തിരുവനന്തപുരം: പതിവ് തെറ്റിച്ച് 'ഞായറാഴ്ചയും' സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘര്‍ഷം. ആയിരങ്ങളാണ് പ്രതിഷേധ മുദ്രാവാക്യവുമായി സെക്രട്ടറിയേറ്റിന്റെ സമര ഗേറ്റിലെത്തിയത്. കണ്ടവരെല്ലാം ഞായറാഴ്ചയിലെ സെക്രട്ടറിയേറ്റ് കണ്ട് അമ്പരന്നു. സാധാരണ സമരമെന്ന് കേട്ടാല്‍ ആരും സെക്രട്ടറിയേറ്റിന് മുന്നിലെത്തില്ല. എന്നാല്‍ ഒക്ടോബര്‍ അഞ്ചിനുള്ള സെക്രട്ടറിയേറ്റ് വളയല്‍ അറിഞ്ഞ് ഒരു ഭയവുമില്ലാതെ തിരുവനന്തപുരത്തുകാര്‍ ആവേശത്തില്‍ തന്നെ അവിടെ എത്തി. അതായിരുന്നു ഈ സമരത്തിന്റെ പ്രത്യേകതയും.

മുമ്പ് സിപിഎമ്മിന്റെ രാപകല്‍ സമരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്നിരുന്നു. ഇതിന് സമാനമായിരുന്നു പ്രതിഷേധക്കാരുടെ നിലയുറപ്പിക്കല്‍. സമീപ കാലത്തൊന്നും ഇത്രയും വലിയ സമരാവേശമുള്ള പ്രതിഷേധ കൂട്ടായ്മ ആരും സെക്രട്ടറിയേറിന് മുന്നില്‍ കണ്ടിട്ടേ ഇല്ല. കാര്യം തിരക്കിയപ്പോഴാണ് എല്ലാവര്‍ക്കും സംഗതി മനസ്സിലായത്. സമരത്തിന് എത്തിയവരുടെ മുഖം അത്ര പരിചിതം. പക്ഷേ ആരും രാഷ്ട്രീയക്കാരുമായിരുന്നില്ല. അതൊരു സിനിമാ ഷൂട്ടിംഗായിരുന്നു. ഒര്‍ജിനല്‍ സമരത്തെ വെല്ലും ഷൂട്ടിംഗ്. സെക്രട്ടറിയേറ്റിന് മുന്നില്‍ മുമ്പൊരിക്കലും ഇത്തരത്തിലൊരു ഷൂട്ടിംഗ് നടന്നിട്ടേ ഇല്ല. ബിഗ് ഫ്രെയിമില്‍ അത് ചിത്രീകരിച്ചത് ബി ഉണ്ണികൃഷ്ണനും. ഉമ്മന്‍ ചാണ്ടിക്കെതിരെ ഇടതുപക്ഷം സമരപരമ്പരകള്‍ തീര്‍ത്ത സോളാര്‍ സമരകാലത്തെ സെക്രട്ടറിയേറ്റ് ഉപരോധത്തിന് സമാനമായത് വീണ്ടും സെക്രട്ടറിയേറ്റില്‍ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു.




സമര തീഷ്ണത ചോരാതെ ഓരോ രംഗവും ഉണ്ണികൃഷ്ണന്‍ ഫ്രെയിമിലേക്ക് ആവാഹിച്ചു. മുഹമ്മദ് ഷാഫിയും ദേവദത്ത ഷാജിയും ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറായി കൂടെ നിന്നു. ഇതിനൊപ്പം സെക്രട്ടറിയേറ്റിലെ സമരാവേശം നേരിട്ട് അറിഞ്ഞിട്ടുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഉണ്ടായിരുന്നു. അങ്ങനെ ടീം വര്‍ക്കിന്റെ മികവില്‍ ഉദ്ദേശിച്ചതെല്ലാം ക്യാമറയ്ക്കുള്ളിലാക്കി സിനിമാ സംഘം. ബിഗ് ക്യാന്‍വാസില്‍ നിരവധി സിനിമകള്‍ സംവിധാനം ചെയ്ത ഉണ്ണികൃഷ്ണന്‍ കേരള രാഷ്ട്രീയത്തിലെ അവിസ്മരണീയ സംഭവവികാസങ്ങളാണ് തന്റെ പുതിയ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥയുമായി കൈയ്യടി നേടിയ പ്രതിഭയാണ് മുഹമ്മദ് ഷാഫി. ദേവദത്ത് ഷാജി ധീരന്‍ എന്ന സിനിമയുടെ സംവിധായകനും രചയിതാവും ആണ്. ഭീഷ്മപര്‍വ്വത്തിന്റെ സഹരചയിതാവും ആയിരുന്നു ഷാജി.

ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രാഷ്ട്രീയ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുകയായിരുന്നു. അവസാന ദിനമാണ് സോളാര്‍ സമരകാലത്തെ സെക്രട്ടറിയേറ്റ് ഉപരോധത്തെ അനുസ്മരിപ്പിക്കും വിധമുള്ള ഈ സമരചിത്രീകരണം. സിനിമക്കായി 3000 ത്തോളം പോലീസുകാരെ എത്തിച്ചു. 1000ത്തോളം യഥാര്‍ത്ഥ പോലീസ് ഉദ്യോഗസ്ഥരാണ്. തിരുവനന്തപുരത്ത് പൊലീസ് അംഗബലം കുറവായതിനാല്‍, കുട്ടിക്കാനത്തെ കെഎപി അഞ്ചാം ബറ്റാലിയനില്‍ നിന്നുള്ള പൊലീസുകാരാണ് അഭിനേതാക്കളായത്. എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരും ക്യാമറയ്ക്ക് മുന്നിലെത്തി. സിനിമയില്‍ മുഖ്യമന്ത്രിയായി വേഷമിടുന്നത് ബാലചന്ദ്രമേനോനാണ്. നിവിന്‍ പോളിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബി ഉണ്ണികൃഷ്ണന്റെ ആര്‍ഡി ഇല്യൂമിനേഷന്‍സും ശ്രീഗോകുലം മൂവീസും ചേര്‍ന്നാണ് നിര്‍മാണം.




പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പ്രധാനമായും ചിത്രീകരിക്കുന്നത്. ബൈജു ഗോപാലന്‍, വി.സി പ്രവീണ്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കള്‍ ആകുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ കൃഷ്ണമൂര്‍ത്തി, ദുര്‍ഗ ഉണ്ണികൃഷ്ണന്‍ എന്നിവരാണ്. ചന്ദ്രു സെല്‍വരാജ് ആണ് ഛായാഗ്രഹണം. സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍- മനോജ് സി.എസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍- അരോമ മോഹന്‍, ആര്‍ട്ട് ഡയറക്ടര്‍- അജി കുറ്റിയാനി, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യും- സിജി തോമസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഷാജി പാടൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- സുഗീഷ് എസ്ജി, പിആര്‍ഒ- സതീഷ് എരിയാളത്ത്, സ്റ്റില്‍സ്- അമല്‍ ജെയിംസ്, ഡിസൈന്‍- യെല്ലോ ടൂത്ത്. പിആര്‍ & മാര്‍ക്കറ്റിങ്- കണ്ടന്റ് ഫാക്ടറി.