മനാമ: രാജ്യത്തിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണങ്ങളെ പ്രതിരോധിക്കുന്നത് വിജയകരമായി തുടർന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബി.ഡി.എഫ്). ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 78 മിസൈലുകളും 143 ഡ്രോണുകളും ബഹ്‌റൈന്‍റെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ജനറൽ കമാൻഡ് അറിയിച്ചു. ബഹ്‌റൈൻ സൈനികരുടെ അസാധാരണമായ ജാഗ്രതയെയും പോരാട്ടവീര്യത്തെയും ജനറൽ കമാൻഡ് പ്രകീർത്തിച്ചു.

രാജ്യം സുരക്ഷിതമാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി. രാജ്യത്തിന്റെ ആകാശം സുരക്ഷിതമാണെന്ന് അധികൃതർ ഉറപ്പുനൽകി. ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി. നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ അകന്നു നിൽക്കണം. സൈനിക നടപടികളോ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളോ ചിത്രീകരിക്കുന്നതിൽ നിന്നും ജനങ്ങൾ വിട്ടുനിൽക്കണം.

അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഗവൺമെന്റ് മീഡിയ ചാനലുകൾ വഴിയുള്ള ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും നിർദ്ദേശമുണ്ട്. ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യം വെച്ച് നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്ര ചാർട്ടറിന്റെയും ലംഘനമാണെന്ന് ജനറൽ കമാൻഡ് ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ പ്രാദേശിക സമാധാനത്തിന് വലിയ ഭീഷണിയാണെന്നും അവർ കൂട്ടിച്ചേർത്തു.

ബഹ്‌റൈനിലെ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയും ഇറാന്റെ മിസൈൽ ആക്രമണമുണ്ടായതായി റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തെത്തുടർന്ന് പ്ലാന്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയെന്നും ശുദ്ധീകരണ ശാലയുടെ പ്രവർത്തനം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. എങ്കിലും, അറബ് ഗൾഫ് രാജ്യങ്ങളുടെ ജീവനാഡിയായ എണ്ണ വ്യവസായത്തെ ലക്ഷ്യം വെച്ച് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമാണിതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

യുദ്ധക്കപ്പൽ തകർക്കുകയും 90ഓളം നാവികരെ വധിക്കുകയും ചെയ്ത യുഎസ് നടപടിയിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച ഇസ്രായേലിനും യുഎസ് സൈനിക താവളങ്ങൾക്കും അയൽരാജ്യങ്ങൾക്കും നേരെ ഇറാൻ പുതിയ ആക്രമണ പരമ്പരകൾ അഴിച്ചുവിട്ടു. കപ്പൽ തകർത്ത നടപടിയിൽ അമേരിക്ക "വളരെയധികം ഖേദിക്കേണ്ടി വരുമെന്ന്" ടെഹ്‌റാൻ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ആറ് ദിവസമായി ഇസ്രായേലും യുഎസും ഇറാനിലെ കേന്ദ്രങ്ങളിൽ ആക്രമണം തുടരുന്നതിനിടയിലാണ് ഇറാന്റെ ഭാഗത്തുനിന്നും വ്യാപകമായ തിരിച്ചടിയുണ്ടായിരിക്കുന്നത്.