ബെംഗളൂരു: കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത കനത്ത മഴയിൽ ബെംഗളൂരു നഗരം പൂർണമായും സ്തംഭിച്ച അവസ്ഥയിൽ. ജല-വൈദ്യുതി വിതരണം ഏതാണ്ട് പൂർണ്ണമായും മുടങ്ങി. കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും നഗരത്തിൽ വെള്ളപ്പൊക്കമുണ്ടായത് ആസൂത്രിതമല്ലാത്ത നഗരവൽക്കരണം മൂലമാണെന്ന ആരോപണവും ഉയർന്നു കഴിഞ്ഞു.

നഗരത്തിരക്കുകൾക്കു കടിഞ്ഞാണിട്ടതു പോലെയാണ് പ്രളയം എത്തിയത്. സുപ്രധാന മേഖലകൾ വെള്ളത്തിനടിയിലായതോടെ മഹാനഗരം പൂർണമായും സ്തംഭിച്ച നിലയിലായി. അതിശക്തമായ മഴയിൽ മുങ്ങിയ ബെംഗളൂരു നഗരത്തിലെ ജനജീവിതം താറുമാറായി. ഗതാഗതം, വൈദ്യുതി, കുടിവെള്ളം അങ്ങനെ അത്യാവശ്യകാര്യങ്ങളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്.



ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും വെള്ളക്കെട്ടിൽ മുങ്ങി നഗരത്തിൽ ജനജീവിതം നരകതുല്യമായി. താഴ്ന്ന പ്രദേശങ്ങളും പ്രധാന പാതകളും ഉൾപ്പെടെ മുങ്ങി. മിക്കയിടങ്ങളിലും നഗരഗതാഗതം സ്തംഭിച്ചു. സംസ്ഥാന ദുരന്തനിവാരണ സേനയുടെ (എസ്ഡിആർഎഫ്) റബർ റാഫ്റ്റുകളും ട്രാക്ടറുകളും ഇറക്കിയാണ് സർജാപുര റോഡിലെ റെയിൻബോ ഡ്രൈവ് ലേഔട്ട്, സണ്ണി ബ്രൂക്‌സ് ലേഔട്ട് തുടങ്ങിയവിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയത്. ബിബിഎംപിയുടെ മഹാദേവപുര, ബൊമ്മനഹള്ളി സോണുകളിൽ ഉൾപ്പെടെ പലയിടങ്ങളിലും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

അപകടം ഭയന്ന് ഐടി ജീവനക്കാർ സ്വന്തം വാഹനങ്ങൾ ഉപേക്ഷിച്ച് ട്രാക്ടറിൽ കയറിയാണ് ജോലിക്ക് പോകുന്നത്. മഴയുടെ പേരുംപറഞ്ഞ് കൂടുതൽ ദിവസം ലീവ് എടുക്കാനാകില്ലെന്നും തങ്ങളുടെ ജോലിയെ അത് ബാധിക്കുമെന്നും ഐടി ജീവനക്കാരി വ്യക്തമാക്കുന്നു. ട്രാക്ടർ യാത്രയ്ക്ക് 50 രൂപയാണ് ഈടാക്കുന്നത്. ടെക്കികളുടെ ട്രാക്ടർ യാത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, നഗരത്തിലെ വെള്ളം വറ്റിക്കാനും മറ്റുപ്രവർത്തനങ്ങൾക്കുമായി 1,800 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. മാണ്ഡ്യയിലെ പമ്പ്ഹൗസിൽ വെള്ളം കയറിയതിനെ തുടർന്ന് ചില പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടു. പമ്പ്ഹൗസ് വൃത്തിയാക്കുകയാണെന്നും 8,000 കുഴൽക്കിണറുകളിലെ വെള്ളം ദുരിതബാധിത പ്രദേശങ്ങളിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുഴൽക്കിണറില്ലാത്ത പ്രദേശങ്ങളിൽ ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിൽ 430 വീടുകൾ പൂർണമായും 2,188 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. 225 കിലോമീറ്റർ റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ, വൈദ്യുത തൂണുകൾ എന്നിവയും തകർന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ എട്ടു വർഷത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്. കഴിയുന്നതും യാത്രകൾ ഒഴിവാക്കാനും നഗരത്തിന്റെ പല ഭാഗങ്ങളിലും മന്ദഗതിയിലുള്ള ഗതാഗതം പ്രതീക്ഷിക്കണമെന്നും അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്നും പൊലീസ് യാത്രക്കാരെ ഉപദേശിച്ചു.

നൂറിലധികം വീടുകൾ വെള്ളത്തിനടിയിലായെന്നും നിരവധി അപ്പാർട്ട്‌മെന്റുകളുടെ ബേസ്‌മെന്റുകൾ വെള്ളത്തിനടിയിലായെന്നും ന്യൂസ് 9 ലൈവ് റിപ്പോർട്ട് ചെയ്യുന്നു. സർജാപൂർ റോഡിലെ താമസക്കാർക്ക് വെള്ളം കയറി വാഹനങ്ങൾ കേടാകാതിരിക്കാൻ പാർക്ക് ചെയ്തിരുന്ന കാറുകൾ ബേസ്‌മെന്റിൽ നിന്ന് മാറ്റേണ്ടിവന്നു.



തടാകങ്ങളും മഴവെള്ളക്കനാലുകളും കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വീടുകളിലും അപ്പാർട്‌മെന്റുകളുടെ പാർക്കിങ് ഇടങ്ങളിലും വെള്ളം ഇരമ്പിക്കയറി. ഔട്ടർ റിങ് റോഡിലെ ആർഎംഇസഡ് ഇക്കോ സ്‌പേസ് ഉൾപ്പെടെ ഐടി കമ്പനികളിലും വെള്ളംകയറി. റോഡുകളിൽ നിന്നു പമ്പുസെറ്റുകൾ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഞായറാഴ്ച രാത്രിയോടെ പെയ്യാനാരംഭിച്ച കനത്ത മഴയാണ് നഗരത്തെ വീണ്ടും വെള്ളത്തിലാക്കിയത്. ഓഗസ്റ്റ് 29നും നഗരം സമാനസാഹചര്യങ്ങളിൽ വലഞ്ഞിരുന്നു. 2011നു ശേഷം സെപ്റ്റംബറിൽ പെയ്ത കനത്ത മഴ കൂടിയാണിത്.

ഔട്ടർ റിങ് റോഡിൽ സിൽക് ബോർഡ് ജംക്ഷൻ, ബെലന്തൂർ, മാറത്തഹള്ളി, എച്ച്എസ്ആർ ലേഔട്ട്, സർജാപുര റോഡ് എന്നിവിടങ്ങളിലാണ് പ്രളയത്തിൽ വാഹനങ്ങൾ കുടുങ്ങി ഗതാഗതം താറുമാറായത്. ബെലന്തൂരിൽ ഹാലനായകനഹള്ളി തടാകം കരകവിഞ്ഞതാണ് വിനയായത്. ബിഇഎംഎൽ ലേഔട്ട്, വൈറ്റ്ഫീൽഡ്, മജസ്റ്റിക്, ഒക്കലിപുരം, കസ്തൂരിനഗർ തുടങ്ങിയവിടങ്ങളിൽ റെയിൽവേ അടിപ്പാത 4 അടിയോളം വെള്ളത്തിൽ മുങ്ങി. ശിവാജിനഗർ, കെ.ജി നഗർ, ബിവികെ അയ്യങ്കാർ റോഡ്, അവന്യു റോഡ് തുടങ്ങിയ ഇടങ്ങളും മുങ്ങി.

കോറമംഗല, അടുഗോഡി, കോറമംഗല, ദേവരജീവനഹള്ളി തുടങ്ങിയവിടങ്ങളിൽ മരം വീണും വഴിതടസ്സമുണ്ടായി. വൈറ്റ്ഫീൽഡ്, ബെന്നാർഘട്ടെ റോഡ്, ഗോട്ടിഗെരെ, വിജയനഗർ, രാജാജിനഗർ, ബസവേശ്വര നഗർ, യശ്വന്തപുര, പീനിയ, ലഗ്ഗെരെ,നന്ദിനി ലേഔട്ട്, മല്ലേശ്വരം, ശേഷാദ്രിപുരം, ഹെബ്ബാൾ, സഞ്ജയ് നഗർ, ആർടി നഗർ, നാഗവാര, ഹെന്നൂർ, ബാനസവാടി, രാജരാജേശ്വരി നഗർ, ദീപാഞ്ജലി നഗർ എന്നിവിടങ്ങളിലും വെള്ളക്കെട്ടിൽ ജനജീവിതം സ്തംഭിച്ചു.

ബെംഗളൂരു വിമാന സർവീസുകളെയും മഴ താറുമാറാക്കി. വിവിധയിടങ്ങളിൽ നിന്നു ബെംഗളൂരുവിൽ ഇറങ്ങേണ്ടിയിരുന്ന 6 വിമാനങ്ങൾ ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടു. 2 രാജ്യാന്തര സർവീസുകൾ ഉൾപ്പെടെയാണിത്. 9 വിമാനങ്ങൾ വൈകി.

കോൺക്രീറ്റ് വനമായി മാറിയ നഗരത്തിൽ ഓരോ മഴക്കാലവും വെള്ളപ്പൊക്കം വിതയ്ക്കുമ്പോൾ മാത്രമാണ് അധികൃതർ ഉണരുന്നത്. കഴിഞ്ഞ 29ന് നഗരം വെള്ളക്കെട്ടിലായതിനെ തുടർന്ന് മഴവെള്ള കനാൽ കയ്യേറിയുള്ള അനധികൃത നിർമ്മാണങ്ങൾ നീക്കി സർക്കാർ നടപടിയെടുക്കുന്നതിനിടെയാണ് മഴ പരീക്ഷണങ്ങൾ തുടരുന്നത്. ദേവനഹള്ളിയിൽ കുന്നിൻപുറത്തുള്ള വിമാനത്താവളത്തെ പോലും മുട്ടോളമെത്തിയ വെള്ളക്കെട്ട് വെറുതെവിട്ടില്ല. വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ വലിയ ബാഗുകളും ചുമന്ന് ജനം വലയുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.

വൈറ്റ്ഫീൽഡിൽ വെള്ളക്കെട്ടിൽ അകപ്പെട്ട ബസിനെ ജനം കയറുകെട്ടി വലിക്കുന്നതും കാറുകളും ബസുകളും നാലടിയോളം വെള്ളത്തിൽ നിന്നു തുഴഞ്ഞു കയറാൻ പണിപ്പെടുന്നതും ഈ ദൃശ്യങ്ങളിലുണ്ട്.

2016 മുതൽ വെള്ളപ്പൊക്കം നഗരത്തിൽ തുടരുകയാണ്. 2016ൽ ബൊമ്മനഹള്ളി മേഖലയിൽ പ്രളയത്തെ തുടർന്ന് ബിബിഎംപിയുടെ വിവിധ സോണുകളിലായി മഴവെള്ള കനാലുകളും ഓടകളും കയ്യേറി നിർമ്മിച്ച ആയിരത്തിലധികം കെട്ടിടങ്ങൾ സിദ്ധരാമയ്യ സർക്കാർ ഇടിച്ചുനിരത്തിയിരുന്നു.

എന്നാൽ മാളുകളും വ്യവസായ സ്ഥാപനങ്ങളും ഉൾപ്പെടെ വലിയ കെട്ടിടങ്ങൾക്കു നേരെ ബുൾഡോസറുകൾ തിരിഞ്ഞപ്പോൾ കോടതികളെ കൂട്ടുപിടച്ച് അവർ തടയിട്ടു. പിന്നെ ഇടിച്ചു നിരത്തൽ അധികം മുന്നോട്ടു പോയില്ല.

വീണ്ടും വെള്ളപ്പൊക്കത്തെ മഹാനഗരം അഭിമുഖീകരിച്ചതോടെ ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. സംസ്ഥാനത്തെ മുൻ ജെഡിഎസ്-കോൺഗ്രസ് സർക്കാരാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കുറ്റപ്പെടുത്തി. 'മുൻ കോൺഗ്രസ് സർക്കാരിന്റെ ആസൂത്രിതമല്ലാത്ത ഭരണം മൂലമാണ് ഇത് സംഭവിച്ചത്. തടാകങ്ങളിലും ബഫർ സോണിലും അവർ വലത്തോട്ടും ഇടത്തോട്ടും മധ്യഭാഗത്തും അനുമതി നൽകി.' ബസവരാജ് ബൊമ്മൈ ആരോപിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

കിഴക്കൻ ബെംഗളൂരുവിലെ യെമാലൂർ-ബെല്ലന്തൂർ ഇടനാഴിയിൽ തിങ്കളാഴ്ച രാവിലെ, നിരവധി കമ്പനികളുടെ ഉയർന്ന എക്സിക്യൂട്ടീവുകൾ - സിഇഒമാർ, സിഒഒമാർ, സിഎഫ്ഒമാർ എന്നിവർ വെള്ളപ്പൊക്കത്തിൽ നിന്നും സുരക്ഷിത യാത്രയ്ക്കായി ട്രാക്ടർ സവാരി നടത്തുന്ന അസാധാരണ കാഴ്ച കാണേണ്ടതായിരുന്നു.

ഇതിനിടെ ബെംഗളൂരു നഗരത്തെ ഇപ്പോൾ വെള്ളക്കെട്ടിലാക്കിയ 500 മഴവെള്ള അഴുക്കുചാലുകളുടെ കൈയേറ്റം ബെംഗളൂരു പൗരസമിതി കണ്ടെത്തി. ഇതിനിടെ നഗരത്തിൽ വെള്ളപ്പൊക്കം രൂക്ഷമായതോടെ കമ്പനികൾ വർക്ക് ഫ്രം ഹോം ക്രമീകരണം വീണ്ടും കൊണ്ടുവരുന്നു.

ഭരണാധികാരികളുടെ ഉൾക്കാഴ്ചയില്ലായ്മ മൂലം ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനമായ ബെംഗളൂരുവിനെ നാണക്കേടിന്റെ തലസ്ഥാനമാക്കിയതായി സാമൂഹ്യമാധ്യമങ്ങളിൽ ചിലർ അഭിപ്രായപ്പെട്ടു. നഗരത്തിലേക്കുള്ള കാവേരി ജലവിതരണം നിയന്ത്രിക്കുന്ന ടി കെ ഹള്ളിയിലെ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) പമ്പിങ് സ്റ്റേഷൻ ഇപ്പോൾ വെള്ളത്തിനടിയിലാണ്.അതിനാൽ 50 ലധികം പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കില്ലെന്ന് അറിയിപ്പുണ്ട്.