തിരുവനന്തപുരം: വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മുൻ എസ്‌പി ബാസ്റ്റിൻ സാബുവിന് ഐപിഎസ് ലഭിച്ചു. 2020 ലെ പട്ടികയിൽ ഒന്നാം നമ്പരുകാരനായി മുൻകാല പ്രാബല്യത്തോടെയാണ് നിയമനം. ഇതു സംബന്ധിച്ച് കേന്ദ്രആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഇന്ന് പുറത്തിറങ്ങി. ഇതു സംബന്ധിച്ച് നിരവധി വാർത്തകൾ മറുനാടൻ നൽകിയിരുന്നു.

സ്റ്റേഷനിൽ വന്ന പ്രാദേശിക രാഷ്ട്രീയ നേതാവിനെ ബഹുമാനിച്ചില്ലെന്ന പേരിൽ ബാസ്റ്റിനെതിരേ വകുപ്പു തല നടപടി ഉണ്ടായിരുന്നുവെന്നും അത് തീർപ്പാക്കിയില്ലെന്നും ചുണ്ടിക്കാട്ടിയാണ് ബാസ്റ്റിന് ഐപിഎസ് നിഷേധിച്ചത്. തുടർന്ന് ബാസ്റ്റിൻ സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ (ക്യാറ്റ്) സമീപിച്ചു. 2020 ലെ ഐപിഎസ് പട്ടികയിൽ ബാസ്റ്റിന് വേണ്ടി ഒരു ഒഴിവ് നീക്കി വയ്ക്കണമെന്ന് ക്യാറ്റ് ഉത്തരവിട്ടു.

എന്നാൽ, കഴിഞ്ഞ വർഷം പുറത്തു വന്ന 2019, 20 വർഷങ്ങളിലെ പ്രമോഷൻ പട്ടികയിൽ ബാസ്റ്റിന്റെ പേര് ഉൾക്കൊള്ളിച്ചില്ല. വീണ്ടും ബാസ്റ്റിൻ ക്യാറ്റിനെ സമീപിക്കുകയും ഐപിഎസ് പട്ടികയിൽ ഉൾക്കൊള്ളിക്കാൻ ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം ചേർന്ന യു.പി.എസ്.സിയുടെ സെലക്ഷൻ കമ്മറ്റി ബാസ്റ്റിന് ഐപിഎസ് നൽകാൻ ഉത്തരവിട്ടു. 2019, 20 വർഷങ്ങളിലെ പട്ടിക പുനഃപരിശോധിച്ചതിന് ശേഷമാണ് ബാസ്റ്റിനെ 2020 ലെ പട്ടികയിൽ ഉൾക്കൊള്ളിച്ചത്.

കഴിഞ്ഞ വർഷം നവംബർ 16 ന് വന്ന പട്ടികയിൽ ബാസ്റ്റിന് വേണ്ടി ഒരു സ്ഥാനം ഒഴിച്ചിട്ടിരുന്നു. ഈ പട്ടിക പുനഃപരിശോധിച്ച് മുൻകാല പ്രാബല്യത്തോടെയാണ് ഇപ്പോൾ നിയമനം.

ബാസ്റ്റിൻ സാബുവിനെ അൺഫിറ്റാക്കിയത് ഇങ്ങനെ..

2006 ൽ പയ്യോളി സ്റ്റേഷനിൽ ഇൻസ്പെക്ടർ ആയിരുന്ന ബാസ്റ്റിൻ സാബു കേസുമായി ബന്ധപ്പെട്ട് വന്ന സിപിഎം പ്രാദേശിക നേതാവിനോട് മോശമായി പെരുമാറിയത്രേ. നേതാവിനെ അസഭ്യം വിളിക്കുകയും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. നേതാവ് അക്കാലത്തെ വൈദ്യുതി മന്ത്രിക്ക് ഇതു സംബന്ധിച്ച് പരാതി നൽകി. അദ്ദേഹം അത് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചത് പ്രകാരം കോഴിക്കോട് റൂറൽ എസ്‌പി, ബാസ്റ്റിൻ സാബുവിനെതിരേ അന്വേഷണം നടത്തി. വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ടും സമർപ്പിച്ചു.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാസ്റ്റിനെതിരേ തുടരന്വേഷണത്തിന് ഉത്തരമേഖലാ ഐജി നിർദ്ദേശിച്ചു. അന്വേഷണത്തിൽ ബാസ്റ്റിന്റെ ഭാഗത്ത് വീഴ്ച കണ്ടെത്തി. ബാസ്റ്റിന്റെ ഇൻക്രിമെന്റ് ഒരു വർഷത്തേക്ക് തടഞ്ഞു കൊണ്ട് നടപടി വന്നു. ഇതേ സമയം തന്നെ സർക്കാരിനും ബാസ്റ്റിനെതിരായ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചിരുന്നു. ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്നായിരുന്നു റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ ഒരു വാച്യാന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഉത്തരമേഖലാ ഐജി ഇതു സംബന്ധിച്ച് അന്വേഷണം പൂർത്തിയാക്കിയതും നടപടി എടുത്തതും അറിയാതെയായിരുന്നു സർക്കാരിന്റെ നടപടി ക്രമം.

സർക്കാർ തലത്തിലുള്ള അന്വേഷണ ഉത്തരവ് കിട്ടിയതിന് പിന്നാലെ സംസ്ഥാന പൊലീസ് മേധാവി ബാസ്റ്റിനെതിരേ ചുമത്തിയ നടപടി ക്രമങ്ങൾ റദ്ദാക്കാൻ ഉത്തരമേഖലാ ഐജിയോട് നിർദ്ദേശിച്ചു. ഇതിൻ പ്രകാരം ഐജി ആ നടപടി ക്രമങ്ങൾ റദ്ദാക്കുകയും ചെയ്തു. ഈ വിവരം സംസ്ഥാന പൊലീസ് മേധാവി സർക്കാരിനെ അറിയിച്ചതുമില്ല.

ഐപിഎസിന് പരിഗണിക്കപ്പെടുമെന്ന് അറിയാമായിരുന്ന ബാസ്റ്റിൻ സാബു, 2006 ലെ തനിക്കെതിരായ സർക്കാരിന്റെ അച്ചടക്ക നടപടി (വാച്യാന്വേഷണ ഉത്തരവ്) അതിനൊരു തടസമാകാതിരിക്കാൻ ആ നടപടി ക്രമങ്ങൾ റദ്ദാക്കുന്നതിന് വേണ്ടി 2016 ൽ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സർക്കാരിന്റെ വാച്യാന്വേഷണം റദ്ദാക്കി. ഇതോടെ ബാസ്റ്റിനെതിരായ രണ്ട് അന്വേഷണങ്ങളും റദ്ദായി. ആദ്യത്തേത് നോർത്ത് സോൺ ഐജി നടത്തിയ അന്വേഷണം ഡിജിപിയുടെ നിർദ്ദേശ പ്രകാരം 2006 ൽ തന്നെ റദ്ദാക്കപ്പെട്ടു. രണ്ടാമത്തേതത് സർക്കാർ ഉത്തരവിട്ട വാച്യാന്വേഷണം 2016 ലെ ഹൈക്കോടതി വിധി പ്രകാരവും റദ്ദാക്കപ്പെട്ടു.

അതിന് ശേഷം, ഉത്തരമേഖലാ ഐജിയുടെ 2006 ലെ അന്വേഷണത്തിൽ തനിക്കെതിരായി ശിപാർശ ചെയ്ത നടപടികളെ കുറിച്ചുള്ള പരാമർശം ഒഴിവാക്കി കിട്ടാൻ വേണ്ടി ബാസ്റ്റിൻ സാബു സർക്കാരിൽ അപേക്ഷ നൽകി. രണ്ട് അച്ചടക്ക നടപടികളും റദ്ദാക്കപ്പെട്ടുവെങ്കിലും ഈ ഉദ്യോഗസ്ഥനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയത് നിലനിൽക്കുന്നുവെന്ന് മനസിലാക്കിയ സർക്കാർ 2006 ലെ ഉത്തരമേഖലാ ഐജിയുടെ അച്ചടക്ക നടപടി പുനഃസ്ഥാപിച്ചു. ഒരു വർഷത്തെ ശമ്പള വർധനവ് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് പുനഃസ്ഥാപിച്ചതോടെ അധിക ശമ്പളമായി കൈപ്പറ്റിയ 5016 രൂപ തിരികെ അടയ്ക്കാൻ ബാസ്റ്റിനോട് നിർദ്ദേശിച്ചു. 2021 മാർച്ച് 12 ന് ബാസ്റ്റിൻ പണം അടച്ചു.

അതിന് ശേഷവും ബാസ്റ്റിന് ഐപിഎസ് കിട്ടാതിരിക്കാനുള്ള ശ്രമങ്ങൾ നടന്നു. എന്നാൽ ക്യാറ്റിന്റെ ഇടപെടലോടെ അവസാനം ബാസ്റ്റിന് നീതി ലഭിച്ചിരിക്കുകയാണ്.