കോഴിക്കോട്: നേരത്തെ പ്രഖ്യാപിച്ച ബലിപെരുന്നാള്‍ അവധി അവസാന ദിവസം റദ്ദാക്കി അടുത്ത ദിവസത്തേക്ക് മാറ്റിയ സംസ്ഥാന സര്‍ക്കാര്‍ നടപടി വിവാദമാകുന്നു. ഈ നടപടിക്കെതിരെ മുസ്ലിംലീംഗ് അടക്കമുള്ള വിവിധ സംഘടനകള്‍ രംഗത്തുവന്നു. നേരത്തെ പ്രഖ്യാപിച്ച അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചു.

ബലിപെരുന്നാള്‍ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ജൂണ്‍ ആറ് വെള്ളിയാഴ്ച നേരത്തെ അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പെരുന്നാള്‍ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ അവധി ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇത് ഏറെ പ്രതിഷേധാര്‍ഹമാണെന്ന് പി.എം.എ. സലാം പറഞ്ഞു.

വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. പെരുന്നാള്‍ ശനിയാഴ്ച ആയതിനാല്‍ പ്രത്യേക അവധി നല്‍കേണ്ടി വരുന്നുമില്ല. ഈ സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പോലെ ജൂണ്‍ 6 വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണം. വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കിയ നടപടി ഉടനെ പിന്‍വലിക്കണമെന്നും പി.എം.എ. സലാം പറഞ്ഞു.

അതേസമയം പെരുന്നാള്‍ അവധി റദ്ദാക്കിയത് തെറ്റായ തീരുമാനമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി അനില്‍കുമാര്‍ പറഞ്ഞു. പെരുന്നാള്‍ ദിവസം അവധി നല്‍കുന്നതിന് പകരം കലണ്ടര്‍ അവധി റദ്ദാക്കുകയാണ് ചെയ്തത്. വിദ്യാര്‍ത്ഥികളും , ഉദ്യോഗസ്ഥരും മുന്‍കൂട്ടി തീരുമാനിച്ച യാത്രകള്‍ എല്ലാം ഇതോടെ പ്രതിസന്ധിയിലായി എന്നും അനില്‍ കുമാര്‍ ആരോപിച്ചു.

വെള്ളിയാഴ്ച അവധി റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും പ്രതികരിച്ചു. സര്‍ക്കാര്‍ തീരുമാനം ഇസ്ലാം മത വിശ്വാസികള്‍ക്ക് മാത്രമല്ല സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വെല്ലുവിളിയാണെന്നും അലോഷ്യസ് സേവ്യര്‍ അഭിപ്രായപ്പെട്ടു. ആളുകള്‍ക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് വെള്ളിയാഴ്ച കൂടി അവധി പ്രഖ്യപിക്കണമെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.

ബലിപെരുന്നാള്‍ വെള്ളിയാഴ്ച അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരും പറഞ്ഞു. പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസം അവധി നല്‍കണമെന്നത് കാലങ്ങളായി മുസ്ലിം സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്രാവശ്യം അതിനുള്ള അവസരം ഒത്തുവന്നപ്പോള്‍ നേരത്തെ പ്രഖ്യാപിച്ച അവധി റദ്ദാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കലണ്ടറില്‍ അവധിയുള്ളതിനാല്‍ ഈ സമയം വരേയും നാളെ അവധിയാണന്ന ഉറപ്പിലാണ് അധ്യാപകരും വിദ്യാര്‍ഥികളും ഉണ്ടായിരുന്നത്. പെട്ടെന്ന് നാളെ പ്രവര്‍ത്തി ദിനമാക്കിക്കൊണ്ടുള്ള സര്‍ക്കാറിന്റെ അറിയിപ്പ് തികഞ്ഞ അനീതിയും അവഗണനയുമാണെന്ന് ശിഹാബ് പൂക്കോട്ടൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം കാന്തപുരം വിഭാഗം നേതാവും അവധി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി. മറ്റെല്ലാ കാര്യങ്ങളിലെന്നപോലെ പെരുന്നാള്‍ അവധിയിലും മുസ്ലിം സമുദായത്തെ സര്‍ക്കാര്‍ മാറ്റി നിര്‍ത്തുകയാണെന്ന് കാന്തപുരം വിഭാഗം നേതാവ് വടശ്ശേരി ഹസന്‍ മുസ്ലിയാര്‍. മുസ്ലിം ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പെരുന്നാള്‍ സല്‍ക്കാരങ്ങളും വിരുന്നുകളുമുണ്ടെന്ന് അറിയാത്തവരല്ല കേരളം ഭരിക്കുന്നവരെന്ന് ഹസന്‍ മുസ്ലിയാര്‍ പറഞ്ഞു.

കാറ്റിന് ലീവ്, മിന്നിന് ലീവ്, ഇടിവെട്ടിന് ലീവ്, മഴക്കാണങ്കില്‍ ലീവോട് ലീവ്, ക്രിസ്തുമസിന് 10 ലീവ്, ഓണത്തിന് ലീവിന്‍ മേല്‍ ലീവ്. മുസ്ലിം പെരുന്നാളിന് മാത്രം ലീവില്ല. പെരുന്നാളിന് മൂന്ന് ലീവ് അനുവദിക്കണമെന്നത് മുസ്ലിം സമുദായത്തിന്റെ കാലപഴക്കമുള്ള ആവശ്യമാണ്. ഇപ്രാവശ്യം കലണ്ടറില്‍ കാണിച്ച വെള്ളിയാഴ്ച ലീവ് നിലനിര്‍ത്തിയിരുന്നെങ്കില്‍ കണ്ണില്‍ പൊടിയിടാനങ്കിലും പെരുന്നാളിന് മൂന്ന് ലീവ് അനുവദിച്ച ആദ്യ സര്‍ക്കാര്‍ എന്ന പെരുമ്പറയുമായി നിലമ്പൂരിലൂടെ നടക്കാമായിരുന്നില്ലേയെന്ന് ഹസന്‍ മുസ്ലിയാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബലിപെരുന്നാള്‍ ശനിയാഴ്ച ആയതിനാലാണ് വെള്ളിയാഴ്ച നേരത്തെ നിശ്ചയിച്ചിരുന്ന അവധി മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വെള്ളിയാഴ്ചത്തെ വിദ്യാലയങ്ങളുടെ അവധിയും മാറ്റിയിരുന്നു.