- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ അമ്പത് രൂപ വെച്ച് നീട്ടിയിരുന്നില്ലെങ്കില് ഞാനും മറ്റൊരു അര്ജുന് ആകുമായിരുന്നു; ഷിരൂരില്‍ ബിബിന്റെ ജീവന് കാത്തത് പഞ്ചറൊട്ടിച്ചതിന്റെ വില പേശല്‍
കോതമംഗലം: അര്‍ജുനെ പോലെ തന്നെ ലോഡുമായി ഷിരൂര്‍ വഴി മഹാരാഷ്ട്രയിലേക്ക് ഓട്ടം പോയതായിരുന്നു ബിബിന്‍ ബോസ് (33). തലനാരിഴയ്ക്കാണ് ആ വന്‍ അപകടത്തില്‍ നിന്നും ബിബിന്‍ രക്ഷപ്പെട്ടത്. ബിബിന്റെ ജീവന് രക്ഷിച്ചതാവട്ടെ വണ്ടി പഞ്ചറൊട്ടിച്ചതിന് ശേഷം കടക്കാരനുമായി നടത്തിയ വില പേശലും. വണ്ടിയില്‍ കയറി ഓടിച്ചു പോകാന്‍ തുടങ്ങുന്ന സമയത്താണ് കടക്കാരന് 50 രൂപ വെച്ച് നീട്ടിയത്. ആ പൈസ വാങ്ങാന്‍ വണ്ടി നിര്‍ത്തി താഴേയ്ക്ക് ഇറങ്ങിയില്ലായിരുന്നെങ്കില്‍ അര്‍ജുനെ പോലെ തന്നെ ബിബിനായും തിരച്ചില്‍ നടത്തേണ്ടി വന്നേനെ.
അങ്കോളയ്ക്ക് സമീപം ഷിരൂരില്‍ മലയിടിഞ്ഞുണ്ടായ ദുരന്തത്തില്‍നിന്ന് നിമിഷത്തിന്റെ വ്യത്യാസത്തിലാണ് താന്‍ രക്ഷപ്പെട്ടതെന്ന് ബിബിന്‍ ബോസ് പറയുന്നു. ഒരു നടുക്കത്തോടെയാണ് ബിബിന്‍ ആ സംഭവം വിവരിക്കുന്നത്. മഹാരാഷ്ട്രയ്ക്ക് കൊക്കോ ലോഡുമായി പോയതായിരുന്നു ബിബിന്‍. കടക്കാരനില്‍ നിന്നും 50 രൂപ വാങ്ങാന്‍ താഴേക്ക് ഇറങ്ങി വരുമ്പോഴാണ് മലയിടിഞ്ഞുവരുന്നത് കണ്ടത്. കണ്മുന്നില് കണ്ട ആ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നും ബിബിന്‍ ഇനിയും മോചിതനായിട്ടില്ല.
അപകട സ്ഥലത്തിന് തൊട്ടടുത്ത് വെച്ച് ബിബിന്റെ ലോറി പഞ്ചറായി. ഇത് നന്നാക്കിയതിന് കടക്കാരന് 2000 രൂപയാണ് വാങ്ങിയത്. പണം കൊടുക്കാന്‍ നേരത്ത് അന്‍പത് രൂപ കുറച്ചുതരുമോയെന്ന് ചോദിച്ചു. കുറച്ച് നേരം തര്‍ക്കിച്ചെങ്കിലും പണം കിട്ടുന്ന ലക്ഷണമൊന്നും കാണാത്തതിനാല്‍ തിരികെ ലോറിയില്‍ കയറി. അപ്പോഴാണ് കടക്കാരന് 50 രൂപ എടുത്തുനീട്ടിയത്. ലോറിയില്‍നിന്നിറങ്ങി പണം വാങ്ങാന്‍ കടയ്ക്കു മുന്നിലെത്തിയപ്പോഴാണ് മുന്നിലായി മല ഇടിഞ്ഞുവരുന്നത് കണ്ടത്. ഈ കാഴ്ച കണ്ട ബിബിന്‍ നടുങ്ങിപ്പോയി.
ബിബിന്‍ തന്റെ ലോറി കുറച്ചുദൂരത്തേക്ക് മാറ്റിയിട്ടു. മടങ്ങിയെത്തിയപ്പോഴാണ് ഗ്യാസുമായെത്തിയ ഒരു ടാങ്കര്‍ലോറി മലയടിവാരത്തില്‍ കിടക്കുന്നത് കണ്ടത്. ഡ്രൈവര്‍ ഉണ്ടായിരുന്നില്ല. നോക്കിയപ്പോള്‍ താക്കോലുണ്ട്. ബിബിന്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആ ടാങ്കര്‍ലോറിയും കുറേ ദൂരേക്ക് മാറ്റിയിട്ടു. അതല്ലെങ്കില്‍ പിന്നീടുണ്ടായ മണ്ണിടിച്ചിലില്‍ ടാങ്കറും അകപ്പെടുമായിരുന്നു. എന്നാല്‍ ചായക്കടയില്‍ ചായ കുടിക്കുകയായിരുന്ന ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ മരണപ്പെട്ടുവെന്നത് ബിബിന്‍ വേദനയായി അവശേഷിക്കുന്നു.
അപകടത്തില്‍ ചായക്കടയും അവിടെയുണ്ടായിരുന്നവരും പുഴയിലേക്ക് തെറിച്ചുവീണു. പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു ഗ്യാസ് ടാങ്കറും അതിശക്തമായാണ് പുഴയിലേക്ക് പതിച്ചത്. ഇതേത്തുടര്‍ന്ന് പുഴയിലെ വെള്ളം കരയിലേക്ക് അടിച്ചുകയറി. മലയിലുണ്ടായിരുന്ന മൊബൈല്‍ ടവര്‍ പൊങ്ങിത്തെറിച്ചു. കാണാതായ അര്ജുന് ഓടിച്ച തടി ലോറി ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ബിബിന്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് ബിബിന്‍ വീട്ടില്‍ തിരിച്ചെത്തിയത്.
കൂറ്റംവേലി ചിറ്റിലപ്പിള്ളി ബിബിന്‍ ബോസ് 12 വര്‍ഷമായി ഇതര സംസ്ഥാനങ്ങളിലേക്ക് ലോറിയുമായി പോകുന്നതാണ്. ബിബിനൊപ്പം സഹഡ്രൈവര്‍ അടിമാലി സ്വദേശി അഭിലാഷും ലോറിയില്‍ ഉണ്ടായിരുന്നു. മണ്ണിടിഞ്ഞിടത്തുനിന്ന് 150 മീറ്റര്‍ മാറിയായിരുന്നു ലോറി.