മേപ്പാടി: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനായി സൈന്യം സജ്ജീകരിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. മണ്ണും ചെളിയും മാറ്റിയുള്ള രക്ഷാദൗത്യത്തിനായി കൂടുതല്‍ ഉപകരണങ്ങള്‍ മുണ്ടക്കൈയിലേക്ക് ഇനി വേഗത്തില്‍ എത്തിക്കാനാകും. അതിവേഗത്തില്‍ തീര്‍ത്ത പാലത്തില്‍ സൈനിക വാഹനവും കയറ്റി.

മുണ്ടക്കൈയിലേക്കുള്ള പ്രവേശന മാര്‍ഗമായ ഏകപാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു. സൈന്യം നിര്‍മിച്ച താത്കാലിക പാലത്തിലൂടെയും വടം കെട്ടിയുമാണ് ഇതുവരെ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയതും കുടുങ്ങിക്കിടന്നവരെ പുറത്തേക്കെത്തിച്ചതും. ഹിറ്റാച്ചിയടക്കമുള്ള യന്ത്രസംവിധാനങ്ങള്‍ പുഴയിലൂടെ ഇറക്കിയാണ് എത്തിച്ചത്. ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയിലായിട്ടുണ്ട്. ഇവിടെ ആളുകള്‍ പെട്ടു പോയിട്ടുണ്ടോ എന്ന് മണ്ണ് മാറ്റി പരിശോധിക്കേണ്ടതുണ്ട്.

ഇതിനായി കൂടുതല്‍വലിയ വാഹനങ്ങളും യന്ത്രസാമഗ്രികളും ദുരന്തഭൂമിയേലേക്ക് എത്തിക്കണം. മുണ്ടക്കൈയിലേക്ക് രാജ്യത്ത് ലഭ്യമായ എല്ലാ സംവിധാനങ്ങളും എത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ യന്ത്രങ്ങള്‍ ചൂരല്‍മലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കെയിലേക്ക് ബെയ്‌ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ വേഗം കൂടും.

24 ടണ്‍ ശേഷിയാണ് പാലത്തിനുള്ളത്. 190 അടി നീളവുമുണ്ട്. പുഴയില്‍ പ്ലാറ്റ്‌ഫോം നിര്‍മിച്ചാണ് പാലത്തിന്റെ തൂണ്‍ സ്ഥാപിച്ചിരിക്കുന്നത്.
ജെസിബിയും ഹിറ്റാച്ചിയും ആംബുലന്‍സുമെല്ലാം പോകാന്‍ ശേഷിയുള്ള കരുത്തുള്ള പാലമാണിത്. കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേനയിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവത് ആണ് നിര്‍മാണ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. പ്രധാന പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിര്‍മിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. പ്രധാനപാലം വഴിയുള്ള വാഹന നീക്കങ്ങള്‍ക്ക് തടസ്സം നേരിടാതെ രക്ഷാപ്രവര്‍ത്തകര്‍ക്ക് നടന്നു പോകാന്‍ സഹായകമാകുന്ന നിലയിലാണ് ചെറിയ പാലം നിര്‍മിക്കുന്നതെന്നാണ് വിവരം.

അതേസമയം നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുള്ള സാഹചര്യത്തില്‍ ഡ്രോണിന്റെയും മറ്റു സാങ്കേതികവിദ്യകളുടേയും സഹായം തേടുകയാണ് അധികൃതര്‍. മുണ്ടക്കൈയില്‍ ജീവനോടെയുള്ളവരെ എല്ലാം രക്ഷപ്പെടുത്തിയെന്നും അവശേഷിക്കുന്നത് മൃതദേഹങ്ങള്‍ മാത്രമാണെന്നുമാണ് വിലയിരുത്തല്‍. ഷിരൂര്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച ഡ്രോണ്‍ വയനാട്ടിലെത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മണ്ണിനിടയില്‍ കിടക്കുന്ന ശരീരങ്ങള്‍ കണ്ടെടുക്കുന്നതിന് വെള്ളിയാഴ്ച മുതല്‍ ഷിരൂരില്‍ ഉപയോഗിച്ച ഡ്രോണ്‍ ഉപയോഗിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

തെര്‍മല്‍ സ്‌കാനിങും ഡ്രോണ്‍ പരിശോധനയും നടത്തും. റിട്ട.മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സംഘത്തിന്റെ സഹായവും സംസ്ഥാന സര്‍ക്കാര്‍ തേടിയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാകും മണ്ണിനടിയിലുള്ളവരെ കണ്ടെത്താന്‍ ഐബോഡ് ഉപയോഗിക്കുക. ഷിരൂരിലും അദ്ദേഹത്തിന്റെ ഈ നേതൃത്വത്തില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. ഇതിലൂടെ അര്‍ജുന്റെ ലോറിയുടെ കൃത്യമായ സ്ഥാനമടക്കം കണ്ടെത്താനായിരുന്നു. ഉരുള്‍പൊട്ടിയ പ്രദേശത്തെ ഏരിയ മാപ്പിങും തയ്യാറാക്കുന്നുണ്ട്.

വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 283 ആയി ഉയര്‍ന്നിരിക്കുകയാണ്. 240 പേരെ കണ്ടെത്താനുണ്ട്. ദുരന്ത ഭൂമിയില്‍ തെരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്. തെരച്ചിലിന് ആവശ്യമായ യന്ത്രങ്ങള്‍ എത്തിക്കാന്‍ പറ്റാത്തത് വെല്ലുവിളി ആയിരുന്നു. എന്നാല്‍ ബെയ്ലി പാലം പൂര്‍ത്തിയായതോടെ കൂടുതല്‍ യന്ത്രങ്ങള്‍ എത്തിച്ച് തെരച്ചില്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവനോടെ ഇനി ആരുമില്ലെന്ന് സൈന്യം അറിയിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മുണ്ടക്കൈയിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വയനാട് ഉരുള്‍പൊട്ടലിനെ എംപി ഫണ്ട് മാര്‍ഗരേഖ പ്രകാരം അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തു നല്‍കിയതായി ശശി തരൂര്‍ എംപിയും പറഞ്ഞു.