പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. ജനുവരി 31-ന് പുലര്‍ച്ചെ ബലൂചിസ്ഥാനിലെ 12-ഓളം നഗരങ്ങളില്‍ ഒരേസമയം ചാവേര്‍ സ്ഫോടനങ്ങളും വെടിവെപ്പുമാണ് ബലൂച് ലിബറേഷന്‍ ആര്‍മി നടത്തിയത്. രണ്ട് വനിതാ ചാവേറുകളുടെ മൂന്‍ നിര്‍ത്തിയുള്ള ആക്രമണങ്ങളില്‍, പോലീസ് സ്റ്റേഷനുകള്‍, പാരാമിലിട്ടറി താവളങ്ങള്‍, ബാങ്കുകള്‍, റെയില്‍വേ ട്രാക്കുകള്‍ എന്നിവ ഭീകരര്‍ ലക്ഷ്യമിട്ടു. ഗ്വാദറില്‍ ഉള്‍പ്പെടെയുള്ള വിവിധ ഭാഗങ്ങളില്‍ ചൈനക്ക് വേണ്ടി പണിയെടുക്കുന്ന, സാധാരണക്കാരായ തൊഴിലാളികളെയും ഇവര്‍ വധിച്ചു. ഇപ്പോഴിതാ അതിഭീകരമായ തിരിച്ചടിയുടെ വാര്‍ത്തകളാണ് ബലൂചില്‍നിന്ന് പുറത്തുവരുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 177 ഭീകരരെ വധിച്ചുകൊണ്ട് സൈന്യം ശക്തമായ തിരിച്ചടി നല്‍കി. മേഖലയില്‍ ഇപ്പോഴും സൈനിക പരിശോധന തുടരുകയാണ്.

കോടികളുടെ സമ്പത്തുണ്ടായിട്ടും കൊടും പട്ടിണിയുള്ള പ്രദേശമാണ് ബലൂചിസ്ഥാന്‍. ചൈനയുടെ നിയന്ത്രണത്തിലുള്ള ഗ്വാദര്‍ തുറമുഖത്തിന് പുറമേ സ്വര്‍ണഖനനവുമുള്ള പ്രദേശമാണ് ഇവിടം. സ്വര്‍ണ്ണവും, ചെമ്പും, പ്രകൃതിവാതകവുമായി കോടികളുടെ സമ്പത്തുള്ള ഒരു പ്രദേശം. പക്ഷേ ഇന്ന് അവിടെ കൊടും ദാരിദ്ര്യമാണ്. അതിനുകാരണം പാക്കിസ്ഥാന്റെ അവഗണയാണെന്ന് പറഞ്ഞാണ് ബലൂചികള്‍ തീവ്രവാദത്തിലേക്ക് നീങ്ങിയത്. പാക്കിസ്ഥാനില്‍ നിന്ന് വേര്‍പെട്ട ഒരു സ്വന്തം രാജ്യം വേണമെന്നാണ് അവരുടെ ആഗ്രഹം. അതിനായുള്ള സായുധപോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.

ചൈന നമ്പര്‍ വണ്‍ ശത്രു

പാക്കിസ്ഥാന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണപ്പോള്‍, ഏറ്റവും വലിയ കഷ്ടകാലം വന്നത്, പാക് ഭരണകൂടം നിരന്തരം അവഗണിക്കുകയായിരുന്ന ബലൂചിസ്ഥാന്റെ നേരെ കൂടിയാണ്. കഴിഞ്ഞ വര്‍ഷം ബചൂലിസ്ഥാനിലേക്ക്, ഗോതമ്പുമാവുമായി വന്ന ഒരു ലോറി കൊള്ളയടിക്കപ്പെട്ടിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ ദയീനമായിരുന്നു. പട്ടിണി സഹിക്കാന്‍ കഴിയാതെ ജനം മോഷണം നടത്തുന്ന ഒരു പ്രദേശമായി ഇത് മാറിയിരിക്കയാണ്. പക്ഷേ റൊട്ടിയില്ലെങ്കിലും അവിടേക്ക് ആയുധം എത്തുന്നുണ്ട്. കൃത്യമായി എ കെ 47 തോക്കുകള്‍ എത്തുന്നുണ്ട്! ബലൂചികളുടെ നമ്പര്‍ വണ്‍ ശത്രു ചൈനയാണ്. അതുകൊണ്ടുതന്നെ നിരവധി ചൈനാക്കാരും ഇവിടെ കൊല്ലപ്പെടുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബലൂച് തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തുവെന്ന് ലിബറേഷന്‍ ആര്‍മി അവകാശപ്പെടുന്നു. ക്വറ്റ നഗരത്തില്‍ ബലൂഷ് ആര്‍മിയുടെ ആഹ്ലാദ പ്രകടനം നടന്നിരുന്നു. പല സര്‍ക്കാര്‍ ഓഫീസുകളും പിടിച്ചെടുത്ത് അതില്‍ പാക്കിസ്ഥാന്റെ പതാക മാറ്റി ബലൂചിസ്ഥാന്റെ പതാക അവര്‍ ഉയര്‍ത്തുകയാണ്. ദിവസങ്ങള്‍ക്കുമുമ്പ് ജാഫര്‍ എക്പ്രസ് എന്ന ട്രെയിന്‍ തട്ടിക്കൊണ്ടുപോയി പാക്കിസ്ഥാനെ ഇവര്‍ ഭീതിയിലാഴ്ത്തിയിരുന്നു. പക്ഷേ അന്നും കടുത്ത സൈനിക നടപടിയിലുടെ പാക്കിസ്ഥാന്‍ അതിജീവിച്ചു. അതിനുശേഷം 2026 ജനുവരി അവസാനമാണ് വ്യാപകമായ അക്രമം ഉണ്ടായത്.

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പാകിസ്ഥാന്‍ ഭരണകൂടത്തിനെതിരെ നടത്തുന്ന ഏറ്റവും വലിയ സൈനിക നീക്കങ്ങളിലൊന്നാണ് 'ഓപ്പറേഷന്‍ ഹീറോഫ്' 2026 ജനുവരി 31-നാണ് ഇതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. ഇതില്‍ ഞെട്ടിയിരിക്കയാണ് പാക്കിസ്ഥാന്‍. ബലൂചിസ്ഥാനിലെ 14 നഗരങ്ങളിലായി 48 ഇടങ്ങളില്‍ ഒരേസമയം ബി.എല്‍.എ ആക്രമണം നടത്തി.ക്വറ്റ, നുഷ്‌കി, മസ്തുംഗ്, ഗ്വാദര്‍, പസ്‌നി, ടര്‍ബത്ത്, ലാസ്ബെല, കിലാ സൈഫുള്ള തുടങ്ങിയ പ്രമുഖ നഗരങ്ങളെല്ലാം ഈ ഓപ്പറേഷന്റെ പരിധിയില്‍ വന്നു.പാകിസ്ഥാന്‍ സൈനിക താവളങ്ങള്‍, ഐ.എസ്.ഐ (കടക) ആസ്ഥാനങ്ങള്‍, പോലീസ് സ്റ്റേഷനുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ജയിലുകള്‍ എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍. ഈ ഓപ്പറേഷനുകളിലൊക്കെ പങ്കെടുത്തത് വനിതാ ചാവേറുകളായിരുന്നു.

വനിതകള്‍ ചാവേറുകളാവുന്നു

21ഉം 24 വയസ്സുള്ള വിദ്യാര്‍ത്ഥിനികളും അധ്യാപികമാരുമൊക്കെ ബലൂചിസ്ഥാനുവേണ്ടി ചവേറാവുകയാണ്. ഇപ്പോഴത്തെ ആക്രമണ പരമ്പരയില്‍ പങ്കെടുത്ത വനിതാ ചാവേറുകളില്‍ പ്രധാനിയാണ് ആസിഫ മെംഗല്‍. 2002 ഒക്ടോബര്‍ 2-ന് ബലൂചിസ്ഥാനിലെ നുഷ്‌കി ജില്ലയിലുള്ള കില്ലി ഖാസി അബാദിലാണ് ജനിച്ചത്. നുഷ്‌കി സ്വദേശിയായ മുഹമ്മദ് ഇസ്മായിലിന്റെ മകളാണ് ഇവര്‍.തന്റെ 21-ാം ജന്മദിനമായ 2023 ഒക്ടോബര്‍ 2-നാണ് ആസിഫ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ ചാവേര്‍ വിഭാഗമായ മജീദ് ബ്രിഗേഡില്‍ ചേര്‍ന്നത്. 2024 ജനുവരിയിലാണ് ഒരു 'ഫിദായി' (ചാവേര്‍) ആകാന്‍ ഇവര്‍ സ്വയം സന്നദ്ധയായതെന്ന് സംഘടന അവകാശപ്പെടുന്നു. ഇവര്‍ ഒരു വിദ്യാര്‍ഥിയായിരുന്നു. പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് ജീവിതം അവസാനിപ്പിച്ചത്.

2026 ജനുവരി 31-ന് നുഷ്‌കിയിലുള്ള പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ യുടെ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തില്‍ ഇവര്‍ പങ്കെടുത്തു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ചാണ് ഇവര്‍ ഈ അതീവ സുരക്ഷാ മേഖല ലക്ഷ്യമിട്ടത്. മജീദ് ബ്രിഗേഡിലെ മൂന്നാമത്തെ വനിതാ ചാവേറായാണ് ആസിഫ മെംഗല്‍ അറിയപ്പെടുന്നത്. ബലൂചിസ്ഥാനിലെ സായുധ പോരാട്ടത്തില്‍ യുവാക്കളും അഭ്യസ്തവിദ്യരുമായ സ്ത്രീകള്‍ ചാവേറുകളായി മാറുന്നതിന്റെ പുതിയ ഉദാഹരണമായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആസിഫ മെംഗലിന്റെ പങ്കാളിത്തത്തെ വിലയിരുത്തുന്നത്.

അതുപോലെയാണ് ഹാവ ബലൂച്ചും. ഇവര്‍ ഒരു അധ്യാപകിയായിരുന്നു. സംഘടനയ്ക്കുള്ളില്‍ ഇവര്‍ 'ദ്രോഷും' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ഹാവ ബലോച്ച് ബലൂചിസ്ഥാനിലെ സമുദ്രതീര നഗരമായ ഗ്വാദര്‍ സ്വദേശിനിയായിരുന്നു. വിദ്യാഭ്യാസമുള്ള ഒരു കുടുംബത്തില്‍ നിന്നാണ് ഇവര്‍ വന്നത്. 2026 ജനുവരി 31-ന് നടന്ന ആക്രമണ പരമ്പരയില്‍ ഗ്വാദറിലെ അതീവ സുരക്ഷാ മേഖലയിലുള്ള പാകിസ്ഥാന്‍ നാവികസേനാ താവളത്തിന് നേരെയാണ് ഹാവ ആക്രമണം നടത്തിയത്.

മജീദ് ബ്രിഗേഡിലെ നാലാമത്തെ വനിതാ ചാവേറായാണ് ബി.എല്‍.എ ഇവരെ വിശേഷിപ്പിച്ചത്. ഗ്വാദര്‍ തുറമുഖം കേന്ദ്രീകരിച്ചുള്ള ചൈനീസ്-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്കെതിരെയുള്ള പ്രതീകാത്മകമായ ആക്രമണമായാണ് ഇതിനെ സംഘടന ചിത്രീകരിച്ചത്.

: ബലൂചിസ്ഥാന്‍ വിഭവങ്ങള്‍ കൊള്ളയടിക്കപ്പെടുന്നതിനെതിരെ പോരാടാന്‍ സ്ത്രീകള്‍ക്ക് ബാധ്യതയുണ്ടെന്ന് വിശ്വസിച്ചിരുന്ന ഹാവ, ചാവേര്‍ ദൗത്യത്തിന് മുന്‍പ് റെക്കോര്‍ഡ് ചെയ്ത സന്ദേശത്തില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു.

കണ്ണിന്കണ്ണ്, പല്ലിന് പല്ല്

ഇപ്പോഴിതാ ബലൂച് പോരാളികളെ പാക് സൈന്യം അടിച്ചിടുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 2026-ല്‍ നടന്ന പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാക് സൈന്യം കനത്ത പോരാട്ടമാണ് നടത്തുന്നത്. ഇന്റലിജന്‍സ് അധിഷ്ഠിത ഓപ്പറേഷനുകളാണ് ഇതില്‍ പ്രധാനം.

ഭീകരരുടെ ഒളിത്താവളങ്ങളെക്കുറിച്ച് ലഭിക്കുന്ന രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൈന്യം നേരിട്ടുള്ള മിന്നലാക്രമണങ്ങള്‍ നടത്തുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന ഇത്തരം നീക്കങ്ങളിലൂടെയാണ് 177 ഭീകരരെ സൈന്യം വധിച്ചത്. കോമ്പിംഗ്, സാനിറ്റൈസേഷന്‍ ഓപ്പറേഷനുകളാണ് മറ്റൊന്ന്. ആക്രമണമുണ്ടായ പ്രദേശങ്ങളില്‍ ഭീകരര്‍ ആരെങ്കിലും ഒളിച്ചിരിപ്പുണ്ടോ എന്ന് കണ്ടെത്താന്‍ വീടുകളും മലനിരകളും കേന്ദ്രീകരിച്ച് വ്യാപകമായ പരിശോധനകള്‍ (നടത്തുന്നു. റെയില്‍വേ ട്രാക്കുകളിലും പാലങ്ങളിലും സ്ഥാപിച്ച സ്ഫോടകവസ്തുക്കള്‍ കണ്ടെത്താന്‍ ബോംബ് ഡിസ്പോസല്‍ സ്‌ക്വാഡുകളുടെ സഹായത്തോടെ 'സാനിറ്റൈസേഷന്‍' നടത്താറുണ്ട്.

ബലൂചിസ്ഥാനിലെ ദുര്‍ഘടമായ മലനിരകളില്‍ ഒളിച്ചിരിക്കുന്ന വിഘടനവാദികളെ കണ്ടെത്താന്‍ സൈന്യം ഏരിയല്‍ സര്‍വേയും ഡ്രോണുകളും ഉപയോഗിക്കുന്നു. തീവ്രവാദം പൂര്‍ണ്ണമായും തുടച്ചുനീക്കുന്നതിനായി പാകിസ്ഥാന്‍ രൂപീകരിച്ച 'നാഷണല്‍ ആക്ഷന്‍ പ്ലാന്‍' പ്രകാരമുള്ള സുരക്ഷാ നടപടികള്‍ മേഖലയില്‍ ശക്തമാക്കിയിട്ടുണ്ട്. ഫെഡറല്‍ അപെക്സ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഇത്തരം നീക്കങ്ങള്‍ ഏകോപിപ്പിക്കുന്നത്.

പ്രധാന നഗരങ്ങളായ ക്വറ്റ, ഗ്വാദര്‍, മസ്തൂങ് എന്നിവിടങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ഹൈവേകളില്‍ കടുത്ത പരിശോധന ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പോലുള്ള സംഘടനകളുടെ ഏകോപിത ആക്രമണങ്ങളെ തടയാന്‍ പോലീസ്, ഫ്രോണ്ടിയര്‍ കോര്‍പ്സ്, ആര്‍മി എന്നിവ സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്. പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫിന്റെ അഭിപ്രായത്തില്‍, തീവ്രവാദികളുമായി ചര്‍ച്ചകള്‍ക്കില്ലെന്നും കര്‍ക്കശമായ സൈനിക നടപടികളിലൂടെ മാത്രമേ സമാധാനം പുനഃസ്ഥാപിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.