ലണ്ടന്‍: ദീര്‍ഘദൂര യാത്രയ്ക്കായി ഏറ്റവും മികച്ചതും മോശപ്പെട്ടതുമായ വിമാന സര്‍വ്വീസുകളുടെ ഏറ്റവും പുതിയ റാങ്കിംഗ് പുറത്തു വന്നു. മൊത്തം 19 വിമാനക്കമ്പനികളുടെ വിവരങ്ങളാണ് പട്ടികയില്‍ ഉള്ളത്. അമേരിക്കന്‍ എയര്‍ലൈന്‍സ് ഈ പട്ടികയില്‍ പത്തൊന്‍പതാം സ്ഥാനത്തെത്തി ദീര്‍ഘദൂര യാത്രയ്ക്ക് ഒട്ടും അനുയോജ്യമല്ലാത്ത സര്‍വ്വീസായി മാറിയപ്പോള്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് പതിനെട്ടാം സ്ഥാനത്തെത്തി ഇവരുടെ മുഖ്യ എതിരാളികളായ ഡെല്‍റ്റ എയര്‍ലൈന്‍സ് പക്ഷെ ഒമ്പതാം സ്ഥാനം കരസ്ഥമാക്കി. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തന്നെയാണ് ദീര്‍ഘദൂരയാത്രയ്ക്ക് ഏറെ സൗകര്യപ്രദം എന്ന് ഈ വര്‍ഷവും കൂടുതല്‍ പേര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

ഖത്തര്‍ എയര്‍വെയ്‌സ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ കാത്തെ പസഫിക്കിനാണ് മൂന്നാം സ്ഥാനം. ട്രാവല്‍ ഇന്‍ഷുറന്‍സ് സ്ഥാപനമായ മണി സൂപ്പര്‍മാര്‍ക്കറ്റ് ആണ് ഈ സൂചിക തയ്യാറാക്കിയിരിക്കുന്നത്. ഏവിയേഷന്‍ ബെഞ്ച്മാര്‍ക്കിംഗ് സ്ഥാപനമായ സ്‌കൈട്രാക്സിലെ റേറ്റിംഗുകള്‍, അതുപോലെ റിവ്യൂ പ്ലാറ്റ്‌ഫോം ആയ എയര്‍ലൈന്‍ ക്വാളിറ്റിയിലെ റീവ്യൂകള്‍, ട്രിപ് അഡ്വൈസര്‍, ട്രസ്റ്റ് പൈലറ്റ് തുടങ്ങിയവയിലെ ഉപഭോക്താക്കളുടെ കമന്റുകള്‍ എന്നിവയ്ക്കൊപ്പം യു കെയിലെ ഉപഭോക്തൃ സംഘടനയായ വിച്ചിന്റെ, സമയ കൃത്യതയെ കുറിച്ചുള്ള റിപ്പോര്‍ട്ടു കൂടി വിശകലനം ചെയ്താണ് ഈ സൂചിക തയ്യാറാക്കിയിരിക്കുന്നത്.

സമയകൃത്യത, വിശ്വാസ്യത, മൂല്യം, ട്രസ്റ്റ് പൈലറ്റ് സ്‌കോര്‍, ട്രിപ് അഡ്വൈസര്‍ സ്‌കോര്‍, സ്‌കൈട്രാക്‌സ് സ്‌കോര്‍, സീറ്റ്, വിനോദോപാധികള്‍, ജീവനക്കാരുടെ സേവനം, ഭക്ഷണ പാനീയങ്ങള്‍ എന്നിങ്ങനെ 10 വിഭാഗങ്ങളില്‍ വിശദമായ പഠനം നടത്തി വിമാനക്കമ്പനികള്‍ക്ക് മാര്‍ക്കുകള്‍ നല്‍കുകയായിരുന്നു. പരമാവധി അഞ്ച് മാര്‍ക്കാണ് നിശ്ചയിച്ചിരിക്കുന്നത്. സ്‌കൈട്രാക്സ് സ്‌കോറില്‍ ഖത്തര്‍ എയര്‍വെയ്‌സ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് എന്നിവര്‍ക്ക് സമയ കൃത്യതയ്ക്ക് ഇരു കമ്പനികള്‍ക്കും അഞ്ചില്‍ നാല് സ്‌കോറുകള്‍ വീതം ലഭിച്ചപ്പോള്‍ ഇരുകൂട്ടര്‍ക്കും മൂല്യത്തിന്റെ കാര്യത്തില്‍ അഞ്ചില്‍ മൊന്ന് സ്‌കോര്‍ വീതം ലഭിച്ചു.

എന്നാല്‍, സീറ്റിന്റെ കാര്യത്തില്‍ ഇവര്‍ ഏറെ പുറകിലേക്ക് തള്ളിപ്പോയി, വെറും 1.5 സ്‌കോര്‍ മാത്രമാണ് ഇക്കാര്യത്തില്‍ ലഭിച്ചത്. അതുപോലെ വിനോദോപാധികള്‍, ജീവനക്കാരുടെ സേവനം, ഭക്ഷണ പാനീയങ്ങള്‍ എന്നിവയിലൊക്കെ വെറും 2 സ്‌കോറുകള്‍ വീതം മാത്രം നേടാനെ ഇവര്‍ക്കായുള്ളു. അതേസമയം, ഇവരുടെ മുഖ്യ എതിരാളിയായ ഡെല്‍റ്റക്ക് സീറ്റിന്റെ കാര്യത്തില്‍ 2 സ്‌കോറും മറ്റിനങ്ങളില്‍ 3 സ്‌കോറും ലഭിച്ചു. ഏതായാലും അമേറിക്കന്‍ ഏയര്‍ലൈന്‍സും, യുണൈറ്റഡും അവരുടെ വിമാനങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ അടുത്ത വര്‍ഷത്തെ സൂചികയില്‍ ഇവരുടെ സ്ഥാനം തികച്ചും വ്യത്യസ്തമായിരിക്കും.

ടി യു ഐ ലിസ്റ്റില്‍ നാലാം സ്ഥനത്തും എമിരേറ്റ്‌സ് അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്. മലേഷ്യന്‍ എയര്‍ലൈന്‍സ് ഏഴാം സ്ഥാനത്തുള്ളപ്പോള്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സ് പന്ത്രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യന്‍ വിമാന കമ്പനികള്‍ ഒന്നും തന്നെ ഈ പത്തൊന്‍പത് വിമാനക്കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ചില്ല.