- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങള്‍ ആ സര്‍ബത്ത് കുടിച്ചാല്‍ അതിന്റെ പണം വെച്ച് മദ്രസകളും പള്ളികളും പണിയും; എന്നാല്‍ നിങ്ങള്‍ പതഞ്ജലി സര്‍ബത്ത് കുടിച്ചാല്‍ പണിയുന്നത് ഗുരുകുലങ്ങളാണ്'; ലൗജിഹാദിനും, വോട്ട് ജിഹാദിനു പിന്നാലെ സര്‍ബത്ത് ജിഹാദുമുണ്ടെന്ന് ബാബാ രാംദേവ്; വന്‍ വിവാദം
ലൗജിഹാദിനും, വോട്ട് ജിഹാദിനു പിന്നാലെ സര്‍ബത്ത് ജിഹാദുമുണ്ടെന്ന് ബാബാ രാംദേവ്
ന്യൂഡല്‍ഹി: ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ്, വോട്ട് ജിഹാദ്, നാര്‍കോട്ടിക്ക് ജിഹാദ് തുടങ്ങിയ വാക്കുകള്‍ സമീപകാലത്തായി, കേരളത്തിലടക്കം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. അതിലേക്കിതാ ഒരു പുതിയ ജിഹാദ് കൂടി. അതാണ് സര്‍ബത്ത് ജിഹാദ്! ഒറ്റ നോട്ടത്തില്‍ നമുക്ക് ചിരിവരും. പക്ഷേ യോഗാചാര്യനും പതഞ്ജലി പ്രോഡക്റ്റുകളുടെ ഉടമയുമായ ബാബാ രാംദേവ് ഇത് പറയുന്നത് വളരെ ഗൗരവത്തോടെയാണ്. ഒരു പ്രത്യേക കമ്പനി സര്‍ബത്ത് വില്‍പ്പന നടത്തി സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നുവെന്നും, ഇതാണ് സര്‍ബത്ത് ജിഹാദ് എന്നുമാണ്് ബാബ രാംദേവിന്റെ വിദ്വേഷ പരാമര്‍ശം. പതഞ്ജലിയുടെ റോസ് സര്‍ബത്തിനെ പ്രോത്സാഹിപ്പിക്കുന്നതിന് ഇറക്കിയ വീഡിയോയിലാണ് പുതിയ ജിഹാദുമായി രാംദേവ് രംഗത്ത് എത്തിയിരിക്കുന്നു.
'നിങ്ങള്‍ക്ക് സര്‍ബത്ത് നല്‍കുന്ന ഒരു കമ്പനിയുണ്ട്, പക്ഷേ അവര്‍ സമ്പാദിക്കുന്ന പണം മദ്റസകളും പള്ളികളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. നിങ്ങള്‍ ആ സര്‍ബത്ത് കുടിച്ചാല്‍ മദ്റസകളും പള്ളികളും പണിയും. എന്നാല്‍ നിങ്ങള്‍ ഇത് കുടിച്ചാല്‍ ഗുരുകുലങ്ങളും സര്‍വകലാശാലകളും പണിയാം''- പതഞ്ജലിയുടെ റോസ് സര്‍ബത്ത് ഉയര്‍ത്തിക്കാട്ടി രാംദേവിന്റെ വാദം. മറ്റ് സര്‍ബത്ത് കമ്പനികളെ ടോയ്‌ലറ്റ് ക്ലീനര്‍ ആയാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. സര്‍ബത്ത് ജിഹാദില്‍ നിന്ന് സ്വയം രക്ഷപ്പെടുന്നതിന് ഈ സന്ദേശം എല്ലാവരിലും എത്തിച്ചേരണമെന്ന ആവശ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
'പതഞ്ജലി സര്‍ബത്തും ജ്യൂസുകളും മാത്രം വീട്ടിലേക്ക് കൊണ്ടുവരിക' എന്ന അടിക്കുറിപ്പോടെയാണ് പതഞ്ജലി പ്രോഡക്ട്‌സ് സാമൂഹ്യ മാധ്യമങ്ങളില്‍ ബാബ രാംദേവിന്റെ വീഡിയോ പങ്കുവെച്ചത്. ലൗ ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സര്‍ബത്ത് ജിഹാദ് എന്നും ആളുകള്‍ അതില്‍ നിന്ന് സ്വയം രക്ഷ നേടണമെന്നും ബാബ രാംദേവ് ആവശ്യപ്പെട്ടു. സര്‍ബത്ത് ജിഹാദ് എന്ന പേരില്‍ വില്‍ക്കുന്ന ടോയ്ലറ്റ് ക്ലീനറിന്റെയും ശീതളപാനീയങ്ങളുടെയും വിഷത്തില്‍ നിന്ന് നിങ്ങളുടെ കുടുംബത്തെയും നിരപരാധികളായ കുട്ടികളെയും സംരക്ഷിക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. വേനല്‍ക്കാലത്ത് ആളുകളുടെ ദാഹം മുതലെടുത്ത് പലരും വിഷം വില്‍ക്കുന്നുവെന്നും രാംദേവ് ആരോപിച്ചു
പതഞ്ജലിയുടെ റോസ് സര്‍ബത്ത് വില്‍പനയിലൂടെ ലഭിക്കുന്ന പണം ഗുരുകുലങ്ങള്‍, ആചാര്യകുലത്തിനും പതഞ്ജലി യൂനിവേഴ്‌സിറ്റിക്കും ഭാരതീയ ശിക്ഷ ബോര്‍ഡിനുമാണ് നല്‍കുന്നതെന്നും രാംദേവ് അവകാശപ്പെട്ടു. ഹംദര്‍ദിന്റെ പ്രശസ്തമായ സര്‍ബത്ത് റൂഹ് അഫ്‌സയ്‌ക്കെതിരെയാണ് രാംദേവിന്റെ ആരോപണങ്ങള്‍.
രാംദേവിനെതിരെ വ്യാപക വിമര്‍ശനം
അതേസമയം പരസ്യത്തില്‍ പറയുന്ന ആരോപണങ്ങള്‍ക്കെതിരെ വലിയരീതിയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. പതഞ്ജലിയുടെ സര്‍ബത്ത് കുടിച്ച് ഇതുവരെ എത്ര ഗുരുകുലങ്ങളും സര്‍വകലാശാലകളും തുറന്നിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്നും പലരും ചോദിക്കുന്നുണ്ട്. നേരത്തെ പലതവണ പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങളില്‍ മായം കണ്ടെത്തിയതും സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ കുത്തിപ്പൊക്കുന്നു. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് ഈ വര്‍ഷം ജനുവരിയില്‍ 4 ടണ്‍ മുളകുപൊടിയാണ് തിരിച്ചുവിളിച്ചത്. സാമ്പിള്‍ പരിശോധിച്ചപ്പോള്‍ കീടനാശിനി അനുവദനീയമായ പരിധിക്ക് മുകളില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഇയോടെ ഉപഭോക്താക്കളോട് എവിടുന്നാണോ ഇത് വാങ്ങിയത് ആ സ്ഥലത്തേക്ക് തിരികെ നല്‍കണമെന്ന് പതഞ്ജലി ആവശ്യപ്പെട്ടിട്ടുണ്ട്.
മുമ്പും നിരവധി ആരോപണങ്ങള്‍ പതഞ്ജലിക്ക് എതിരെ ഉണ്ടായിരുന്നു. പതഞ്ജലി വെജിറ്റേറിയന്‍ എന്ന പേരില്‍ വിപണനം ചെയ്യുന്ന ആയുര്‍വേദിക് പല്‍പ്പൊടിയായ 'ദിവ്യ മഞ്ജന്‍' എന്ന ഉല്‍പ്പന്നത്തില്‍ മത്സ്യത്തിന്റെ സത്ത് അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് ഒരു ഉപഭോക്താവ് പരാതി നല്‍കിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്് മുമ്പ് 'ന്യൂസ് ലോണ്‍ഡ്രി ഡോട്ട് കോം' നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്.സ്വവര്‍ഗരതി മുതല്‍ കോവിഡ് വരെയുള്ള എല്ലാറ്റിനും 'രോഗശാന്തി' വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തുകയാണ് അദ്ദേഹമെന്ന് ന്യൂസ് ലോണ്‍ഡ്രി ആരോപിക്കുന്നു. യോഗയിലൂടെയും മരുന്നിലൂടെയും സ്വവര്‍ഗരതി മാറ്റിയെടുക്കാമെന്ന് രാംദേവ് പരസ്യം പോലും ചെയ്തു. ഇതെല്ലാം വ്യാജമാണെന്ന് ന്യൂസ് ലോണ്‍ഡ്രി അന്വേഷണത്തില്‍ കണ്ടൈത്തി.
2006-ല്‍ സി.പി.എം നേതാവ് ബൃന്ദ കാരാട്ട് രാംദേവിന്റെ മരുന്നുകളില്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും അസ്ഥികള്‍ കലര്‍ത്തുന്നതായി ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന അവര്‍ ബാബയുടെ ഓഫീസിനുമുന്നില്‍ വലിയ പ്രതിഷേധവും നടത്തി. ചരിത്രത്തില്‍ ആദ്യമായി ബാബ പ്രതിഷേധം നേരിട്ട സമയം. മാധ്യമങ്ങളില്‍ വിവാദം കത്തിപ്പടരുമ്പോഴും പതഞ്ജലി ആരോപണങ്ങള്‍ നിഷേധിച്ചു. എന്നാല്‍ ഏകദേശം ഒരു ദശാബ്ദത്തിന് ശേഷം, പശ്ചിമ ബംഗാളിലെ ഒരു പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സൈനിക കാന്റീനുകള്‍ പതഞ്ജലി അംല ജ്യൂസ് പിന്‍വലിച്ചു.
പതഞ്ജലിയുടെ പല 'മരുന്നുകളെക്കുറിച്ചും', ഫുഡ് സപ്ലിമെന്റികള്‍ക്കും നേരത്തെയും പരാതികള്‍ ഉണ്ടായിട്ടുണ്ട്. പതഞ്ജലിയുടെ നെല്ലിക്ക ജ്യൂസ് കുടിച്ച് വൃക്ക തകരാറുകള്‍ അടക്കം ഉണ്ടായതായും നിരവധി പരാതികള്‍ ഉണ്ടായിരുന്നു.2018-ല്‍ പതഞ്ജലി നെയ്യിന്റെ ഗുണനിലവാരത്തെ കുറിച്ച്, പതഞ്ജലി പ്രസ്ഥാനത്തിന് തുടക്കമിട്ട സ്വാമല കര്‍മ്മവീര്‍പോലും ചോദ്യങ്ങള്‍ ഉന്നയിച്ചു. 'ആരെങ്കിലും ഒരു പശുവില്‍ നിന്ന് ശുദ്ധമായ നെയ്യ് നിര്‍മ്മിക്കുകയാണെങ്കില്‍, അതിന് ഏകദേശം 1,200 രൂപ വരും. -പതഞ്ജലി നെയ്യ് കിലോക്ക് 600 രൂപക്കാണ് ഇന്ന് വില്‍ക്കുന്നത്. ' ഇത് എങ്ങനെയാണെന്നാണ് കര്‍മ്മവീറിന്റെ ചോദ്യം. അതായത് പതഞ്ജലിയുടെ നെയ്യ് ഡ്യൂപ്ലിക്കേറ്റ് ആണെന്ന് വ്യക്തം. പക്ഷേ ആയുര്‍വേദം പുനരുജ്ജീവിപ്പിച്ചത് പതഞ്ജലി ആണെന്നാണ് ബിജെപി അടക്കമുള്ള ഹിന്ദുത്വ ശക്തികള്‍ പ്രചരിപ്പിച്ചത്. കോവിഡ് കാലത്ത് ആധുനികവൈദ്യത്തെ അധിക്ഷേപിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്പോലും ബാബക്കെതിരെ തിരിയേണ്ടിവന്നിരുന്നു. ഇതെല്ലാം മറന്നുകൊണ്ടാണ് രാംദേവ് വീണ്ടും വിദ്വേഷ ഭാഷണവുമായി രംഗത്തെത്തിയിരിക്കുന്നത്.