കോതമംഗലം: സിപിഎം ഭരിക്കുന്ന കോട്ടപ്പടി സര്‍വീസ് സഹകരണ ബാങ്ക് കഴിഞ്ഞ അഞ്ചു വര്‍ഷമായി അറ്റനഷ്ടത്തിലെന്ന് 2023-24 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട്. കഴിഞ്ഞ 10 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായിട്ടാണ് കോതമംഗലം സഹകരണ ഓഡിറ്റ് ഡയയറക്ടര്‍ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇത് പ്രകാരം ഏറ്റവും ഒടുവിലായി ഓഡിറ്റ് നടന്നിട്ടുള്ളത് 2023-24 സാമ്പത്തിക വര്‍ഷമാണെന്ന് വേണം അനുമാനിക്കാന്‍.

ഓഡിറ്റ് റിപ്പോര്‍ട്ടിലെ ന്യൂനതാ സംഗ്രഹത്തില്‍ 2023-24 സാമ്പത്തിക വര്‍ഷം സംഘത്തിന്റെ അറ്റനഷ്ടം 6.98 കോടിയാണെന്ന് പറയുന്നു. സംഘത്തിന്റെ അടച്ചു തീര്‍ത്ത ഓഹരി മൂലധനവും ബാധ്യതകളില്ലാത്ത കരുതലുകളും ചേര്‍ന്ന് 4.41 കോടി രൂപയാണ് ഉള്ളത്. കരുതലുകളില്‍ നിന്ന് അറ്റനഷ്ടം കുറച്ചാല്‍ നെഗറ്റീവ് ആസ്തിയിലാണ് പ്രവര്‍ത്തിക്കുന്നത്. 2.55 കോടി രൂപയാണ് ഇപ്പോഴത്തെ നെഗറ്റീവ് ആസ്തി. സംഘത്തിന്റെ അടച്ചു തീര്‍ത്ത ഓഹരി മൂലധനവും റിസര്‍വുകളും കടന്ന് ഫണ്ട് ശോഷണം നിക്ഷേപത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കിട്ടാനുള്ള കുടിശിക 30.47 ശതമാനം ആയതിനാല്‍ സംഘം ക്ലാസിഫിക്കേഷന്‍ പുനര്‍നിര്‍ണയിക്കണമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. നിലവില്‍ ക്ലാസ് വണ്‍ സ്പെഷല്‍ ഗ്രേഡിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ക്ലാസില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വായ്പകളിലെ കുടിശിക കിട്ടാനുള്ള തുകയുടെ 25 ശതമാനത്തില്‍ അധികരിക്കരുതെന്നാണ്. ഇവിടെ ആ മാനദണ്ഡം മറികടന്ന സഹാചര്യത്തിലാണ് ക്ലാസിഫിക്കേഷന്‍ പുനര്‍ നിര്‍ണയിക്കാന്‍ ശിപാര്‍ശ നല്‍കിയിരിക്കുന്നത്.

കുടിശിക സമയബന്ധിതമായി ഈടാക്കാത്തതിനാല്‍ നാള്‍ക്കു നാള്‍ വര്‍ധിച്ചു വരികയാണ്. സംഘത്തിലെ ജീവനക്കാരന്റെ ഭാര്യയുട പേരിലുള്ള വായ്പയുടെ കാലാവധി 2015 ല്‍ അവസാനിച്ചതാണ്. എന്നാല്‍, നാളിതു വരെ കുടിശിക തുക അടച്ചിട്ടില്ല. സംഘം ജീവനക്കാരന്‍ തന്നെ ഇത്തരത്തില്‍ കുടിശിക വരുത്തുന്നത് ശരിയല്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു. ഇതേ പോലെ ജീവനക്കാരുടെയും ഭരണ സമിതി അംഗങ്ങളുടെയും ബന്ധുക്കള്‍ വന്‍ തുക വായ്പയെടുത്ത് കുടിശിക വരുത്തിയിരിക്കുന്നതായുളള കണ്ടെത്തലുകളും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ വര്‍ഷത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിച്ച ന്യൂനതകള്‍ പരിഹരിക്കാന്‍ ബാക്കിയാണ്. സംഘം ആകെ സ്വീകരിച്ച നിക്ഷേപത്തിന്റെ 70 ശതമാനം മാത്രമാണ് വായ്പയായി നല്‍കേണ്ടത്. എന്നാല്‍ 100 ശതമാനത്തിന് മുകളിലാണ് വായ്പയായി നല്‍കിയിരിക്കുന്നത്. നിക്ഷേപം വര്‍ധിപ്പിക്കാതെ ധനസഹായ ബാങ്കില്‍ നിന്നും വായ്പ സ്വീകരിച്ച് അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയും ഈ വായ്പകളില്‍ കുടിശിക നിലനില്‍ക്കുകയും ചെയ്യുന്നത് ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.