കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ഡബ്ലൂസിസി ഒഴികെയുള്ള സംഘടനകളെയൊന്നും ഹേമ കമ്മിറ്റി വിളിക്കുകയോ വിവര ശേഖരണം നടത്തുകയോ ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി ആളുകളെ കണ്ടതെന്നും നിര്‍മാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക അംഗങ്ങള്‍ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും ഫെഫ്ക കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നം പഠിച്ച ഹേമ കമ്മിറ്റി കേള്‍ക്കേണ്ടവരെ കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നാണ് ബി.ഉണ്ണികൃഷ്ണന്‍ ആരോപിക്കുന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന പേരുകള്‍ പുറത്തു വരണം എന്നാണ് ഫെഫ്കയുടെ നേരത്തെയുള്ള നിലപാട്. ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഫെഫ്കക്ക് വിമര്‍ശനം ഉണ്ട്. പ്രധാന വിമര്‍ശനം ഹേമ കമ്മറ്റി കാണേണ്ട ആളുകളെ കണ്ടിട്ടില്ല എന്നതാണ്. എന്തു കൊണ്ടു തെരഞ്ഞെടുക്കപെട്ടവരെ മാത്രം കണ്ടുവെന്ന് വ്യക്തമാക്കണം.

ഒരു ചോദ്യവലി ഉണ്ടാക്കി ഡബ്യുസിസി അംഗങ്ങള്‍ക്ക് അയച്ചു എന്ന് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പന്ത്രണ്ടാം പേജില്‍ തന്നെ പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഡബ്ല്യുസിസിയെ മാത്രം തിരഞ്ഞെടുത്തത്. മറ്റ് സിനിമ സംഘടനകളെ എന്തിന് ഒഴിവാക്കി. ഹേമ കമ്മറ്റി ഡബ്ല്യുസിസിയുമായി ഗ്രൂപ്പ് മീറ്റിംഗ് നടത്തി എന്ന് പറയുന്നു എന്തുകൊണ്ട് മറ്റുള്ളവരെ ഒഴിവാക്കിയെന്ന് വ്യക്തമാക്കാണം.

ഇതെല്ലാം വ്യക്തമാക്കുന്നത് കൃത്യമായൊരു 'ഒഴിവാക്കല്‍' നടന്നിട്ടുണ്ടെന്നാണ്. ഏറ്റവും കൂടുതല്‍ ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവുകളെ കുറിച്ചാണ്. എന്നാല്‍ ഹേമ കമ്മിറ്റി അവരുടെ യുണിയന്‍ നേതാവിനെ എന്തുകൊണ്ട് ബന്ധപെട്ടില്ലെന്ന് അറിയില്ല. ഡബ്ല്യുസിസി സ്ഥാപക അംഗത്തിനെതിരെ ഹേമ കമ്മറ്റി നടത്തിയ പരാമര്‍ശം ദുഷ്ടലാക്കോടെയുള്ളതാണെന്നാണ് ഫെഫ്കയുടെ നിലപാട്.

സ്ത്രീ ശാക്തീകരണത്തില്‍ ഡബ്ല്യുസിസിയുടെ പങ്കിനെ ഫെഫ്ക ആദരവോടെ കാണുന്നു. റിപ്പോര്‍ട്ടില്‍ ആണധികാരത്തെ കുറിച്ചുള്ള ആശങ്കയുണ്ട്. എല്ലാ ആണുങ്ങളും മോശമല്ല എന്ന് ചേര്‍ത്തിരിക്കുന്നത് അതുകൊണ്ടാണ്. 'ഒരു സംവിധായകനും ഛായാഗ്രാഹനും നന്നായി പെരുമാറി' എന്ന് റിപ്പോര്‍ട്ടില്‍ ചേര്‍ത്തതിന്റെ സാംഗത്യം മനസ്സിലാകുന്നില്ലെന്നും ഫെഫ്ക. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അവരുടെ പേര് പുറത്തു വരണം. ആ 15 പേരുകളും പുറത്തു വരണം എന്നാണ് ഫെഫ്ക പറയുന്നത്. അല്ലാതെ പുകമറ സൃഷ്ടിക്കരുത്, അവ്യക്ത മാറണം. സിനിമയില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ഉടന്‍ പവര്‍ ഗ്രൂപ്പ് ആണ് പിന്നില്‍ എന്നു പറഞ്ഞു ചിലര്‍ മുന്നോട്ട് വരുന്നുണ്ട്, അത് അവസാനിക്കണം.

പവര്‍ ഗ്രൂപ്പില്‍ ആരൊക്കെയാണെന്നുള്ളത് നിയമപരമായി പുറത്തുവരണമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഓഡിഷന്‍ പ്രക്രിയ സംഘടനകളുടെ നിയന്ത്രണത്തിലാണ്. ഇപ്പോള്‍ കാസ്റ്റിങ് കാള്‍ എന്നൊരു പ്രശ്‌നമില്ല. ലൈംഗിക അതിക്രമം സംബന്ധിച്ച രണ്ട് പരാതികളാണ് ലഭിച്ചത്. അത് പരിഹരിച്ചുവെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ബൈലോയില്‍ ഭേദഗതി വരുത്തി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പ്രായപരിധി 35 വയസ് എന്നത് മാറ്റിയിട്ടുണ്ട്. വനിതാ പ്രാതിനിധ്യം 20 ശതമാനമായി ഉയര്‍ത്തണമെന്നാണ് ഫെഫ്ക തീരുമാനം. അദ്ദേഹം വ്യക്തമാക്കി

കോമ്പറ്റീഷന്‍ കമ്മിഷന്‍ നിയമം ജന വിരുദ്ധമാണ്. അതില്‍ ഫെഫ്ക മാത്രം അല്ല മറ്റ് പലര്‍ക്കും പിഴ കിട്ടിയിട്ടുണ്ട്. അങ്ങനെ ആ നിയമത്തെ എതിര്‍ത്തിന്റെ പേരില്‍ പിഴ കിട്ടിയെങ്കില്‍ അതില്‍ അഭിമാനിക്കുന്നു. രാവിലെ ആറു മണിക്ക് സാങ്കേതിക പ്രവര്‍ത്തകരും സംവിധായകനും എത്തും നടീ നടന്‍മാര്‍ വരിക 11 മണിക്കാണ്. പുതിയ കോള്‍ ഷീറ്റ് വ്യവസ്ഥ വരണം. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും ഇതില്‍ യോജിപ്പാണ്. പ്രധാന നടനും നടിക്കുംവേണ്ടി സാങ്കേതിക പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം സെറ്റില്‍ കാത്തിരിക്കുന്ന അവസ്ഥ ഇനി അനുവദിക്കാന്‍ കഴിയില്ലെന്നും ഫെഫ്ക വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.