തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരായ വകുപ്പ് തല അന്വേണഷം വെറുതെയായി. കുറ്റമൊന്നും കണ്ടെത്താന്‍ കഴിയാതെ രണ്ടു മാസം കൊണ്ട് ഗോപാലകൃഷ്ണനെ തിരിച്ചെടുത്തു. ഇതോടെ ക്ലീന്‍ ചിറ്റ് കിട്ടുകയാണ് ഗോപാലകൃഷ്ണന്. അതിനിടെ ബി.അശോകിനെ കൃഷിവകുപ്പില്‍ നിന്നു മാറ്റി തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷനായി നിയമിച്ചത് വകുപ്പുമന്ത്രി പോലും അറിയാതെയാണെന്ന വിവരവും പുറത്തു വരുന്നുണ്ട്.

മന്ത്രിസഭയില്‍ വിഷയം എത്തിയപ്പോഴാണ് മന്ത്രി അറിയുന്നത്. കൃഷിവകുപ്പില്‍ ഒട്ടേറെ വന്‍കിട പദ്ധതികള്‍ക്കു തുടക്കമിട്ടിരിക്കെ ഇതിനു ചുക്കാന്‍ പിടിക്കുന്ന സെക്രട്ടറിയെ മാറ്റിയതിനാല്‍ വകുപ്പിനു കടുത്ത അതൃപ്തിയുണ്ട്. സെക്രട്ടറിയെ മാറ്റുന്ന കാര്യം കൃഷിമന്ത്രിയുമായി മുന്‍കൂട്ടി ചര്‍ച്ച ചെയ്യാത്തതിനാല്‍ നീക്കത്തെ തടയാനും കഴിഞ്ഞില്ലെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കൃഷി മന്ത്രി പി പ്രസാദ് തീര്‍ത്തും അതൃപ്തനാണ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമതലയാണ്. അധികാരവും മുഖ്യമന്ത്രിക്കുണ്ട്. ഇതുപയോഗിച്ചാണ് അശോകനെ മാറ്റുന്നത്.

ലോകബാങ്കിന്റെ 2,650 കോടിയുടെ പദ്ധതിക്കു വേണ്ടി മുന്‍കൈയെടുത്ത അശോക് ആ തുകയുടെ ആദ്യ ഗഡു ലഭിക്കുന്നതിനു തൊട്ടുമുന്‍പാണ് വകുപ്പില്‍ നിന്നു പോകുന്നത്. കൃഷിക്കാരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്ന ഫാര്‍മേഴ്‌സ് റജിസ്റ്റര്‍ പദ്ധതിയും അശോകിന്റെ നേതൃത്വത്തില്‍ നടപ്പാക്കിത്തുടങ്ങി. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാര്‍ഷികോല്‍പാദന കമ്മിഷണര്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നീ പദവികളില്‍ നിന്നു മാറ്റിയാണ് അശോകിനെ കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചത്. ഐഎഎസ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് പി അശോക്. മുമ്പും ഇത്തരത്തിലുള്ള അപ്രതീക്ഷിത മാറ്റങ്ങള്‍ അശോകനെതിരെ ഉണ്ടായിട്ടുണ്ട്. ഇത് ഐഎഎസുകാരെ മുഴുവന്‍ ഞെട്ടിച്ചിട്ടുണ്ട്.

ആരോഗ്യ കാരണങ്ങളാല്‍ അവധിയെടുക്കുന്നതിനാല്‍ അദ്ദേഹം ഉടന്‍ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളിലേക്കു കടക്കില്ലെന്നാണു സൂചന. അശോകിനു പകരം ആരെ കൃഷിവകുപ്പിലേക്കു നിയമിക്കണമെന്നു തീരുമാനിച്ചിട്ടില്ല. സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍.പ്രശാന്തിനു ബി.അശോകിന്റെ പിന്തുണയുണ്ടെന്ന ധാരണയിലാണ് വകുപ്പില്‍ നിന്നുള്ള മാറ്റമെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ സംസാരം. കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പദവിയില്‍ നിന്നാണ് പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്. അടുത്ത കാലത്തൊന്നും പ്രശാന്തിനെ തിരിച്ചെടുക്കില്ലെന്നാണ് വിലയിരുത്തല്‍.

കമ്മിഷനിലേക്കു നിയമിക്കുന്നതോടെ അശോക് സെക്രട്ടേറിയറ്റിനു പുറത്താകും. ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. കമ്മിഷന്‍ അധ്യക്ഷനാകുന്നതോടെ ഈ പദവി ഒഴിയണമെന്ന ആവശ്യം ഐഎഎസിലെ എതിര്‍ലോബി ശക്തമാക്കും. ഇതിന് വേണ്ടി കൂടിയാണ് മാറ്റമെന്നാണ് സൂചന. തദ്ദേശ വകുപ്പിലെ നിയമങ്ങള്‍, ചട്ടങ്ങള്‍, മാര്‍ഗ നിര്‍ദേശങ്ങള്‍ തുടങ്ങിയവ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ടാണ് തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്‍ രൂപീകരിക്കുന്നത്. ഐഎഎസ് അസോസിയേഷനെ കുറേ നാളായി നയിക്കുന്നത് ബി അശോകാണ്. ഇത് കാരണം പല വിഷയങ്ങളിലും നീതിയുടെ ഭാഗത്ത് അസോസിയേഷന്‍ നില്‍ക്കുന്നു. പ്രശാന്തിന് പോലും അസോസിയേഷനില്‍ നിന്നും നിയമോപദേശം കിട്ടുമോ എന്ന സംശയം ഇടതു കേന്ദ്രങ്ങള്‍ക്കുണ്ട്.

ഇതെല്ലാം പരിഗണിച്ചാണ് നീക്കങ്ങള്‍. ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റായി ഇടതു സര്‍ക്കാരിന്റെ അതിവിശ്വസ്തനായ ഒരാളെ എത്തിക്കാനാണ് നീക്കം. അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ജയതിലകിന് സര്‍ക്കാര്‍ പുതിയ ഉത്തരവാദിത്തവും നല്‍കി. ജയതിലകിനും ഗോപാലകൃഷ്ണനും എതിരെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് പ്രശാന്ത് സസ്‌പെന്‍ഷനിലായത്.