- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ദേശീയതലത്തില്‍ പേരെടുത്ത വോളീബോള്‍ കളിക്കാരന്; ബിടെക് എടുത്ത ശേഷം പൊതുധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് തീവ്രത പോരെന്ന് തോന്നി മാവോയിസ്റ്റായ അധ്യാപകന്റെ മകന്; ആക്രമണങ്ങളിലും എതിരാളികളെ ശാരീരികമായി അടിച്ചമര്‍ത്തുന്നതിലും ഉന്മൂലനത്തിലും ശ്രദ്ധിച്ച ക്രൂരത; ആരാണ് നമ്പാല കേശവ റാവു എന്ന ബസവരാജു? അമിത് ഷായുടെ ലക്ഷ്യം മാവോയിസ്റ്റ് ഉന്മൂലനം
നാരായണ്‍പുര്‍: ഛത്തീസ്ഗഡില്‍ നിരവധി ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയ സിപിഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറിയും പിടികിട്ടാപ്പുള്ളിയുമായ ബസവരാജു എന്നറിയപ്പെടുന്ന നമ്പാല കേശവ റാവു ഉള്‍പ്പെടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചതോടെ മാവോയിസ്റ്റ് വേട്ട പുതിയ തലത്തിലെത്തും. ബസവരാജുവിനെ കൊന്നതോടെ മാവോയിസ്റ്റുകളുടെ അടിവേര് ഇളകുമെന്നാണ് കേന്ദ്ര സേനകളുടെ വിലയിരുത്തല്‍. ബസ്തര്‍ മേഖലയില്‍ രണ്ടുദിവസമായി തുടര്‍ന്ന ഏറ്റുമുട്ടലില്‍ സംസ്ഥാന പോലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡ് അംഗം കൊല്ലപ്പെട്ടതിനുപുറമേ ഏതാനും സേനാംഗങ്ങള്‍ക്കു പരിക്കേറ്റെന്നും പോലീസ് അറിയിച്ചു. നക്സലിസത്തെ ഉന്മൂലനം ചെയ്യാനുള്ള പോരാട്ടത്തിലെ നാഴികക്കല്ലെന്നാണ് ഏറ്റുമുട്ടലിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശേഷിപ്പിച്ചത്. മുതിര്‍ന്ന മാവോയിസ്റ്റ് നേതാവിന്റെ മരണം ആഭ്യന്തരമന്ത്രികൂടിയായ ഉപമുഖ്യമന്ത്രി വിജയ് ശര്‍മ സ്ഥിരീകരിച്ചു. ഈ വര്‍ഷം ഇതുവരെ സുരക്ഷാസേന ഇരുനൂറിലധികം മാവോയിസ്റ്റുകളെ വധിച്ചു. ബസ്തര്‍ മേഖലയില്‍മാത്രം 183 പേരാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയമായി സംഘടനയെ നയിക്കുന്നതിനു പകരം സായുധ പോരാട്ടത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച വ്യയക്തിയാണ് ബസവരാജു. അതുകൊണ്ട് തന്നെ ബസവരാജുവിനെ വകവരുത്തിയതോടെ ഛത്തിസ്ഗഡ് ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് രക്തച്ചൊരിച്ചിലിന് അറുതി വരുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.
നാരായണ്‍പുര്‍, ദന്താവാഡെ, ബിജാപുര്‍, കൊണ്ടാഗാവ് എന്നിവിടങ്ങളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് സംഘങ്ങളുടെ നേതൃത്വത്തില്‍ മാവോയിസ്റ്റ് ശക്തികേന്ദ്രമായ അബുജ്മദ് വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. വന്‍തോതില്‍ ആയുധങ്ങളും ഇവരില്‍നിന്നു പിടിച്ചെടുത്തു. മാവോയിസ്റ്റ്വിരുദ്ധ നടപടിയില്‍ മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണു ജനറല്‍ സെക്രട്ടറി റാങ്കിലുള്ള നേതാവിനെ വധിച്ചതെന്നാണ് വിലയിരുത്തല്‍. അരനൂറ്റാണ്ടായി രാജ്യത്തെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചയാളാണു ബസവരാജു. ഛത്തീസ്ഗഡ് സര്‍ക്കാര്‍ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നു. മൂന്നുതലങ്ങളിലായുള്ള സുരക്ഷാസംഘത്തിന്റെ ഒപ്പം വനത്തിനുള്ളിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. സായുധ പോരാട്ടത്തിലും ഒളിപ്പോര്‍ യുദ്ധതന്ത്രങ്ങളിലും വിദഗ്ധനായ ബസവരാജുവിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഏതാനും ഫോട്ടോകള്‍ മാത്രമാണു കേന്ദ്ര ഏജന്‍സികള്‍ക്ക് പോലും ഉണ്ടായിരുന്നത്. ആന്ധ്രയിലെ ശ്രീകാകുളം ജിയ്യന്നപേട്ട് സ്വദേശിയായ ബസവരാജുവിന് ഏഴുപതു വയസുണ്ട്. സ്‌കൂള്‍ അധ്യാപകന്റെ മകനായി ജനിച്ച ബസവരാജു വാറങ്കല്‍ ആര്‍ഇസിയില്‍നിന്ന് ബിടെക് ബിരുദം നേടിയശേഷമാണ് മാവോയിസ്റ്റ് ആശയങ്ങളിലേക്കു പൂര്‍ണമായും തിരിഞ്ഞത്.
പ്രകാശ്, കൃഷ്ണ, വിജയ്, ഉമേഷ്, കംലു എന്നീ പേരുകളിലും സംഘടനയ്ക്കുള്ളില്‍ അറിയപ്പെടുന്നു. 2018ല്‍ മുപ്പാല ലക്ഷ്മണ റാവു എന്ന ഗണപതിയുടെ പകരക്കാരനായാണു സിപിഐ(മാവോയിസ്റ്റ്) സംഘടനയുടെ തലവനായത്. 2004 മുതല്‍ ജനറല്‍ സെക്രട്ടറിയായി തുടരുന്ന ഗണപതി ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്. ഗണപതയുടെ സുഹൃത്തും ആദ്യജനറല്‍ സെക്രട്ടറിയുമായ സീത രാമയ്യയുടെ കീഴിലാണ് ബസവരാജു പരിശീലിച്ചത്. ബസവരാജു തലപ്പത്ത് എത്തിയതോടെ ഒട്ടേറെ ആക്രമണങ്ങളാണു പോലീസിനും കേന്ദ്ര ഏജന്‍സികള്‍ക്കും നേരെ നടന്നത്. 2010ല്‍ 76 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ അപഹരിച്ച ദന്തേവാഡ ആക്രമണത്തിന്റെ സൂത്രധാരന്‍ ബസവരാജുവായിരുന്നു. ബിജാപുര്‍-സുക്മ ജില്ലയിലെ വനമേഖലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വ്യാപക തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ബസവരാജുവിനെ പിടികൂടനായായിരുന്നില്ല. ഛത്തീസ്ഗഡ് സര്‍ക്കാരിനു പുറമേ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന സര്‍ക്കാരുകളും ബസവരാജുവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ജിയാനപേട്ട സ്വദേശിയായ നമ്പാല കേശവ റാവു 1955ലാണ് ജനിച്ചതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. എണ്‍പതുകളുടെ തുടക്കത്തില്‍ വാറംഗല്‍ റീജിയണല്‍ എഞ്ചിനീയറിങ് കോളേജില്‍ പഠിക്കുമ്പോള്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെയാണ് നമ്പാല കേശവ റാവു രാഷ്ട്രീയപ്രവേശം നടത്തിയത്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ദേശീയതലത്തില്‍ പേരെടുത്ത വോളീബോള്‍ കളിക്കാരനുമായിരുന്നു ഇയാള്‍. കോളേജില്‍ വച്ച് എ ബി വി പി സംഘടനാംഗങ്ങളായ വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിച്ച കേസില്‍ ഇയാളെ ആ സമയത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആ ഒരൊറ്റത്തവണ മാത്രമാണ് ഇയാള്‍ പോലീസിന്റെ പിടിയിലായിട്ടുള്ളത്. ബിടെക് ബിരുദം നേടിയ ശേഷം കേശവ റാവു മാവോയിസ്റ്റായി.
വിദ്യാര്‍ത്ഥി ജീവിതത്തിന് ശേഷം പൊതുധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് തീവ്രത പോരെന്ന് തോന്നിയ ഇയാള്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിലൂടെ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ സജീവമായി. ഏത് ക്രൂരകൃത്യവും ചെയ്യാന്‍ മടിയില്ലാത്ത കേശവറാവു പെട്ടെന്ന് തന്നെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ സൈനിക വിഭാഗങ്ങളുടെ തലപ്പത്തേക്ക് ഉയര്‍ന്നു. 2004-ല്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യയും (എംസിസിഐ) ലയിച്ച് സി.പി.ഐ (മാവോയിസ്റ്റ്) രൂപീകരിച്ചപ്പോള്‍, ബസവരാജു ആ സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗമായി. 2018-ല്‍ ഗണപതി എന്ന മുപ്പല്ല ലക്ഷ്മണ റാവു സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ബസവരാജു കമ്യൂണിസ്റ്റ് മാവോയിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായത്. ബസവരാജുവിനെ നേതൃനിരയയിലേക്ക് ഉയത്തിക്കൊണ്ട് വന്നതും മുപ്പല്ല ലക്ഷ്മണ റാവു ആയിരുന്നു.
തന്ത്രപരമായ നീക്കങ്ങള്‍ക്കും ക്രൂരമായ ആക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതില്‍ കുപ്രസിദ്ധനായിരുന്നു ബസവരാജു. സുരക്ഷാ സേനയ്ക്ക് നേരെ നടന്ന നിരവധി ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്ന് കരുതപ്പെടുന്നു. ഗറില്ലാ യുദ്ധതന്ത്രങ്ങളില്‍ പ്രത്യേക വൈദഗ്ധ്യമുള്ള ഇയാള്‍, സംഘടനയുടെ സൈനിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും പുതിയ കേഡര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. ഇയാളുടെ മുന്‍ഗാമിയായിരുന്ന ഗണപതി എന്ന മുപ്പല്ല ലക്ഷ്മണ റാവു ആശയപരമായ നേതൃത്വമാണ് നല്‍കിയിരുന്നത്. പൊതുവേ പ്രായോഗികബുദ്ധിയുള്ള ഗണപതി മറ്റ് മാവോയിസ്റ്റ് ഘടകങ്ങള്‍ക്കിടയിലും സ്വീകാര്യനുമായിരുന്നു. എന്നാല്‍ ബസവരാജു ആക്രമണങ്ങളിലും എതിരാളികളെ ശാരീരികമായി അടിച്ചമര്‍ത്തുന്നതിലും ഉന്മൂലനത്തിലും ആണ് പ്രധാനമായും ശ്രദ്ധിച്ചത്.
മണിക്കൂറുകള്‍ നീണ്ട ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് ബസവരാജുവിനെയും കൂടെയുള്ളവരേയും വധിക്കാന്‍ സാധിച്ചത്. കൊല്ലപ്പെട്ട മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഓപ്പറേഷന്‍ നടന്ന പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.