കൊച്ചി: സര്‍ക്കാര്‍ രൂപീകരിക്കുന്ന സിനിമാ നയരൂപീകരണ സമിതിയില്‍നിന്ന് മാറിനില്‍ക്കില്ലെന്ന് ഫെഫ്ക്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണിക്കൃഷ്ണന്‍. തനിക്കെതിരെ പരാതി നല്‍കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നാണ് മനസിലാക്കുന്നത്. ഫെഫ്ക്ക ജനറല്‍ സെക്രട്ടറിയെയാണ് ആ സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അല്ലാതെ ബി.ഉണ്ണിക്കൃഷ്ണനെന്ന വ്യക്തിയെയല്ല. സിനിമയില്‍ പവര്‍ ഗ്രൂപ്പല്ല, ശക്തമായ കൂട്ടുകെട്ടുകളാണുള്ളതെന്നും ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.

നയരൂപീകരണ സമിതിയില്‍ മലയാള സിനിമയിലെ 21 ക്രാഫ്റ്റുകളെ പ്രതിനിധീകരിച്ചാണ് താനുള്ളതെന്ന് ബി.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. അവിടെ താന്‍ പറയുന്ന അഭിപ്രായങ്ങള്‍ ഈ 21 ക്രാഫ്റ്റുകളില്‍നിന്നും ക്രോഡീകരിച്ചെടുത്തതായിരിക്കും. ഇവരുടെയെല്ലാം അഭിപ്രായങ്ങള്‍ പാടേ ഒഴിവാക്കിക്കൊണ്ടുള്ള നയം എങ്ങനെ കേള്‍ക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. അമ്മയിലെ സംഘടനാ സംവിധാനത്തിലെ പോരായ്മയും ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ജഗദീഷിനെതിരായ പരോക്ഷ സൂചനകളാണ് ഇതെല്ലാം.

മറ്റൊരു സംഘടനയേക്കുറിച്ച് ഞാന്‍ പറയുന്നത് ശരിയല്ല. ഒരു ട്രേഡ് യൂണിയന്‍ സംവിധാനമൊന്നുമല്ലല്ലോ അവരുടേത്. സെക്രട്ടറി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു ഭാരവാഹി മറ്റൊരിടത്ത് പ്രതികരിക്കുന്നത് കണ്ടു. അതൊരു സംഘടനാ രീതിയല്ലല്ലോ. അതൊരു ട്രേഡ് യൂണിയനായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. വ്യക്തമായ സംഘടനാ സ്വഭാവമേ അമ്മയ്ക്കില്ല. വളരെ പരിമിതമായ കാര്യങ്ങള്‍ നിര്‍വഹിക്കാനാണ് ഈ കൂട്ടായ്മയെന്ന് അവര്‍ പറഞ്ഞേക്കാം, അത് ശരിയായിരിക്കാം. പക്ഷേ പൊതുസമൂഹത്തോട് സംവദിക്കേണ്ട ഗൗരവമേറിയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അയഞ്ഞ രൂപഘടന അവര്‍ക്കൊരു ബാധ്യതയാവുന്നുണ്ട്.

സംഘടനാപരമായി തഴക്കമോ വഴക്കമോ ഉള്ളയാളല്ല മോഹന്‍ലാല്‍. നിരവധി ചോദ്യങ്ങള്‍ ചോദിച്ചാല്‍ അതിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് പോകാന്‍ അദ്ദേഹത്തിന് കഴിയുമെന്നും തോന്നുന്നില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതയാണ്. പക്ഷേ ഉത്തരവാദിത്തപ്പെട്ടൊരു സംഘടനയുടെ ഭാരവാഹിയെന്ന നിലയില്‍ അദ്ദേഹത്തിന് ആ ധര്‍മം പൊതുസമൂഹം പ്രതീക്ഷിക്കുന്നവിധം നിര്‍വഹിക്കാന്‍ കഴിയാതെ വരുമ്പോഴാണല്ലോ രാജിയിലേക്കെത്തുന്നത്. ആ സത്യസന്ധതയെ ഞാന്‍ ബഹുമാനിക്കുന്നുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

21 യൂണിയനുകളുടെ ഫെഡറേഷനാണ് ഫെഫ്ക്ക. ആ യൂണിയനുകളുടെ അഭിപ്രായം കേള്‍ക്കാതെ ഫെഫ്ക്ക ജനറല്‍ സെക്രട്ടറിക്ക് ഒരു തീരുമാനവുമെടുക്കാന്‍ സാധിക്കില്ലെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഇല്ല എന്നു പറഞ്ഞാല്‍ അത് യാഥാര്‍ത്ഥ്യത്തിന്റെ നേരേ കണ്ണടച്ചുകാണിക്കുന്നതുപോലെയാവും. മലയാളസിനിമയ്ക്ക് വലിയൊരു ചരിത്രമുണ്ട്. ഈ വലിയ ചരിത്രത്തിനകത്ത് എത്രയോ സന്ദര്‍ഭങ്ങളില്‍ നമ്മള്‍ കണ്ടും കേട്ടും അറിഞ്ഞ കാര്യമാണ് കാസ്റ്റിങ് കൗച്ച്-ഉണ്ണികൃഷ്ണന്‍ പറഞ്ഞു.