- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന് അനുവദിച്ചിട്ടുള്ളത് 14 പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുടെ തസ്തിക; ഇപ്പോഴുള്ളത് വെറും ഏഴു പേര്; ഫെബ്രുവരിയില്‍ ഒരാള്‍ വിരമിക്കും; എന്നിട്ടും പ്രധാനമന്ത്രിയോട് അനുമതി വാങ്ങാതെ അശോകിനെ മാറ്റിയ പിണറായി; 'ടിപി സെന്‍കുമാര്‍' കേസിലെ തിരിച്ചടിയും പഠാമായില്ല; ഐഎഎസുകാരുടെ നേതാവിന്റെ മാറ്റം സര്‍ക്കാരിന് തലവേദന തന്നെ
തിരുവനന്തുപുരം: ഐ.എ.എസ്. കേഡറിനു പുറത്തേക്ക് സമ്മതം തേടാതെ മാറ്റിയതിനെതിരെ ബി ആശോക് നടത്തുന്ന നിയമ യുദ്ധം സര്‍ക്കാരിന് തലവേദനയാകും. ഇതില്‍ ചില നിയമ പ്രശ്‌നങ്ങളുണ്ടെന്ന ഉപദേശം സര്‍ക്കാരിന് ലഭിച്ചതായാണ് സൂചന. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോകിന്റെ നീക്കം അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാരിന് തലവേദനയായവുകയാണ്. 1954-ലെ ഐ.എ.എസ്. കേഡര്‍ നിയമത്തിന്റെയും ഇതുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി നിര്‍ദേശങ്ങളുടെയും ലംഘനമാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത് പ്രാഥമികമായി ട്രൈബ്യൂണല്‍ അംഗീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വ്യക്തമായ നിയമോപദേശങ്ങളിലൂടെയാകും ട്രൈബ്യൂണലിന് നല്‍കേണ്ട മറുപടി തയ്യാറാക്കുക. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോടതിയിലെ നിയമയുദ്ധ കരുത്തില്‍ ടിപി സെന്‍കുമാര്‍ വീണ്ടും ഡിജിപിയായി. ഇത് സര്‍ക്കാരിന് നാണക്കേടായി മാറി. ഇതേ സാഹചര്യം അശോക് വിഷയത്തില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. അശോകിന് കേന്ദ്രത്തില്‍ സീനിയര്‍ അഡിഷണല്‍ സെക്രട്ടറി റാങ്കുള്ളതിനാല്‍ പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ കമ്മിഷനായി നിയമിക്കാനാവില്ലെന്നും നിയമ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
മതിയായ കാരണമുണ്ടാവുക, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സമ്മതമുണ്ടാവുക എന്നിവയാണ് കേഡറിനുപുറത്തേക്ക് ഉദ്യോഗസ്ഥരെ മാറ്റാനുള്ള വ്യവസ്ഥയായി സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഇതു രണ്ടും തന്റെകാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് ബി. അശോക് പറയുന്നു. കേരളത്തിന് 14 പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുടെ തസ്തികയാണ് അനുവദിച്ചിട്ടുള്ളത്. നിലവില്‍ ഏഴുപേരേയുള്ളൂ. ഫെബ്രുവരിയില്‍ ഒരാള്‍ വിരമിക്കും. ഈ സാഹചര്യത്തില്‍ ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ തസ്തിക സര്‍ക്കാര്‍ വേണ്ടെന്നുവെക്കുന്നതിന് ഒരു ന്യായീകരണവുമില്ലെന്നതാണ് വസ്തുത. അശോകിനോടുള്ള പ്രതികാരമാണ് ഇതിന് പിന്നിലെന്നാണ് തെളിയുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കുള്ള തന്നെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മിഷനായി നിയമിച്ചതിനെതിരെ ചീഫ് സെക്രട്ടറിക്ക് അശോക് കത്തയച്ചിരുന്നു. ചട്ടങ്ങള്‍ പാലിക്കാത്ത ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പദവി തനിക്ക് ഏറ്റെടുക്കാനാവില്ലെന്ന് അശോക് കത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഇതും സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തില്ല.
ഭരണസര്‍വീസില്‍ സുപ്രധാന ചുമതല വഹിക്കുന്ന, കേഡര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ കേഡറിനു പുറത്തേക്കു മാറ്റാനാവില്ലെന്ന ചട്ടവും ലംഘിക്കപ്പെട്ടു. സ്വതന്ത്ര സ്ഥാപനമായ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷപദം കേഡറിനു പുറത്തുള്ളതാണ്. അത് ഏറ്റെടുക്കാനാവില്ല. തദ്ദേശ വകുപ്പില്‍ നാല് മാസം മാത്രമേ താന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളൂ. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒട്ടേറെ ഐഎഎസ് ഉദ്യോഗസ്ഥര്‍ സര്‍വീസിലുണ്ടെന്നും ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ബി. അശോക് ചൂണ്ടിക്കാട്ടിയിരുന്നു. ഡോ.ബി.അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മിഷനായി നിയമിച്ചത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ്. സിവില്‍സര്‍വീസ് ചട്ടഭേദഗതി പ്രകാരം,സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ കമ്മിഷന്‍,ട്രൈബ്യൂണലായി നിയമിക്കുന്നതിന് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണം. ഇതിനായി സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തില്‍ ശുപാര്‍ശ അയയ്ക്കാം. കേന്ദ്രത്തില്‍ ജോയിന്റ് സെക്രട്ടറി വരെയുള്ളവരുടെ ഫയലുകള്‍ പഴ്‌സണല്‍ സഹമന്ത്രിയും അതിനു മുകളിലുള്ളവരുടെ ഫയല്‍ പഴ്‌സണല്‍ മന്ത്രാലയത്തിന്റെ ചുമതലയുള്ള പ്രധാനമന്ത്രിയുമാണ് അംഗീകരിക്കേണ്ടത്.
സിവില്‍ സര്‍വീസുകാരെ കേന്ദ്രത്തിനെതിരായ അന്വേഷണങ്ങള്‍ക്കടക്കം നിയോഗിക്കാതിരിക്കാനാണ് അനുമതി വേണമെന്ന ചട്ടഭേദഗതി കൊണ്ടുവന്നത്. ഇത് പരിഗണിക്കാതെയാണ് അശോകിന്റെ നിയമനം മന്ത്രിസഭ തീരുമാനിച്ചത്. ഇതെല്ലാം പരിഗണിച്ചാണ് തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷനായി നിയമിക്കപ്പെട്ട ബി. അശോകിന് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാര്‍ഷികോത്പാദന കമ്മിഷണര്‍ സ്ഥാനത്തുതന്നെ തുടരാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സി.എ.ടി.) അനുമതി കിട്ടിയത്. കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചത് ചോദ്യംചെയ്ത് അശോക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ജനുവരി 24 വരെ നിലവിലെ സ്ഥാനങ്ങളില്‍ തുടരാനാണ് സി.എ.ടി.യുടെ നിര്‍ദേശം. സര്‍ക്കാര്‍ വിശദീകരണപത്രിക നല്‍കുന്നതുവരെ തത്സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് അശോക്. ചട്ടങ്ങള്‍ പാലിക്കാത്ത ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പദവി തനിക്ക് ഏറ്റെടുക്കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് അശോക് ഇപ്പോഴും. ഐഎഎസ് കേഡറിനു പുറത്തുള്ള പദവിയില്‍ നിയമിക്കുമ്പോള്‍ ഉദ്യോഗസ്ഥനില്‍നിന്നു മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് തന്റെ കാര്യത്തില്‍ പാലിച്ചില്ലെന്ന് അശോക് പറയുന്നു.