- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബെവ്കോ ജീവനക്കാര്‍ക്ക് ഓണം 'ബമ്പര്‍'; ബോണസ് ലഭിക്കുക 95,000 രൂപ; കെഎസ്ആര്‍ടിസിക്ക് കണ്ണീരോണം; ഉത്സവബത്തയും ഓണം അഡ്വാന്‍സുമില്ല; ജീവനക്കാരെ പിഴിഞ്ഞ് ദുരിതാശ്വാസനിധി
ബെവ്കോയുടെ ഓണം ബമ്പര്‍, കെഎസ്ആര്‍ടിസിയുടെ കണ്ണീരോണം
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മിക്ക ബോര്‍ഡ് കോര്‍പ്പറേഷനുകളിനെ ജീവനക്കാര്‍ക്കും ഓണം ആഘോഷിക്കാന്‍ നല്ലൊരു തുക ബോണസ് നല്‍കിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ഇത്തവണ കണ്ണീരോണം. ഓണക്കാലത്ത് ബവ്‌റിജസ് കോര്‍പറേഷനില്‍ തൊഴിലാളികള്‍ക്ക് 95,000 രൂപ ബോണസ് ലഭിക്കുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ ഉത്സവബത്തയും ഓണം അഡ്വാന്‍സുമില്ല. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളില്‍ വ്യത്യസ്ത സമീപനം സ്വീകരിക്കുന്നതിനെതിരെ തൊഴിലാളികളും വിവിധ സംഘടനകളും കടുത്ത പ്രതിഷേധത്തിലാണ്.
ആശ്വാസമായി ഇത്തവണ ഒറ്റഗഡുവായി ശമ്പളം നല്‍കിയെങ്കിലും വന്‍തുക ബോണസ് ലഭിച്ച ബെവ്കോ ഉള്‍പ്പെടെയുള്ള മറ്റ് കോര്‍പ്പറേഷനിലെ ജീവനക്കാരെ കണ്ട് നെടുവീര്‍പ്പിടാന്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സിക്കാര്‍ക്ക് യോഗം. ഓണത്തിന് ഉത്സവ ബത്തയും ബോണസും നല്‍കണമെങ്കില്‍ 28.5 കോടിരൂപയാണ് കെ.എസ്.ആര്‍.ടി.സി കണ്ടെത്തേണ്ടത്. ഇതിന് ധനവകുപ്പ് കനിഞ്ഞാല്‍ മാത്രമേ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മനം നിറഞ്ഞ് ഓണമുണ്ണാനാകു. ഇതിനായി കത്ത് നല്‍കിയിരിക്കുകയാണ് കോര്‍പ്പറേഷന്‍.
ബെവ്കോ ജീവനക്കാര്‍ക്ക് ഇത്തവണ 95000 രൂപയാണ് ബോണസ് ആയി ലഭിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നല്ലൊരു തുകയാണ് ഇത്തവണയും ലഭിക്കുക. ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4000 രൂപയും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയുമാണ് നല്‍കിയത്. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നല്‍കി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിച്ചു.
പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ്. കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍ സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഈ വര്‍ഷവും ഉത്സവബത്ത നല്‍കിയിട്ടുമുണ്ട്. അതേസമയം പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സി ജീവനക്കാരോട് ചിറ്റമ്മ നയമാണ്.
ഇത്തവണ ഒന്നിച്ച് ശമ്പളം നല്‍കാന്‍ പാടുപെട്ടാണ് കെ.എസ്.ആര്‍.ടി.സി പണം കണ്ടെത്തിയത്. ഓവര്‍ ഡ്രാഫ്റ്റായി 50 കോടി എടുക്കുകയും ഇന്ധന കമ്പനികള്‍ക്ക് നല്‍കാതെ മാറ്റിവെച്ച തുകയും ചേര്‍ത്താണ് ഇത്തവണ ശമ്പളം ഒറ്റത്തവണയായി നല്‍കിയത്. 74.8 കോടി രൂപയാണ് ഇങ്ങനെ കണ്ടെത്തിയത്. ഓണത്തിന് ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന ഉറപ്പ് പാലിക്കാനാണ് മാനേജ്മെന്റ് ഈ കടുംകൈ ചെയ്തത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി മുഴുവന്‍ ശമ്പളവും ലഭിക്കുന്നത്. 2023 ഫെബ്രുവരി മുതല്‍ രണ്ടു ഗഡുക്കളായാണ് ശമ്പളം നല്‍കുന്നത്. ഇതുപോലും മുടക്കമില്ലാതെ നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് സാധിച്ചിരുന്നില്ല.
ഇത്തവണ ശമ്പളം മുടങ്ങിയാല്‍ പണിമുടക്ക് അടക്കം നടത്താന്‍ ജീവനക്കാരുടെ സംഘടനകള്‍ തീരുമാനിച്ചിരുന്നു. ഏതായാലും ആ പ്രതിസന്ധി ഒഴിവായി. പൂര്‍ണ ശമ്പളം നല്‍കാന്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് ഒറ്റത്തവണയായി 450 കോടി കടമെടുത്ത് പ്രതിസന്ധി പരിഹരിക്കാന്‍ നീക്കം നടത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല. പിന്നാലെ കേരള ബാങ്കില്‍ നിന്ന് പണം കടമെടുക്കാന്‍ ശ്രമിച്ചെങ്കിലും വ്യവസ്ഥകള്‍ വെല്ലുവിളിയായി. അധിക ധനസഹായത്തിനായി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. പക്ഷെ പെന്‍ഷന്‍കാര്‍ക്ക് കൊടുക്കാനുള്ള തുക മാത്രമാണ് കിട്ടിയത്. ഇതോടെയാണ് ഓവര്‍ഡ്രാഫ്റ്റെടുക്കാനും ഇന്ധന കമ്പനികള്‍ക്ക് നല്‍കാനുള്ള പണമെടുക്കാനും കോര്‍പ്പറേഷന്‍ നിര്‍ബന്ധിതമായത്. അടുത്തമാസം മുതല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ തവണ ബവ്‌റിജസ് കോര്‍പറേഷനില്‍ 90,000 രൂപയായിരുന്ന ബോണസാണ് ഇത്തവണ വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസാണിത്. സര്‍ക്കാരിന്റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്റീവ്, എക്‌സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചാണ് നല്‍കുന്നത്. ലാഭവിഹിതമാണ് ബോണസെന്ന പേരില്‍ കൈമാറുന്നത്. ഔട്ട്ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് ബവ്‌കോയിലുള്ളത്. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5000 രൂപയാണ് ബോണസ്.
സര്‍ക്കാരിന് മികച്ച വരുമാനം നല്‍കുന്നതിനാലാണ് ബോണസ് കൂടുതല്‍ നല്‍കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പലതവണ സാമ്പത്തിക സഹായം നല്‍കിയിട്ടും കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടില്ലെന്നും അവര്‍ പറയുന്നു. കെഎസ്ആര്‍ടിസിയില്‍ 24,000 രൂപ മുതല്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് ബോണസിന് അര്‍ഹതയില്ല. ജീവനക്കാര്‍ക്ക് 7500 രൂപ ഓണം അഡ്വാന്‍സും 2750 രൂപ ഉത്സവബത്തയും, താല്‍ക്കാലിക ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 1000 രൂപ വീതവും ഉത്സവബത്ത നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 42,216 പെന്‍ഷന്‍കാര്‍ക്ക് വിതരണം ചെയ്യാനുള്ള മുഴുവന്‍ തുകയും അതത് ജില്ലകളിലേക്ക് കേരള ബാങ്കില്‍നിന്നും കൈമാറിയിട്ടുണ്ട്.
ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ വിതരണത്തിലുള്ള കണ്‍സോര്‍ഷ്യം രൂപീകരിച്ചു റജിസ്ട്രാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കണ്‍സോര്‍ഷ്യത്തിലേക്ക് 69.31 കോടി രൂപ സമാഹരിച്ചാണ് പെന്‍ഷന്‍ നല്‍കിയത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റത്തവണയായി ഇന്നലെ വിതരണം ചെയ്തിരുന്നു. ധനവകുപ്പ് അനുവദിച്ച 30 കോടിയും ദിവസ കലക്ഷനില്‍നിന്നു ശേഖരിച്ച പണവും ചേര്‍ത്താണ് ശമ്പളത്തിനുള്ള 75 കോടി രൂപ കണ്ടെത്തിയത്.
ദുരിതാശ്വാസ നിധിയിലേക്ക് പണംപിടിക്കും
ബോണസും ഉത്സവബത്തയുമില്ലാതെ വലയുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇരുട്ടടിയായി ശമ്പളത്തില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണംപിടിക്കാനും നീക്കം. കെഎസ്ആര്‍ടിസി ജീവനക്കാരുടെ അഞ്ചുദിവസത്തില്‍ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ നിര്‍ദേശം. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ടാണ് പണം നല്‍കാനുള്ള നിര്‍ദേശം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് നിര്‍ബന്ധമല്ലെന്നാണ് ഇതിനായി പുറത്തിറങ്ങിയ കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നത്. തുക ഈടാക്കാനായി സമ്മതപത്രം ജീവനക്കാരില്‍ നിന്നും സ്വീകരിക്കും. അഞ്ചുദിവസത്തെ വേതനം സംഭാവന ചെയ്യുന്നവര്‍ക്ക് 3 ഗഡുക്കളായി തുക നല്‍കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കുന്ന തുക സെപ്റ്റംബര്‍ മാസത്തെ ശമ്പളം മുതല്‍ കുറവ് ചെയ്യും. ജീവനക്കാര്‍ക്ക് പിഎഫില്‍ നിന്നും തുക അടയ്ക്കാമെന്നും നിര്‍ദേശമുണ്ട്.
സെപ്റ്റംബറിലെ ശമ്പളം അടുത്തമാസമാണ് ലഭിക്കുക. ഈ ശമ്പളത്തില്‍ നിന്നാണ് പണം അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒന്നര വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഓണത്തിന് ജീവനക്കാര്‍ക്ക് ഒറ്റ ഗഡുവായി മുഴുവന്‍ ശമ്പളം ലഭിച്ചത്. മറ്റ് സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസും ഉത്തവബത്തയുമൊക്കെ ലഭിച്ചപ്പോഴും ശമ്പളമെങ്കിലും ലഭിക്കുന്നുണ്ടല്ലോ എന്ന ആശ്വാസത്തിലിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പോക്കറ്റടിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ.
സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ശമ്പളം പിടിക്കുവെന്ന് പറയുന്നുണ്ടെങ്കിലും ഇത് പറഞ്ഞ മറ്റ് സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനൗദ്യോഗിക നിര്‍ബന്ധിത പിരിവാണ് ഫലത്തില്‍ വന്നത്. ഇത് തന്നെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുദിവസത്തെ വേതനത്തിന് പകരം ഇഷ്ടമുള്ള തുക സംഭാവന ചെയ്യാന്‍ അവസരമില്ല. ഇത് തന്നെയാണ് മറ്റ് വകുപ്പ് ജീവനക്കാരും നേരിടേണ്ടി വന്നത്.