തിരുവനന്തപുരം: ക്രിസ്തുമസ് കുടിയിലും പൊടിപൊടിച്ചു മലയാളികള്‍. ക്രിസ്മസ് ദിനത്തിലും തലേദിവസവും ബെവ്കോയില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഇക്കുറി ഉണ്ടായത്. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് ഇപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടിരിക്കുന്നത്.

ക്രിസ്മസ് ദിവസം 333 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ക്രിസ്മസ് തലേന്ന് വിറ്റത് 224 കോടിയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 53 കോടി രൂപയുടെ അധികം മദ്യമാണ് ഇത്തവണ വിറ്റത്. കഴിഞ്ഞവര്‍ഷം 279 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.

ക്രിസ്മസിനും തൊട്ടുമുന്‍പുള്ള മൂന്നു ദിവസങ്ങളിലുമായി കേരളത്തില്‍ വിറ്റഴിച്ചത് 791 കോടിയുടെ മദ്യമാണ്. ക്രിസ്മസ് കാലത്തെ റെക്കോര്‍ഡ് വില്‍പ്പനയാണിതെന്ന് വെബ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഓണക്കാലത്ത് 10 ദിവസം കുടിച്ചുതീര്‍ത്തത് 921 കോടി രൂപയുടെ റെക്കോര്‍ഡ് മദ്യമാണ്. 70 കോടി മദ്യക്കുപ്പികളാണ് പ്രതിവര്‍ഷം ശരാശരി വിറ്റഴിക്കുന്നത്.

അതേസമയം ബെവ്കോയുടെ മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം വാങ്ങുമ്പോള്‍ 20 രൂപ അധികം വാങ്ങുകയും കാലിക്കുപ്പി തിരികെ നല്‍കുമ്പോള്‍ പണം തിരിച്ചു നല്‍കുകയും ചെയ്യുന്നതാണ് പദ്ധതി.

പരമാവധി കുപ്പികള്‍ എല്ലാവരും തിരികെ ഏല്‍പ്പിക്കണമെന്നും പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതിയെന്നും ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞിരുന്നു. ജനുവരി ഒന്ന് മുതല്‍ പൂര്‍ണ്ണ തോതില്‍ പ്രാബല്യത്തില്‍ വരുമെന്നും ക്ലീന്‍ കേരള കമ്പനിയുമായാണ് ബെവ്‌കോ ഇതില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.