- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിതീഷ് കാ നാം, മോദി കാ കാം' മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് 'വികാസ് വിശ്വാസ് 'ഫോര്‍മുലയുമായി ബിജെപി; 40-50 സീറ്റ് ചോദിച്ച് ഇടഞ്ഞുനില്‍ക്കുന്ന ചിരാഗ് പാസ്വാന്റെ എല്‍ജെപി പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജുമായി കൈകോര്‍ക്കുമോ എന്ന് എന്‍ഡിഎയ്ക്ക് ആശങ്ക; പ്രശാന്ത് കിഷോറിനെ ഒതുക്കാന്‍ ബദല്‍ തന്ത്രവുമായി ബിജെപി; രാഹുലിന്റെ 'വോട്ട് ചോരി'; ബിഹാറില്‍ ചൂട് പിടിച്ച് തിരഞ്ഞെടുപ്പ് കളം
ബിഹാറില്‍ ചൂട് പിടിച്ച് തിരഞ്ഞെടുപ്പ് കളം
പാറ്റ്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ വികാസ്-വിശ്വാസ് ഫോര്‍മുല വീണ്ടും പരീക്ഷിക്കാന്‍ ബിജെപി. 'വികസനവും വിശ്വാസവും' എന്ന മുദ്രാവാക്യത്തെ കേന്ദ്രീകരിച്ചായിരിക്കും പാര്‍ട്ടിയുടെ പ്രചാരണ തന്ത്രം. 'നിതീഷ് കാ നാം, മോദി കാ കാം' എന്ന മുദ്രാവാക്യവും ബിജെപി തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കും. കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ പ്രകടനം ഉയര്‍ത്തിക്കാട്ടുന്നതിനോടൊപ്പം, എന്‍ഡിഎയിലെ സ്ഥിരതയുടെ മുഖമായി മുഖ്യമന്ത്രി നിതീഷ് കുമാറിനെ പിന്തുണയ്ക്കുക എന്നതും ബിജെപി ലക്ഷ്യമിടുന്നു.
താഴെത്തട്ടില്‍, പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഉഷാറാക്കുന്നതിന്റെ ഭാഗമായി, 40 ലോക്‌സഭാ മണ്ഡലങ്ങളെ മൂന്നായി തിരിച്ച് മൂന്ന് പ്രധാനപ്പെട്ട നേതാക്കള്‍ക്ക് പ്രചാരണ ചുമതല നല്‍കും. 243 നിയമസഭാ മണ്ഡലങ്ങളിലും പ്രചാരണം ഏകോപിപ്പിക്കുന്നതിനാണ് ഈ നീക്കം.
മുഖ്യതിരഞ്ഞെടുപ്പ് ചുമതല കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ്. അദ്ദേഹം, 87 നിയമസഭാ സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന 14 ലോക്‌സഭാ മണ്ഡലങ്ങളുടെ മേല്‍നോട്ടം വഹിക്കും. സിആര്‍ പാട്ടീലിനും കേശവ് പ്രസാദ് മൗര്യയ്ക്കും 13 ലോക്‌സഭാ മണ്ഡലങ്ങള്‍ വീതം നല്‍കിയിട്ടുണ്ട്. ഏകദേശം 78 നിയമസഭാ സീറ്റുകളാണ് ഇവര്‍ക്ക് വിഭജിച്ച് നല്‍കിയിരിക്കുന്നത്.
കതിഹാര്‍, പൂര്‍ണിയ, അരാരിയ, ബെഗുസാരായി, ഭഗല്‍പൂര്‍, മുഗര്‍, കിഷന്‍ഗഞ്ച്, സമസ്തിപൂര്‍, മധേപുര, ജാമുയി, സൊപോള്‍, നവാഡ, ഖാഗരിയ എന്നിവിടങ്ങളിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സിആര്‍ പാട്ടീല്‍ ഏകോപിപ്പിക്കും. കിഴക്കന്‍, പടിഞ്ഞാറന്‍ ചമ്പാരന്‍, സിവന്‍, സരണ്‍, ഗോപാല്‍ഗഞ്ച്, ശിവര്‍, മഹാരാജ്ഗഞ്ച്, മുസാഫര്‍പൂര്‍, ഹാജിപൂര്‍, വൈശാലി, ബക്‌സര്‍, വാല്‍മീകിനഗര്‍ എന്നീ മണ്ഡലങ്ങള്‍ കേശവ് പ്രസാദ് മൗര്യയുടെ ചുമതലയായിരിക്കും. ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന സീറ്റുകള്‍ക്ക് പുറമെ, എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന എല്ലാ സീറ്റുകളിലും ഇവര്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.
എന്‍ഡിഎയില്‍ സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ വ്യാഴാഴ്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിരാഗ് പാസ്വാന്‍ അന്ന് ധര്‍മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച( എച്ച് എ എം) യ്ക്ക് 10 സീറ്റ് നല്‍കിയേക്കും. ഉപേന്ദ്ര കുശ് വാഹയുടെ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി ( ആര്‍ എല്‍ പി) ക്ക് ഏഴു സീറ്റ് കിട്ടിയേക്കും. ചിരാഗ് പാസ്വാന്റെ എല്‍ ജെ പി ( രാം വിലാസ്) ക്ക് 20-25 സീറ്റ് നല്‍കാനാണ് ബിജെപിയും ജെഡിയും ആലോചിക്കുന്നത്. 40-50 സീറ്റ് വേണമെന്നാണ്് ചിരാഗിന്റെ കണക്കുകൂട്ടല്‍.
ഇടഞ്ഞ ചിരാഗ് പാസ്വാനെ അനുനയിപ്പിക്കാനാകുമോ?
എന്‍ഡിഎയില്‍ കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാനും അദ്ദേഹത്തിന്റെ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി)യും ഇടഞ്ഞുനില്‍ക്കുന്നത് ബിജെപിക്ക് തലവേദനയാണ്. രാഷ്ട്രീയത്തില്‍ വാതിലുകള്‍ എപ്പോഴും തുറന്നുകിടക്കുകയാണെന്ന് പറഞ്ഞ ചിരാഗ് പാസ്വാന്‍, രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ 'ജന്‍ സുരാജ്' പാര്‍ട്ടിയുമായി സഖ്യ സാധ്യത തള്ളിക്കളയുന്നില്ലെന്ന് വ്യക്തമാക്കിയതാണ് എന്‍ഡിഎ നേതൃത്വത്തെ അലോസരപ്പെടുത്തുന്നത്.
എന്‍ഡിഎയിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ എല്‍ജെപി 40 നും 50 നും ഇടയില്‍ സീറ്റുകളാണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ച് സീറ്റുകളിലും വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം. എന്നാല്‍, ബിജെപി 25ല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ തയ്യാറല്ല. അതേസമയം, മുഖ്യമന്ത്രി നിതീഷ് കുമാറും ചിരാഗ് പാസ്വാനുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് എല്‍ജെപി ഒറ്റയ്ക്ക് മത്സരിച്ചത് നിതീഷിന്റെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയിരുന്നു.
അനുനയത്തിന്റെ ഭാഗമായി എല്‍ജെപിക്ക് രാജ്യസഭാ, എംഎല്‍സി സീറ്റുകള്‍ വാഗ്ദാനം ചെയ്‌തെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചിരാഗ് പാസ്വാന്‍ ഇത് സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന തന്റെ സ്വാധീനത്തിന് അനുസരിച്ചുള്ള നിയമസഭാ സീറ്റുകളാണ് തന്റെ പാര്‍ട്ടി ആവശ്യപ്പെടുന്നതെന്ന് എല്‍ജെപി നേതാക്കള്‍ അവകാശപ്പെടുന്നു.
പ്രശാന്ത് കിഷോറിനെതിരെ ബദല്‍ തന്ത്രം
പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയുമായി ചിരാഗ് പാസ്വാന്‍ കൈകോര്‍ക്കുന്നത് അദ്ദേഹത്തിന് എത്രത്തോളം ഗുണകരമാകുമെന്ന് കണ്ടറിയണം. ഈ സഖ്യം വഴി കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും, ഒരു പുതുമുഖ പാര്‍ട്ടിയുമായി സഹകരിക്കുന്നത് ചിരാഗ് പാസ്വാന് മുഖ്യമന്ത്രിയാകാനുള്ള സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ നീക്കം എല്‍ജെപിയുടെ വിലപേശല്‍ തന്ത്രമാണെന്നും സൂചനയുണ്ട്.
ഇതിനിടെ സംസ്ഥാനത്തെ 243 സീറ്റുകളില്‍ 200 എണ്ണം ബിജെപിയും ജെഡിയുവും വീതിച്ചെടുക്കാന്‍ ധാരണയായെന്ന റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും നേതാക്കള്‍ സ്ഥിരീകരിച്ചിട്ടില്ല. പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിക്ക് എതിരെ ബദല്‍ തന്ത്രത്തിന്റെ പണിപ്പുരയിലാണ് ബിജെപി. അഞ്ച് മുതല്‍ 7 വരെ സീറ്റുകള്‍ ജന്‍ സുരാജ് നേടാനുളള സാധ്യത ബിജെപി തള്ളിക്കളയുന്നില്ല. പ്രശാന്ത് കിഷോറിനെയും പാര്‍ട്ടിയെയും യാഥാര്‍ഥ്യങ്ങളില്‍ നിന്ന് അകന്ന വെറും സാമൂഹിക മാധ്യമ പോരാളികളായി കുറച്ചുകാട്ടാനാണ് ബിജെപിയുടെ ശ്രമം. ബ്രാഹ്‌മണ സമുദായാംഗമായ പ്രശാന്ത് കിഷോര്‍ ബിഹാറിന്റെ ഗ്രാമീണ മേഖലയില്‍ വലിയ ചലനമുണ്ടാക്കില്ലെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. അദ്ദേഹത്തിന്റെ വോട്ടര്‍മാര്‍ കൂടുതലും നഗരങ്ങളിലെ യുവാക്കളായിരിക്കും. ബിജെപി പുതിയ തന്ത്രങ്ങളുമായി പ്രചാരണ രംഗത്ത് സജീവമാകുന്നതിനിടയില്‍, മുന്നണികള്‍ വിജയത്തിനായി കഠിനമായ പോരാട്ടത്തിലാണ്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവ അടങ്ങിയ മഹാമുന്നണി, പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും മത്സര രംഗത്തുണ്ട്. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് കവര്‍ച്ച( ചോരി) ആരോപണം പ്രചാരണത്തില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. നവംബര്‍ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് നവംബര്‍ 14ന് ഫലം പ്രഖ്യാപിക്കുന്നതോടെ പൂര്‍ത്തിയാകും.