. ഇതിനുള്ള കരാര്‍ നല്‍കിയിട്ടുണ്ട്. തുറമുഖ പരിധിയിലെ കടവുകളില്‍നിന്നുള്ള മണലെടുപ്പ് വൈകാതെ പുനരാരംഭിക്കും. അഴീക്കല്‍ ലൈറ്റ്ഹൗസിനെ വിനോദസഞ്ചാരകേന്ദ്രമായി മാറ്റും.

1946 മുതല്‍ അഴീക്കലില്‍ നിന്ന് ചരക്ക് കപ്പല്‍ സര്‍വീസ് നടത്തിയ ചരിത്രമുണ്ട് വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സിന്. അഴീക്കലില്‍നിന്ന് ചരക്കുകപ്പല്‍ സര്‍വീസ് പുനരാരംഭിച്ചാല്‍ കപ്പല്‍ നിറയുമെന്നാണ് പ്രതീക്ഷ. തുറമുഖത്തിനു കീഴിലെ മണല്‍ക്കടവുകള്‍ അടച്ചിട്ടതു കാരണം തൊഴില്‍നഷ്ടവും വരുമാനനഷ്ടവും സംഭവിക്കുന്നു. മണല്‍ക്കടത്ത് സജീവമാണ്. പൊലീസ് ഇടപെടുന്നുമില്ല. തുറമുഖത്ത് ഡ്രജിങ് നടത്തി കപ്പല്‍ചാലിന്റെ ആഴം കൂട്ടണം. കടവുകളില്‍ മണലെടുപ്പിന് നിയമാനുസൃത സംവിധാനം ഒരുക്കണം എന്നും ആവശ്യമുണ്ട്.