ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ലയെ ലാക്കാക്കി പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മ്മിച്ച ഹംഗറി കേന്ദ്രമായ ബി എ എസ് കണ്‍സള്‍ട്ടിങ് എന്ന കമ്പനി മൊസാദ് രൂപീകരിച്ച ഷെല്‍ കമ്പനിയെന്ന് സംശയം. ലെബനനിലേക്ക് കയറ്റി അയയ്ക്കും മുമ്പ് പേജറുകളില്‍ കൃത്രിമം കാട്ടാന്‍ രൂപീകരിച്ച ഷെല്‍ കമ്പനിയാണിതെന്ന് ന്യൂയോര്‍ക്ക് ടൈംസ് മൂന്ന് ഇസ്രയേലി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

ഗോള്‍ഡ് അപ്പോളോ എന്ന തായ് വാന്‍ കമ്പനിക്ക് വേണ്ടി പേജറുകള്‍ നിര്‍മ്മിക്കാന്‍ കരാര്‍ എടുത്ത കമ്പനിയാണ് ബി എ സി കണ്‍സള്‍ട്ടിങ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പേജറുകള്‍ നിര്‍മ്മിച്ച യഥാര്‍ഥ ആളുകളെ മറച്ചുവയ്ക്കാന്‍ മറ്റുരണ്ടുഷെല്‍ കമ്പനികള്‍ കൂടി മൊസാദ് രൂപീകരിച്ചു.




സാധാരണ ഉപഭോക്താക്കളയല്ല ബി എ സിക്ക് വേണ്ടിയിരുന്നത്. ഹിസ്ബുല്ല അവര്‍ക്ക് പ്രധാനപ്പെട്ട ക്ലയന്റുകളായിരുന്നു. പേജറിന്റെ ബാറ്ററികളില്‍ പെന്റാഎരിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ് (PETN) സ്‌ഫോടക വസ്തു പിടിപ്പിച്ചിരുന്നു. ഇത് വളരെ പ്രഹരശേഷിയുള്ള സ്‌ഫോടക വസ്തുവാണ്. മൂന്നുഗ്രാം മാത്രം വരുന്ന സ്‌ഫോടക വസ്തുക്കള്‍ സ്‌കാനിങ്ങില്‍ പോലും തിരിച്ചറിയാനാവാത്ത വിധം രഹസ്യമായി പ്ലാന്റ് ചെയ്തു. കോഡഡ് സന്ദേശങ്ങള്‍ വഴി വിദൂരത്തിരുന്ന് പേജറുകളിലെ സ്‌ഫോടക സംവിധാനത്തെ സജീവമാക്കുകയായിരുന്നു എന്നാണ് സംശയം. സാധാരണ സ്‌കാനറുകള്‍ വഴി ഇവ തിരിച്ചറിയുക സാധ്യമായിരുന്നില്ല.

വാക്കി ടോക്കികളും പേജറുകള്‍ വാങ്ങിയ അതേ സമയത്ത് തന്നെയാണ് വിതരണം ചെയ്തത്. ഐ സി ഒ എം എന്ന് ലേബല്‍ ചെയ്ത ഈ ഡിവൈസുകള്‍ ജപ്പാനിലാണ് നിര്‍മ്മിച്ചത്. ഇവയിലും നിര്‍മ്മാണ സമയത്ത് തന്നെ മൊസാദ് കൃത്രിമം കാണിച്ചു എന്നാണ് ഹിസ്ബുല്ലയുടെ നിഗമനം. പേജറുകളെ പൊട്ടിത്തെറിപ്പിച്ച കോഡഡ് സന്ദേശ മാര്‍ഗ്ഗം തന്നെയാണ് വാക്കി ടോക്കികളിലും ഉപയോഗിച്ചതെന്ന് കരുതുന്നു.

ഒരു കോഡഡ് സന്ദേശം വഴിയാണ് സ്‌ഫോടക വസ്തുവിനെ പൊട്ടിത്തെറിപ്പിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിസ്ബുല്ലയില്‍ നിന്നുള്ള ആഭ്യന്തര സന്ദേശം എന്ന വ്യാജേന വന്ന സന്ദേശം വായിക്കാന്‍ പേജര്‍ തുറന്നതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ആളുകള്‍ പേജറുകളില്‍ നോക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.




കുഴിച്ചിടുകയോ ഇരുമ്പ് പെട്ടിയില്‍ വയ്ക്കുകയോ ചെയ്യുക

ശത്രവിനെ നിരീക്ഷിക്കാന്‍ ഇസ്രയേല്‍ നേരത്തെ ഫോണുകളുടെ ഹാക്കിങ്ങും സൈബര്‍ ആക്രമണങ്ങളും എല്ലാം പരീക്ഷിച്ചിരുന്നു. ഇതോടെ, ഫെബ്രുവരിയില്‍ ഹിസ്ബുല്ല മേധാവി ഹസന്‍ നസ്രല്ല ആധുനിക മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിക്കാനും താരതമ്യേന സുരക്ഷിതമായ പഴയകാല സാങ്കേതിക വിദ്യ ഉള്ള പേജറുകളിലേക്ക് മാറാനും നിര്‍ദ്ദേശിക്കുകയായിരുന്നു. ലെബനനില്‍ ഒരു സീനിയര്‍ കമാന്‍ഡര്‍ അടക്കം 170 ഹിസ്ബുല്ല അംഗങ്ങളും ബെയ്‌റൂട്ടില്‍ ഒരു ഉന്നത ഹമാസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതോടെയാണ് ഈ അടിയന്തര തീരുമാനം എടുത്തത്.

മൊബൈല്‍ ഫോണുകള്‍ കുഴിച്ചിടുകയോ, ഇരുമ്പ് പെട്ടിയില്‍ വച്ച് പൂട്ടുകയോ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. നേരത്തെയും ബി എ സി വളരെ ചെറിയ തോതില്‍ ലെബനിലേക്ക് പേജറുകള്‍ വിതരണം ചെയ്തിരുന്നു. ഫോണുകള്‍ ഉപേക്ഷിക്കാനും 5000 പേജറുകള്‍ വാങ്ങാനും നസ്രല്ല ഉത്തരവിട്ടതോടെ അത് ശവപ്പെട്ടിയില്‍ അവസാനത്തെ ആണി അടിക്കുന്നതിന് തുല്യമാവുകയായിരുന്നു. ഒരുവര്‍ഷമായി ഇസ്രയേല്‍ ആസൂത്രണം ചെയ്തിരുന്ന പദ്ധതി കൂടുതല്‍ എളുപ്പമാവുകയായിരുന്നു.




ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍

ഇസ്രയേല്‍ എല്ലാ ചുവന്ന രേഖകളും ലംഘിച്ചിരിക്കുകയാണെന്നും തിരിച്ചടി നല്‍കുമെന്നും ഹിസ്ബുല്ല മേധാവി പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം, ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്ക് നേരെ കടുത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുയാണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍. തെക്കന്‍ ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളാണ് യുദ്ധവിമാനങ്ങള്‍ ലക്ഷ്യമിട്ടത്.

ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ താഴ്ന്നുപറന്ന് ബെയ്‌റൂട്ടിന് മേലുള്ള ശബ്ദപ്രതിരോധ സംവിധാനം ഭേദിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. കുടിയൊഴിഞ്ഞുപോയ ഇസ്രയേലികളെ വടക്കന്‍ ഇസ്രയേലില്‍ അവരുടെ വീടുകളിലേക്ക് തിരികെയെത്തിക്കാനാണ് തങ്ങളുടെ ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.