കൊച്ചി: ഭൂട്ടാന്‍ കാര്‍ കള്ളക്കടത്തുകേസില്‍ താരങ്ങളെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തയ്യാറെടുക്കുന്നത് പ്രാഥമിക തെളിവു ശേഖരണത്തിന് ശേഷം. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡി അന്വേഷണം. അതിവേഗ നീക്കങ്ങള്‍ ഇഡി നടത്താനാണ് സാധ്യത.

ഭൂട്ടാന്‍ വാഹനക്കടത്ത് അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ കസ്റ്റംസ് പ്രിവന്റീവ് തയ്യാറെടുക്കുന്നുണ്ട്. നടന്‍ ദുല്‍ഖര്‍ സല്‍മാന്റേതുള്‍പ്പെടെ 43 വാഹനം മാത്രമാണ് ഇതുവരെ കസ്റ്റംസ് പിടിച്ചെടുത്തതും രേഖകള്‍ പരിശോധിച്ചതും. ഭൂട്ടാനില്‍നിന്ന് കേരളത്തിലേക്ക് 220 എസ്യുവികള്‍ എത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. തങ്ങളുടെ വാഹനം ഭൂട്ടാനില്‍ നിന്നുള്ളതാണെന്ന സംശയത്തില്‍ ചില പ്രമുഖര്‍ കസ്റ്റംസിനെ സമീപിച്ചിട്ടുണ്ട്. കേസില്‍ പ്രതിയാകാതിരിക്കാനുള്ള തന്ത്രമായി ഇതിനെ കാണുന്നുണ്ട്. ഇവരേയും വിശദമായി ചോദ്യം ചെയ്യും. ഇന്ത്യന്‍ ആഭ്യന്തര സെക്രട്ടറി രാജേന്ദ്രകുമാറും ഭൂട്ടാന്‍ ആഭ്യന്തര സെക്രട്ടറി സോനം വാംഗിയലും തമ്മില്‍നടന്ന ചര്‍ച്ചയില്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഭൂട്ടാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇഡി അന്വേഷണം നിര്‍ണ്ണായകമാണ്.

വ്യാജരേഖകള്‍ വഴി കാര്‍ ഇറക്കുമതി ചെയ്തെന്നു കണ്ടെത്തിയ നടന്‍ അമിത് ചക്കാലയ്ക്കല്‍ അടക്കമുള്ളവര്‍ക്ക് അന്വേഷണസംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. നടന്‍ ദുല്‍ഖറിനെയും നോട്ടീസ് നല്‍കി വിളിപ്പിക്കും. താരങ്ങളുടെ വീടുകളിലെ റെയ്ഡിനു പിന്നാലെയാണ് നടപടി. പ്രഥ്വിരാജിന്റെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്കു വാഹനമെത്തിച്ച ഇടനിലക്കാര്‍, കച്ചവടക്കാര്‍, വാഹനം വാങ്ങിയവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഭൂട്ടാന്‍ കാര്‍ കള്ളക്കടത്തിലെ കളളപ്പണ ഇടപാടാണ് ഇഡി പരിശോധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കാന്‍ ഈ വഴി സ്വീകരിച്ചുവെന്നാണ് ഇഡിയുടെ നിഗമനം.

കസ്റ്റംസ് നടത്തിയ 'ഓപ്പറേഷന്‍ നുംഖോര്‍' പരിശോധനയിലാണ് സമീപകാലത്ത് ഭൂട്ടാനുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഏറ്റവും വലിയ വാഹന** കള്ളക്കടത്ത് മറനീക്കിയത്. ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ ഭൂട്ടാനില്‍ നിന്ന് കടത്തിയ വാഹനങ്ങള്‍ പല കൈമറിഞ്ഞ് കേരളത്തില്‍ എത്തിച്ച് ഉപയോഗിക്കുന്നതായി കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.നാല്‍പ്പതോളം വാഹനങ്ങളാണ് സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഇതുവരെ പിടിച്ചെടുത്തത്. 200ഓളം വാഹനങ്ങള്‍ കേരളത്തില്‍ എത്തിച്ചിട്ടുണ്ടാകാം എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ബാക്കിയുള്ളവ കണ്ടെത്താന്‍ മോട്ടോര്‍വാഹന വകുപ്പടക്കമുള്ളവരുടെ സഹായം കസ്റ്റംസ് തേടിയിട്ടുണ്ട്. പക്ഷേ എങ്ങുമെത്തിയില്ല അന്വേഷണം. ഇതിനിടെയാണ് ഇഡി അന്വേഷിക്കാന്‍ എത്തിയത്.

ഭൂട്ടാനില്‍നിന്ന് ഇന്ത്യയിലേക്ക് വര്‍ഷങ്ങളായി വന്‍തോതില്‍ എസ്യുവികള്‍ കടത്തുന്നുണ്ടെന്നും ആര്‍ടിഒ ഓഫീസുകളില്‍ വ്യാജരേഖകള്‍ കാണിച്ച് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും കൊച്ചി കസ്റ്റംസ് പ്രിവന്റീവിന് ഒരുവര്‍ഷം മുന്‍പ് വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍നടന്ന അന്വേഷണം കോയമ്പത്തൂരിലെ ഷൈന്‍ മോട്ടോര്‍സിലാണ് എത്തിയത്. ഭൂട്ടാന്‍ സര്‍ക്കാരിന്റെ വ്യാജ എതിര്‍പ്പില്ലാരേഖ (എന്‍ഒസി) കാണിച്ചാണ് ഇന്തോ-ഭൂട്ടാന്‍ അതിര്‍ത്തിയിലൂടെ ഈ വാഹനങ്ങള്‍ കടത്തിയത്. വ്യാജരേഖ നിര്‍മിച്ചതിനുപിന്നില്‍ ഭൂട്ടാന്‍ പൗരനും വമ്പന്‍ വാഹന ഇടപാടുകാരനുമായ ഷാ കിന്‍ലേയും ഭൂട്ടാന്‍ മുന്‍ കരസേനാ ഉദ്യോഗസ്ഥനുമാണ്. കസ്റ്റംസും ഇഡിയും കേരളത്തിലും തമിഴ്നാട്ടിലും നടത്തിയ റെയ്ഡുകളില്‍ ഈ എന്‍ഒസികളടക്കം പിടിച്ചെടുത്തിട്ടുണ്ട്.

ഭൂട്ടാന്‍ വഴി ഇന്ത്യയിലേക്കുള്ള ആഡംബര കാര്‍ കടത്തിന് ഇന്‍ഡോ-ഭൂട്ടാന്‍ കാര്‍ റാലികളും കള്ളക്കടത്തു റാക്കറ്റ് കുറുക്കുവഴിയാക്കിയിരുന്നു. ഓരോ തവണയും റാലിയില്‍ പങ്കെടുക്കുന്നതു 30 മുതല്‍ 50 വരെ കാറുകളാണെങ്കിലും റാലിയുടെ സ്റ്റിക്കര്‍ പതിച്ച നൂറിലധികം കാറുകള്‍ അകമ്പടിയായി റാലിയില്‍ പങ്കെടുക്കും. ഇത്തരത്തില്‍ പരിശോധന ഒഴിവാക്കി കള്ളക്കടത്തു കാറുകളും അതിര്‍ത്തി കടക്കുന്നതായി കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. റാലിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ കാറുകള്‍ക്കും ജിപിഎസ് സംവിധാനമുണ്ടെങ്കിലും അകമ്പടി കാറുകള്‍ക്ക് അതു നിര്‍ബന്ധമില്ല. ഇതാണ് കടത്തിന് മറയാക്കിയത്.